Breaking News

Trending right now:
Description
 
Jan 29, 2014

കണ്‍ചിമ്മാനാവാതെ ലവിത, കണ്ണായി അച്ഛനും അമ്മയും

image
ആദ്യത്തെ കണ്‍മണി ആരാകണമെന്നു ലൈബിനും അനിതയും ഏറെ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ആ സ്വപ്‌നങ്ങളൊന്നുമില്ലാതെ അവര്‍ ഇന്നും സഞ്ചരിക്കുകയാണ്‌. തന്റെ പൊന്നോമനയെ കണ്ടു നാട്ടുകാര്‍ കണ്ണു പൊത്തുമ്പോള്‍ വിങ്ങുന്ന ഹൃദയവുമായി ആശുപത്രികളില്‍ നിന്നു ആശുപത്രികളിലേക്ക്‌. രോഗം എന്തെന്നറിയില്ലെന്ന്‌ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുമ്പോള്‍ നാട്ടുകാര്‍ കൈചൂണ്ടുന്ന ഏത്‌ ദിക്കിലേക്കും പായുകയാണ്‌ കഴിഞ്ഞ പതിനഞ്ചു മാസമായി.

ലവിത എന്ന പതിനഞ്ചുമാസം പ്രായമുള്ള ഇവരുടെ കുഞ്ഞിന്‌ ജന്മനാതന്നെ അപൂര്‍വ്വ രോഗം ബാധിച്ചത്‌. ശരീരത്തില്‍ നിന്ന്‌ ചര്‍മ്മം ശല്‍ക്കങ്ങളായി ഇളകി പോകുകയും കണ്‍പോള അടയ്‌ക്കാന്‍ കഴിയാത്തവസ്ഥയിലുമാണ്‌ കുട്ടി. തൊലി ഇളകി മാറി ശരീരത്തിന്റെ ഊഷ്‌മാവ്‌ നിലനിര്‍ത്താനാവാതെ ജലം ബാഷ്‌പീകരിച്ചു മാറുന്നവസ്ഥയാണ്‌ കുട്ടിക്ക്‌. തൊലികള്‍ ശരീരത്തിന്റെ ജോയിന്റുകളില്‍ കട്ടിപിടിച്ചുവരും. തൊലി ഇളക്കി മാറ്റണം. കണ്ണുകള്‍ അടയ്‌ക്കാത്തതിനാല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരിക്കും.

കൊളോഡിയല്‍ ബേബിയെന്നറിയപ്പെടുന്ന മാരകമായ അവസ്ഥ ആറുലക്ഷം പേരില്‍ ഒരാള്‍ക്കാണ്‌ ബാധിക്കുന്നത്‌. ഓട്ടോ ഡ്രൈവറായ ലൈബിന്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി. ആറു ലക്ഷത്തിലേറെ ചിലവാക്കിയിട്ടും കുട്ടിക്ക്‌ യാതൊരുവിധ മാറ്റവും ഇല്ല. ഇനി പതിനാറു ലക്ഷം മുടക്കി ഒരു സര്‍ജറി നടത്തിയാലേ കുട്ടിയുടെ കണ്ണുകള്‍ സാധാരണ നിലയില്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നാണ്‌ പറയുന്നത്‌.

കഴിഞ്ഞ മാസം പത്രങ്ങളില്‍ ലവിതയുടെ വാര്‍ത്ത വന്നപ്പോള്‍ എറണാകുളം കളക്ടര്‍ നേരിട്ടു ലൈബിന്റെ വാടക വീട്ടില്‍ എത്തിയിരുന്നു.കുഞ്ഞിന്റെ അവസ്ഥ കണ്ടു കളക്ടറുടെ കണ്ണു നിറഞ്ഞു പോയി. സര്‍ക്കാര്‍ സഹായം വാഗ്‌ദാനവും നല്‌കി. ഓട്ടോ ഡ്രൈവറായ ലൈബിനു സ്ഥലവും വീടും തരാമെന്നും ഓട്ടോ വാങ്ങി തരാമെന്നുമൊക്കെയായിരുന്നു സര്‍ക്കാര്‍ ഉറപ്പ്‌, ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിയല്ലേ താമസിക്കുമായിരിക്കും. എന്നാല്‍ കുഞ്ഞിന്റെ നിലവിളിയും ഭീകരാവസ്ഥയും കാണുമ്പോള്‍ പണമില്ലെന്നു പറഞ്ഞിരിക്കാനാവില്ലല്ലോ, ലൈബിന്‍ വ്യക്തമാക്കി.

