Breaking News

Trending right now:
Description
 
Nov 01, 2012

പാതിവഴിയില്‍ സമരം ഹൈജാക്ക്‌ ചെയ്‌തു; ക്രൈം നന്ദകുമാറിനെ സമരരംഗത്തിറക്കി

റിയ മെര്‍ലിന്‍ അഗസ്‌റ്റിന്‍, riamerlin@hotmail.com
image കുറുക്കനും കുരങ്ങച്ചാരും ചേര്‍ന്ന്‌ വാഴക്കൃഷി നടത്തിയെന്നതുപോലെയാണ്‌ ഈ കഥ. വാഴ കുലച്ചപ്പോള്‍ പഴം കുറുക്കനും തട കുരങ്ങനുമെന്ന കരാറിലായിരുന്നു കൃഷി. ചേനക്കൃഷി ചെയ്‌തപ്പോള്‍ വീതംവയ്‌പ്‌ നേരെ തിരിച്ചായി. തട കുരങ്ങനും ചേന കുറുക്കനും. ഏറെ അന്തര്‍ധാരകളുള്ള കോതമംഗലം സമരത്തില്‍ കബളിപ്പിക്കപ്പെട്ടത്‌ നഴ്‌സുമാരാണ്‌. കഥയറിയാതെ അവര്‍ ആട്ടം കാണുകയായിരുന്നു. പാവകളെപ്പോലെ അവര്‍ തുള്ളിക്കളിച്ചു. ഒടുവില്‍ സര്‍വ പാരകളും അവര്‍ക്കുതന്നെ കിട്ടി. യാതൊരു മറവും തിരിവുമില്ലാതെയാണ്‌ മുപ്പത്തിയൊന്നു പേരെക്കൂടി ഇനിയും പിരിച്ചുവിടുമെന്ന്‌ സെക്രട്ടറി ഷിബു കുര്യാക്കോസ്‌ ഗ്ലോബല്‍ മലയാളത്തോട്‌ ഇന്നലെ പറഞ്ഞത്‌ ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എങ്ങനെയായെന്ന്‌ മന്ത്രിയുടെ ഓഫീസില്‍നിന്ന്‌ വിളിച്ചു ചോദിച്ചപ്പോള്‍ എന്തു ചര്‍ച്ച, എന്തു കരാര്‍, കരാറില്ലാതെയല്ലെ സമരം ഒത്തുതീര്‍പ്പായത്‌ എന്നിങ്ങനെയായിരുന്നു സെക്രട്ടറിയുടെ എടുത്തടിച്ചുളള ചോദ്യം.

2012 ജനുവരിയിലാണ്‌ ആദ്യമായി കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ സംഘടിക്കുന്നത്‌. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ്‌ ഇവിടെ ആദ്യമായി സംഘടനയുണ്ടാക്കിയത്‌. തുടര്‍ന്ന്‌ പന്ത്രണ്ട്‌ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നോട്ടീസ്‌ മാനേജ്‌മെന്റിനു നല്‌കി. എല്ലാ നഴ്‌സുമാര്‍ക്കും ജോലി സ്ഥിരത, മൂന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. മാനേജ്‌മെന്റ്‌ ഇത്‌ കണ്ടില്ലെന്നു നടിച്ചു. തുടര്‍ന്ന്‌ നോട്ടീസ്‌ കൊടുത്ത്‌ മാര്‍ച്ച്‌ എട്ടിന്‌ സമരം ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചു.

ഇതേത്തുടര്‍ന്ന്‌ എറണാകുളം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്‌ക്കു വിളിച്ചു. എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനം നല്‌കാമെന്നും മൂന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പാക്കാമെന്നും ബെഡിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കാമെന്നും മാനേജ്‌മെന്റ്‌ മാര്‍ച്ച്‌ അഞ്ചിന്‌ ഉറപ്പു നല്‌കി. ഇതോടെ സമര തീരുമാനം മാറ്റിവച്ചു. എന്നാല്‍ മാര്‍ച്ച്‌ പതിനഞ്ചായിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെ മാര്‍ച്ച്‌ മുപ്പതിന്‌ സമരം ചെയ്യുമെന്ന്‌ വീണ്ടും നോട്ടീസ്‌ നല്‌കി.

എന്നാല്‍ മാര്‍ച്ച്‌ 29-ന്‌ സമരം മാറ്റിവച്ചതായി മുഹമ്മദ്‌ ഷിഹാബും ജിബിന്‍ ബോബനും നഴ്‌സുമാരെ അറിയിച്ചു. മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നുമായിരുന്നു ഇവര്‍ കാരണമായി പറഞ്ഞിരുന്നത്‌. മാര്‍ച്ച്‌ മുപ്പതിന്‌ യുഎന്‍എ എന്ന സംഘടനയില്‍നിന്ന്‌ നേതാക്കള്‍ മാറിയെന്നും പുതിയ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ (ഐഎന്‍എ) രൂപീകരിച്ചുവെന്നും നഴ്‌സുമാര്‍ക്ക്‌ അറിയിപ്പുകിട്ടി.

