Breaking News

Trending right now:
Description
 
Jan 28, 2014

സംസ്ഥാനത്ത്‌ ഒരുലക്ഷം പേരില്‍ 256 പേര്‍ക്ക്‌ കാന്‍സര്‍

image സംസ്ഥാനത്ത്‌ ഒരു ലക്ഷം പേരില്‍ 256 പേര്‍ വീതം കാന്‍സര്‍ രോഗബാധിതരാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുരുഷന്മാരില്‍ ലക്ഷത്തില്‍ 133 പേര്‍ക്കും സ്‌ത്രീകളില്‍ ലക്ഷത്തില്‍ 123 പേര്‍ക്കും കാന്‍സര്‍ രോഗബാധയുണ്ട്‌.. പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ 50 ശതമാനം പേരുടെയും രോഗം ഭേദമാക്കാന്‍ കഴിയും. തുടക്കത്തില്‍ ത്തന്നെ കണ്ടെത്തിയാല്‍ 30 ശതമാനം പേര്‍ക്കും രോഗംവരാതെ തടയാനാകുമെന്നും കൊച്ചിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട എസ്‌. ശര്‍മയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യാന്തരനിലവാരത്തിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ സ്‌പഷല്‍ ഓഫീസറായി ഡോ. വി.പി. ഗംഗാധരനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കൊച്ചിയിലും കോഴിക്കോടും കാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 45 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌.കൊച്ചിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സഹകരണ മെഡിക്കല്‍ കോളജിന്റെ സ്ഥലത്താണു കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കുന്നത്‌. വിശദമായ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയശേഷം കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്‌ ആവശ്യമായ തുക അനുവദിക്കും. തിരുവനന്തപുരം ആര്‍സിസിയെ ദേശീയ കാന്‍സര്‍ ഗവേഷണ ചികിത്സാകേന്ദ്രമായി ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമം. തലശേരി കാന്‍സര്‍ ചികിത്സാ ആശുപത്രിയെ ആര്‍സിസിയായും ഉയര്‍ത്തണമെന്നു കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്‍സറിനെതിരായ പ്രചാരണ പരിപാടി ഫ്രെബുവരി നാലിനു മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ ചോദ്യോത്തരവേളയില്‍ നിയമസഭയെ അറിയിച്ചു. ഗ്രാമപ്രദേശങ്ങളില്‍ കാന്‍സറിനെതിരേ കൂടുതല്‍ അവബോധം വളര്‍ത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യഘട്ടമായി നാലു ജില്ലകളെയാണു പരിഗണിക്കുന്നത്‌. പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണു പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. പിന്നീടു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ബോധവത്‌കരണം, പരിശോധന, ചികിത്സ എന്നിവയാണു പദ്ധതിയിലുള്ളത്‌. പദ്ധതിക്കായി ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചു. ആശാ വര്‍ക്കേഴ്‌സ്‌ ഗ്രാമ പ്രദേശങ്ങളിലെ ഓരോ വീട്ടിലും പോയി സ്‌ക്രീനിംഗ്‌ നടത്തും. പ്രാഥമികമായി രോഗസംശയം തോന്നുന്നവരെ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളില്‍ എത്തിക്കും. ബ യോപ്‌സി പരിശോധന ഉള്‍പ്പെടെ ന ടത്തിയശേഷം വിദഗ്‌ധ ചികിത്സ വേണമെന്നു തെളിയുന്നവരെ മലബാര്‍ കാന്‍സര്‍ സെന്റിലോ തിരുവനന്തപുരം ആര്‍സിസിയിലോ ചികിത്സിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു ആരോഗ്യമന്ത്രി പറഞ്ഞു.