ജനസമ്പര്‍ക്ക പരിപാടിയില്‍ 50,000 രൂപ സര്‍ക്കാര്‍ നല്‌കാമെന്നുറപ്പു നല്‌കിയിട്ടു നാലു മാസമായി, കിട്ടുമായിരിക്കും അല്ലേ പ്രതീക്ഷ കൈവെടിയാതെ ലൈബിന്‍ പറഞ്ഞു.
ലവിതയെക്കുറിച്ചറിഞ്ഞ മുവാറ്റുപ്പുഴയിലെ ഹോമിയോ ഡോക്ടര്‍ ജോര്‍ഡി പോള്‍ സൗജന്യ ചികിത്സ നല്‌കാന്‍ തയാറായി എത്തിയത്‌.

ആലോപ്പതിയും ആയുര്‍വേദവും കൈവിട്ട ലവിതയെ കഴിഞ്ഞ ഒരുമാസമായി ഹോമിയോ ചികിത്സയിലാണ്‌. മുവാറ്റുപുഴയിലെ ഹോമിയോ ഡോക്ടറായ ജോര്‍ഡി പോളാണ്‌ ചികിത്സ നല്‌കുന്നത്‌. കുട്ടിക്ക്‌ മാറ്റമുണ്ട്‌, പ്രതീക്ഷയോടെ ലൈബിന്‍ പറഞ്ഞു.

കുട്ടിയെയും കൊണ്ടു താമസ സൗകര്യത്തിനാണ്‌ ഏറ്റവും അധികം പ്രയാസം നേരിട്ടത്‌. കുഞ്ഞിനെ കാണുന്നവര്‍ താമസ സൗകര്യം നല്‌കാന്‍ വിസമ്മതിച്ചു. മീനിന്റെചെതുമ്പലുകള്‍ പോലെ ശരീരത്തില്‍ ഇളകിയിരിക്കുന്ന തൊലിപ്പുറം കണ്ടാല്‍ ആരും ഭയന്നു പോകും. അതിനാലാണ്‌ എല്ലാവരും ഉപേക്ഷിക്കുന്നത്‌. 1500 രൂപയ്‌ക്ക്‌ ഒരു ചെറിയ വീടിന്റെ സൗകര്യം ഇന്നു ലഭിക്കില്ല. 4250 രൂപയാണ്‌ വാടക നല്‌കേണ്ടത്‌.തിരിച്ചടവു മുടങ്ങിയതോടെ ഓട്ടോ നഷ്ടപ്പെട്ടു. ദിവസം 500-600 രൂപയ്‌ക്ക്‌ ഓടും. അതില്‍ 500 രൂപയും കുഞ്ഞിന്‌ ചിലവാകും. അങ്ങനെ കണ്‍പോള ചിമ്മാത്ത കുഞ്ഞിന്‌ കണ്ണായി കാവലിരിക്കുന്ന അച്ഛനും അമ്മയുമാണ്‌ ലൈബിനും അനിതയും.

ഇനിയൊരു കുഞ്ഞു റിസ്‌കാണെന്നു പറഞ്ഞു ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തി. കാരണം ഇനി ഒരു കുട്ടി ഉണ്ടായാല്‍ ഈ അവസ്ഥ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ടത്രേ. അതോടെ ഈ കുഞ്ഞു മാത്രമാണ്‌ ഈ ദമ്പതികളുടെ പ്രാര്‍ത്ഥന.

ഒന്നു കേറി കിടക്കാന്‍ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ആ വീടെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. കടം വിട്ടാന്‍ ആവാത്തവിധം കുന്നു കൂടിയിരിക്കുന്നു. താങ്ങും തണലുമായി സുഹൃത്തുക്കള്‍ ഉണ്ട്‌.

നാളെ കുട്ടിയെ ലിറ്റില്‍ ഫ്‌ളവറിലേക്ക്‌ കൊണ്ടുപോകുകയാണ്‌ കണ്ണിന്റെ ശസ്‌ത്രക്രീയയെക്കുറിച്ച്‌ അറിയാന്‍. 16 ലക്ഷമൊന്നും കൂട്ടിയാല്‍ കൂടില്ലെന്നു അറിയാം എങ്കിലും പ്രതീക്ഷിക്കുകയാണ്‌ ലൈബിന്‍. ആരുടെയും മുന്നിലും പ്രതീക്ഷയോടെ കൈനീട്ടുകയാണ്‌. കാരണം ഹൃദയം ഉള്ള ആര്‍ക്കും സഹിക്കാനാവില്ല ഈ അവസ്ഥ.

ഈ കുടുംബത്തെ സഹായിക്കാന്‍ താലപര്യമുള്ളവര്‍ ഈ നമ്പരില്‍ ബന്ധപ്പെടുക: ലൈബിന്‍ 9633324729