Breaking News

Trending right now:
Description
 
Oct 31, 2012

സ്‌ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണ്‌ മോഡി ആദ്യംചെയ്യേണ്ടതെന്ന്‌ സുനന്ദ

image സ്‌ത്രീകളെ ബഹുമാനിക്കാന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പഠിക്കണമെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ശശി തരൂരിന്റെ 50 കോടി രൂപ വിലയുള്ള ഗേള്‍ ഫ്രണ്ട്‌ എന്ന നരേന്ദ്ര മോഡിയുടെ പരിഹാസത്തിന്‌, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സുനന്ദ ഇത്തരത്തില്‍ പ്രതികരിച്ചത്‌. ഗുജറാത്തില്‍ നടന്ന കൂട്ടക്കുരുതിക്കു മാപ്പു ചോദിക്കാത്ത ആള്‍ ഈ സംഭവത്തില്‍ മാപ്പു പറയുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നെക്കുറിച്ചു മോഡി പറഞ്ഞ വാചകങ്ങള്‍ സ്‌ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യക്കുതന്നെ അപമാനകരമാണ്‌. സ്‌ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണു മോഡി ആദ്യം ചെയ്യേണ്ടത്‌. എല്ലാ പുരുഷന്മാരും ജന്മമെടുത്തത്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നാണെന്ന കാര്യം മറക്കരുതെന്നും സുനന്ദ പറഞ്ഞു. ഇന്ത്യയില്‍ സ്‌ത്രീകള്‍ ധാരാളം ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്‌. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സ്‌പീക്കര്‍ മീരാ കുമാര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുഷമാ സ്വരാജ്‌ തുടങ്ങിയവരും സ്‌ത്രീകളാണ്‌. അങ്ങനെയൊരു രാജ്യത്തു സ്‌ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം ശരിയായില്ലെന്നും സുനന്ദ ചൂണ്ടിക്കാട്ടി. മാപ്പു പറയാന്‍ മോഡിയോട്‌ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിനു മറുപടിയായാണു താന്‍ അതു പ്രതീക്ഷിക്കുന്നില്ലെന്നു സുനന്ദപറഞ്ഞത്‌. ഗുജറാത്തില്‍ നടന്ന മനുഷ്യക്കുരുതിക്കു മാപ്പു ചോദിക്കാന്‍ മടി കാണിച്ച ഒരാള്‍ തന്നോടു മാപ്പു ചോദിക്കുമെന്നു കരുതുന്നുണ്ടോയെന്നു സുനന്ദ ചോദിച്ചു.