Breaking News

Trending right now:
Description
 
Jan 28, 2014

ഹൗസ്‌ബോട്ട്‌ അപകടങ്ങള്‍ തുടര്‍ക്കഥ, വിനോദസഞ്ചാരികള്‍ക്ക്‌ അങ്കലാപ്പ്‌; കേരളത്തിനിത്‌ നാണക്കേട്‌

ഇ.എസ്‌. ജിജിമോള്‍
image കേരളത്തിന്റെ ടൂറിസ്റ്റ്‌ രംഗത്തിന്‌ വന്‍ കുതിപ്പ്‌ നല്‌കിയ ഹൗസ്‌ ബോട്ടുകള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്നത്‌ ഈ രംഗത്തെ മുഖച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കുന്നു. കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക്‌ കായലിനു സമീപമുള്ള ജെട്ടിയില്‍ ബിഗ്‌ ബി എന്ന ഹൗസ്‌ ബോട്ടിന്‌ ജനുവരി 27-ന്‌ തീപിടിച്ചതാണ്‌ ഈ പരമ്പരയിലെ ഏറ്റവും അവസാനത്തെ അപകടം. ആന്ധ്രപ്രദേശിലെ വ്യവസായിയായ നെന്‍മാറന്‍ ചൗധരിയും സംഘവും വാടകയ്‌ക്കെടുത്തിരുന്ന ബോട്ടാണ്‌ അപകടത്തില്‍ പെട്ടത്‌. കുട്ടികളുടെയും സ്‌ത്രീകളുടെയും നിലവിളി കേട്ടു വന്ന നാട്ടുകാരും ബോട്ടിലെ ജീവനക്കാരും ചേര്‍ന്നാണ്‌ അപകടത്തില്‍ പെട്ടവരെ രക്ഷിച്ചത്‌. അവസരോചിതമായി ഇടപ്പെട്ടതുവഴി കേരളത്തിനു നാണക്കേടാകാമായിരുന്ന ദുരന്തമാണ്‌ ഒഴിഞ്ഞുപോയതെന്ന്‌ നാട്ടുകാര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നു പറയുന്നു. അപകടത്തില്‍ ബോട്ട്‌ പൂര്‍ണമായി കത്തി നശിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം അന്‍പതിലധികം അപകടങ്ങളാണ്‌ ഉണ്ടായത്‌. ചെറുതും വലുതുമായ ആയിരത്തിലധികം ബോട്ടുകളാണ്‌ ഇവിടെ സര്‍വീസ്‌ നടത്തുന്നത്‌. ചെറിയ അപകടങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറില്ല, അതുകൊണ്ടുതന്നെ പുറംലോകം അറിയുകയുമില്ല. അപകടത്തില്‍ പെടുന്ന ബോട്ടുകളില്‍ മിക്കവാറും വിദേശികളോ കേരളത്തിനു പുറത്തുനിന്നുള്ളവരോ ആയിരിക്കും.

Photo is loading

Photo is loading  Photo is loading  

2013 ജനുവരി 27-നുണ്ടായ അപകടത്തില്‍ പെട്ട ഹൗസ്‌ ബോട്ട്‌

ബിഗ്‌ ബി ബോട്ട്‌ അപകടം നടന്നതിന്‌ കൃത്യം ഒരു വര്‍ഷം മുമ്പ്‌ 2013 ജനുവരി 27-ന്‌ ആലപ്പുഴയിലുണ്ടായ ഹൗസ്‌ ബോട്ട്‌ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരനിരയായി നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളില്‍നിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ കടക്കുമ്പോള്‍ വലിപ്പം കുറഞ്ഞ ഒറ്റമുറി ഹൗസ്‌ബോട്ട്‌ മറിഞ്ഞ്‌ 12 പേര്‍ അടിയില്‍ പെട്ടാണ്‌ അപകടമുണ്ടായത്‌. തമിഴ്‌നാട്ടില്‍നിന്നുള്ള 63 പേരുടെ സംഘത്തിലെ നാലു പേര്‍ മരണത്തിനു കീഴടങ്ങി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ റിപ്പബ്ലിക്‌ ഡേ പരേഡിന്‌ ഹൗസ്‌ ബോട്ടുകളുടെ ടാബ്ലോ അവതരിപ്പിച്ചതിന്‌ തൊട്ടടുത്ത മണിക്കൂറുകളിലായിരുന്നു നാലുപേരുടെ ജീവനെടുത്ത അപകടം.