മന്ത്രിതല ചര്‍ച്ച എന്നു പറഞ്ഞത്‌ പുതിയ സംഘടനയുണ്ടാക്കാന്‍ മാത്രമാണെന്നതായിരുന്നു സത്യമെന്ന്‌ ഇപ്പോള്‍ നഴ്‌സുമാര്‍ തിരിച്ചറിയുന്നു. അങ്ങനെ പുതിയ സംഘടനയുടെ പേരിലാണ്‌ കോതമംഗലത്ത്‌ നഴ്‌സസ്‌ ഏപ്രില്‍ 23-ന്‌ സമരനോട്ടീസ്‌ നല്‌കിയത്‌. മൂന്നു പ്രാവശ്യം ലേബര്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും മാര്‍ച്ച്‌ അഞ്ചിലെ എഗ്രിമെന്റ്‌ പോലും സമ്മതിക്കാന്‍ മാനേജ്‌മെന്റ്‌ തയാറായില്ല. മിനിമം വേജസ്‌ എന്ന ആവശ്യം ഐഎന്‍എ തിരുത്തി ഫെയര്‍ വേജസ്‌ എന്നാക്കിയിരുന്നു. ഇത്‌ മാനേജ്‌മെന്റിന്‌ ഏറെ ഗുണം ചെയ്‌തു.

സംസ്ഥാന പ്രസിഡന്റ്‌ അഭിലാഷ്‌, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിഹാബ്‌, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സിബി മുകേഷ്‌, ജോയിന്റ്‌ സെക്രട്ടറി ഹാരിസ്‌ എന്നിവര്‍ കോതമംഗലത്ത്‌ തങ്ങിയായിരുന്നു സമരം നയിച്ചത്‌. പലവട്ടം മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഒരു കാര്യത്തിലും അവര്‍ വഴങ്ങിയില്ല. കോണ്‍ഗ്രസ്‌ ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന്‌ സമരസമിതിയുണ്ടാക്കി. 247 സ്റ്റാഫില്‍ 137 പേരും സമരത്തിലായിരുന്നു. ഇതിനിടെ ബ്ലഡ്‌ ബാങ്കിലെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ചത്‌ വല്ലാത്ത ഒച്ചപ്പാടായി. അതിന്റെ പേരില്‍ സംഘടന കേസ്‌ കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

സമരം അറുപതു ദിവസം പിന്നിട്ടപ്പോഴാണ്‌ നാടകീയമായി ക്രൈം നന്ദകുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്‌. ഐഎന്‍എ നാഷണല്‍ സെക്രട്ടറി പ്രേംജിത്‌ കൃഷ്‌ണന്‍കുട്ടിയും ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ എല്‍ദോ കുര്യനും സ്‌മരസ്ഥലത്തെത്തി. യൂണിറ്റ്‌ പ്രസിഡന്റ്‌ ലിന്‍സിയെക്കൊണ്ട്‌ പല രാഷ്ട്രീയക്കാരെയും വിളിപ്പിച്ചിരുന്നു. ആണ്‍കുട്ടികള്‍ വിളിക്കുന്നതിനേക്കാല്‍ ഒരു പെണ്‍കുട്ടി വിളിക്കുന്നതാണ്‌ നല്ലതെന്നായിരുന്നു അവര്‍ ന്യായം പറഞ്ഞിരുന്നത്‌. പലവട്ടം നേതാക്കളുടെ നിര്‍ബന്ധത്തില്‍ യൂണിറ്റ്‌ ഭാരവാഹികള്‍ തിരുവനന്തപുരത്ത്‌ പോയി രാഷ്ട്രീയ നേതാക്കന്മാരെ കണ്ടിരുന്നു. ഇതിനിടെയാണ്‌ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തുന്നുവെന്ന്‌ സംഘടന പ്രഖ്യാപിച്ചത്‌. കളക്ടേറ്റ്‌ മാര്‍ച്ച്‌ നടത്തുന്നുവെന്നു പറഞ്ഞെങ്കിലും നഴ്‌സുമാരെ കൊണ്ടുപോയത്‌ ഹൈക്കോടതിക്കു മുന്നില്‍ ധര്‍ണ നടത്താന്‍ ആയിരുന്നു. ഇതിനെ പലരും ചോദ്യം ചെയ്‌തു. സംഘടനയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്‌ പലരും സംശയം പ്രകടിപ്പിച്ചത്‌ ഇതുമുതലാണ്‌.

ഒരു പത്രക്കാരനാണ്‌ എന്നു പറഞ്ഞ്‌ ക്രൈം നന്ദകുമാറിന്റെ നമ്പര്‍ നല്‌കിയിട്ട്‌ എല്ലാ വിവരങ്ങളും അപ്പോഴപ്പോള്‍ അറിയിക്കണമെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ പറഞ്ഞിരുന്നതായി ലിന്‍സി പറയുന്നു. എറണാകുളത്ത്‌ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നന്ദകുമാറിനെ കാണാന്‍ പ്രേംജിത്തിന്റെയും ഷിഹാബിന്റെയും നേതൃത്വത്തില്‍ പോയിരുന്നതായും ലിന്‍സി വെളിപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായി. സിഐടിയു നേതാക്കളുമായി സമരസമിതി ചര്‍ച്ച നടത്തി.

ഇതേ സമയം കോടതിയില്‍ വിവിധ കേസുകള്‍ നടക്കുന്നുണ്ടായിരുന്നു. സംഘടനയുടെ അഭിഭാഷകയായിരുന്ന പി.ബി. മിനിയുടെ നേതൃത്വത്തിലായിരുന്നു കേസുകളെല്ലാം നടത്തിയിരുന്നത്‌. ഹൈക്കോടതിയിലെ കേസുകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ സമരം നയിച്ചിരുന്ന നഴ്‌സുമാര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌.

കൂടുതല്‍ വിവരങ്ങള്‍ നാളെ ഗ്ലോബല്‍ മലയാളത്തില്‍ വായിക്കുക.

Send your response to globalmalayalam@gmail.com, www.facebook.com/globalmalayalam


key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur