Breaking News

Trending right now:
Description
 
Jan 29, 2014

സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനം ഫിലഡല്‍ഫിയയില്‍ സമാപിച്ചു

Shaiju Chacko
image

ഫിലഡല്‍ഫിയ: ലോകമെമ്പാടും വിവിധ രാജ്യങ്ങളിലായി കുടിയേറി പ്രവര്‍ത്തനനിരതരായി പൈതൃകവും പാരമ്പര്യവും സര്‍വ്വോപരി വിശ്വാസവും കാത്തുസൂക്ഷിച്ചു മുന്നേറുന്ന സഭയിലെ അല്‌മായ സമൂഹം നവസുവിശേഷവല്‍ക്കരണത്തിന്റെ ചാലകശക്തിയാണെന്ന്‌ എഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ അല്‌മായ-ഫാമിലി സമിതി അംഗമായ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ സൂചിപ്പിച്ചു. അമേരിക്കയിലെ ഫിലഡല്‍ഫിയയിലെ സെന്റ്‌ തോമസ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭ അല്‌മായ നേതൃസമ്മേളനവും ഷെവലിയര്‍ പദവി ലഭിച്ച അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനെ ആദരിക്കുന്ന ചടങ്ങും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്‌ക്കല്‍. ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചെല്ലൂസ്‌ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍, ഫാ.സിജോ കുന്നേല്‍, വൈസ്‌ ചെയര്‍മാന്‍ ലൈസി അലക്‌സ്‌, ഫിലഡല്‍ഫിയ യൂണിറ്റ്‌ പ്രസിഡന്റ്‌ സാബു ജോസഫ്‌, ട്രസ്റ്റിമാരായ വില്‍സണ്‍ ഇമ്മാനുവല്‍, ബിജി ജോസഫ്‌, എസ്‌എംസിസി ദേശീയ സമിതിയംഗം എല്‍സി വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു.
ആഗോളതലത്തിലുള്ള അല്‌മായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ അല്‌മായ കമ്മീഷന്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രതിപാദിച്ചു, തനിക്കുലഭിച്ച ഷെവലിയര്‍ പദവി സീറോ മലബാര്‍ സഭയിലെ ലോകമെമ്പാടുമുള്ള അല്‌മായ സമൂഹത്തിന്‌ ലഭിച്ച അംഗീകാരമാണെന്നും ഇത്‌ അല്‌മായ സമൂഹത്തിനായി സമര്‍പ്പിക്കുന്നുവെന്നും മറുപടിപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ദൈവാലയത്തിലെത്തിച്ചേര്‍ന്ന മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്‌റ്റിയനും എസ്‌എംസിസി ദേശീയ ഡയറക്‌ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കപ്പറമ്പില്‍, ട്രസ്റ്റിമാരായ വില്‍സണ്‍ ഇമ്മാനുവല്‍, ബിജി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്‌മളമായ വരവേല്‌പാണ്‌ നല്‍കപ്പെട്ടത്‌. തുടര്‍ന്ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ദേശീയ സമിതിയുടെയും ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഇടവക സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ അല്‌മായ സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചത്‌. 

ഫോട്ടോ അടിക്കുറിപ്പ്‌
ഷെവലിയര്‍ പദവി ലഭിച്ച അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അമേരിക്കയിലെ ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ദേശീയ സമിതിയുടെയും സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ ഇടവകസമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു. എസ്‌എംസിസി ദേശീയ വൈസ്‌ പ്രസിഡന്റ്‌ ലൈസി അലക്‌സ്‌, എഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ അല്‌മായ-ഫാമിലി സമിതി അംഗം ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചെല്ലൂസ്‌ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കപ്പറമ്പില്‍ എന്നിവര്‍ വേദിയില്‍.