ഈ അപകടത്തെത്തുടര്‍ന്ന്‌ ബോട്ടുകള്‍ നിരനിരയായിട്ട്‌ പല ബോട്ടുകള്‍ മറികടന്ന്‌ ബുക്ക്‌ ചെയ്‌ത ബോട്ടില്‍ ആളെ കയറ്റുന്ന രീതിക്ക്‌ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷിതമായ ഫ്‌ളോട്ടിംഗ്‌ ജെട്ടികള്‍ സ്ഥാപിക്കുമെന്നും വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍, ഇവയൊന്നും ഇന്ന്‌ ആലപ്പുഴയില്‍ കാണാനില്ല. ഒരു ഡസന്‍ ബോട്ട്‌ ജെട്ടികള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നവയുടെ എണ്ണം രണ്ടോ മൂന്നോ ആണെന്നതാണ്‌ ഈ അപകടം വിളിച്ചുവരുത്തിയതിനു കാരണമെന്ന്‌ അന്നേ ആക്ഷേപമുണ്ടായിരുന്നു. ഹൗസ്‌ ബോട്ട്‌ ലോബിയാണ്‌ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക്‌ തടയിടുന്നതെന്ന്‌ അന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി തന്നെ കുറ്റപ്പെടുത്തിയിരുന്നു.


Photo is loading

തേക്കടി ബോട്ട്‌ ദുരന്തത്തില്‍ പെട്ട ബോട്ട്‌ കരയ്‌ക്കടുപ്പിച്ചപ്പോള്‍

2009 സെപ്‌റ്റംബര്‍ 30-ന്‌ 45 വിനോദസഞ്ചാരികളുടെ ജീവനെടുത്ത തേക്കടി ബോട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിലവില്‍വന്ന ഒട്ടേറെ നിയന്ത്രണങ്ങള്‍ ഹൗസ്‌ബോട്ടിന്റെ സുരക്ഷയ്‌ക്ക്‌ ഉതകുന്നതായിരുന്നു. ബോട്ട്‌ സഞ്ചരിക്കുന്ന സമയമത്രയും യാത്രക്കാരും ജീവനക്കാരും ലൈഫ്‌ ജാക്കറ്റ്‌ ധരിക്കണം, ഹൗസ്‌ ബോട്ടുകള്‍ ചെരിഞ്ഞുപോകാത്ത തരത്തില്‍ കൃത്യതയുള്ള രൂപകല്‍പ്പന വേണം തുടങ്ങിയ കാര്യങ്ങള്‍ നിഷ്‌കര്‍ഷിച്ചെങ്കിലും ഇവ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന ആരോപണമുണ്ട്‌.

Photo is loading

2012 - ല്‍ അഞ്ചോളം ഹൗസ്‌ ബോട്ടുകള്‍ക്കാണ്‌ തീപിടുത്തമുണ്ടായത്‌. 2012 ആഗസ്റ്റിലുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. അതേ വര്‍ഷം ഒക്ടോബര്‍ 28-ന്‌ ചേന്നങ്കരി മൂന്നാറ്റുമുക്കില്‍ ഉണ്ടായ അപകടത്തില്‍ 23 യാത്രക്കാരാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌. പുന്നമട ഫിനീഷിങ്ങ്‌ പോയിന്റില്‍ ഹൗസ്‌ ബോട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരു ജോലിക്കാരന്‍ മരിച്ചിരുന്നു. അതേവര്‍ഷം നവംബര്‍ 12-ന്‌ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ പള്ളാത്തുരുത്തിയില്‍ എത്തിയ ബോട്ടില്‍ യാത്രക്കാര്‍ പ്രവേശിക്കുന്നതിന്‌ ഏതാനു മിനിറ്റുകള്‍ക്ക്‌ മുമ്പ്‌ അപകടം സംഭവിച്ചു. ബോട്ട്‌ പൂര്‍ണമായി കത്തി നശിച്ചിരുന്നു.

Photo is loading

നെടുമുടിയില്‍ അപകടത്തില്‍ പെട്ട ബോട്ട്‌

അശ്രദ്ധയോടെ ഗ്യാസ്‌ സ്‌റ്റൗ കൈകാര്യം ചെയ്യുന്നതാണ്‌ ഹൗസ്‌ ബോട്ടുകള്‍ അഗ്നിക്ക്‌ ഇരയാകുന്നതിന്‌ ഒരു കാര്യം. മിക്കപ്പോഴും അടുക്കളയില്‍ നിന്നാണ്‌ തീപിടുത്തമുണ്ടാകുന്നത്‌. ദുരന്തങ്ങളുണ്ടായാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്‌ ഹൗസ്‌ ബോട്ട്‌ ജീവനക്കാര്‍ക്ക്‌ വലിയ ഗ്രാഹ്യമില്ല. ഇതിനുളള പരിശീലനം അവര്‍ക്കു ലഭിക്കുന്നുമില്ല.

കേരളത്തില്‍ ഏറെ പ്രതീക്ഷയുള്ള ഹൗസ്‌ ബോട്ട്‌ ടൂറിസ്‌റ്റ്‌ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്‌. ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ്‌ സീസണുകളില്‍ ഈ മേഖലയില്‍ ഉണ്ടാവുന്നത്‌. അപകട കാരണം ഒറ്റപ്പെട്ടവയും യാദ്യശ്ചികവുമായാണ്‌ കാണുന്നത്‌. എന്നാല്‍ തീര്‍ത്തും നിരുത്തരവാദിത്വത്തോടെയാണ്‌ സര്‍ക്കാര്‍ ഹൗസ്‌ബോട്ട്‌ മേഖലയെ കാണുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.