Breaking News

Trending right now:
Description
 
Oct 31, 2012

സമരം ചെയ്‌ത 31 നേഴ്‌സുമാരെ സ്ഥിരപ്പെടുത്തില്ലെന്ന്‌ കോതമംഗലം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌

image സമരം ചെയ്‌ത 31 നേഴ്‌സുമാരെയും സ്ഥിരപ്പെടുത്തുന്ന പ്രശ്‌നമില്ലെന്ന്‌ കോതമംഗലം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ പ്രതിനിധിയായ ഷിബു കുര്യക്കോസ്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഇവരെ സ്ഥിരപ്പെടുത്താമെന്ന്‌ യാതൊരുവിധ എഗ്രിമെന്റും സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ളവരാണ്‌ ഈ 31 പേര്‍. ഇവരെ സ്റ്റാറ്റ്‌സ്‌കോ അനുസരിച്ച്‌ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ മാത്രമാണ്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്‌. ഒരു മാസത്തിനകം ഇതിന്മേല്‍ റിപ്പോര്‍ട്ട്‌ നല്‌കണമെന്നും അതിന്മേല്‍ ഒരു മന്ത്രി തല ചര്‍ച്ചസംഘടിപ്പിക്കണമെന്നുമുള്ള വെറും നിര്‍ദ്ദേശം മാത്രമാണ്‌ അന്നത്തെ ഒത്തുതീര്‍പ്പ്‌ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌, അദ്ദേഹം വ്യക്തമാക്കി.

ഐഎന്‍എ എന്ന സംഘടന വളര്‍ത്താന്‍ ഒരു പറ്റം ആള്‍ക്കാര്‍ ചേര്‍ന്ന്‌ ഈ ഹോസ്‌പിറ്റലിലെ നേഴ്‌സുമാരെ വഞ്ചിക്കുകയായിരുന്നുവെന്നും ഷിബു കുര്യാക്കോസ്‌ പറഞ്ഞു. ഹോസ്‌പിറ്റല്‍ നിയമം അനുസരിച്ച്‌ എട്ടു മണിക്കൂര്‍ വീതമുള്ള മൂന്ന്‌ ഷിഫ്‌റ്റാണ്‌ വേണ്ടതെന്നും ആറു മണിക്കൂര്‍ ഷിഫ്‌റ്റ്‌ സമ്പ്രദായം ഹോസ്‌പിറ്റല്‍ അംഗീകരിച്ചിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. അതനുസരിച്ച്‌ ഒരു മാസം 208 മണിക്കൂര്‍ ഒരു നേഴ്‌സ്‌ ജോലി ചെയ്യണം. അതു ചെയ്യാതെ ആറു മണിക്കൂര്‍ ജോലി ചെയ്‌താല്‍ അവര്‍ക്ക്‌ അതിനുള്ള ശമ്പളമേ നല്‌കുകയുള്ളൂ, ഷിബു കുര്യാക്കോസ്‌ വ്യക്തമാക്കി. മണിക്കൂര്‍ കണക്കിലാണ്‌്‌ ഇപ്പോള്‍ മാര്‍ ബസേലിയോസില്‍ ശമ്പളം നല്‍കുന്നതെന്ന്‌ ഗ്ലോബല്‍ മലയാളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

വിഎസ്‌ അച്യുതാനന്ദന്‍ ഈ സമരത്തില്‍ കഥയറിയാതെ ആട്ടം കണ്ടയാളാണെന്ന്‌ ഷിബു കുര്യക്കോസ്‌ കുറ്റപ്പെടുത്തി. ഹോസ്‌പിറ്റല്‍ നേഴ്‌സുമാര്‍ക്ക്‌ നേരത്തേതന്നെ ആനുകൂല്യങ്ങള്‍ നല്‌കുന്നുണ്ടായിരുന്നുവെന്നു ഷിബു പറഞ്ഞു.