Breaking News

Trending right now:
Description
 
Jan 23, 2014

ലിബിയയില്‍ കലാപത്തില്‍ കുടുങ്ങിയ നഴ്‌സുമാരെ ഫ്‌ളാറ്റില്‍നിന്ന്‌ മാറ്റി, എങ്ങും നിലവിളികളെന്ന്‌

image ലിബിയയില്‍ കലാപം രൂക്ഷമായതോടെ ആശുപത്രികളില്‍ കുടുങ്ങിയ പതിമൂന്ന്‌ മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ മറ്റൊരു സ്ഥലത്തേയ്‌ക്ക്‌ മാറ്റിയതായി വീടുകളില്‍ വിവരം കിട്ടി. എന്നാല്‍, അതിനുശേഷം ഇവരുടെ വിവരങ്ങള്‍ അറിയാതെ അതീവ വിഷമത്തിലാണ്‌ വീട്ടുകാര്‍. ഇവരെ വിളിക്കാന്‍ ശ്രമിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

മലയാളി നഴ്‌സുമാര്‍ ലിബിയന്‍ എംബസിയുമായി ഫോണില്‍ ബന്ധപ്പെട്ട്‌ പരാതിപ്പെട്ടിരുന്നു. അതുവരെ ഇവരെക്കുറിച്ചുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നും എംബസിയുടെ നിലപാട്‌. ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും മന്ത്രി അനൂപ്‌ ജേക്കബിനും പരാതി നല്‌കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പ്രവാസികാര്യ വകുപ്പുമന്ത്രി വയലാര്‍ രവിക്ക്‌്‌ പരാതിയുടെ കൈമാറിയതായാണ്‌ വിവരം. എന്നാല്‍, എംബസി ഇവരുടെ കാര്യം അറിയില്ലെന്നു പറഞ്ഞത്‌ ഏറെ ആശങ്കയുണര്‍ത്തുന്നതാണെന്ന്‌ നഴ്‌സുമാരുടെ മാതാപിതാക്കള്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ലിബിയയില്‍ ഭീകരാന്തരീക്ഷമാണെന്നാണ്‌ നഴ്‌സുമാര്‍ അറിയിച്ചത്‌. സബാ മെഡിക്കല്‍ സെന്ററില്‍ ജോലി നോക്കിയിരുന്നിടത്തും ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിനു ചുറ്റും നിലവിളി ശബ്ദങ്ങളേ കേള്‍ക്കാനുള്ളൂ എന്ന്‌ നഴ്‌സുമാര്‍ പറയുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാരോ രോഗികളോ ഇല്ലെങ്കിലും ഇന്ത്യക്കാരായ നഴ്‌സുമാര്‍ ജോലിക്ക്‌ ഹാജരാകണമെന്ന നിലപാടിലാണ്‌ ആശുപത്രി അധികൃതര്‍ ഇതുവരെ.

എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനു സമീപം എയ്‌സ്‌ ഏജന്‍സിയാണ്‌ മലയാളി നഴ്‌സുമാരെ ലിബിയയിലേയ്‌ക്ക്‌ അയച്ചത്‌. ഒരാഴ്‌ചയോളം ആഹാരം ലഭിക്കാതെ പട്ടിണിയിലായിരുന്ന കാര്യം കഴിഞ്ഞ ദിവസം ഗ്ലോബല്‍ മലയാളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ നഴ്‌സുമാര്‍ക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു. ഇവര്‍ക്ക്‌ കഴിഞ്ഞ എട്ടുമാസമായി ശമ്പളവും ലഭിക്കുന്നില്ല.

പ്രവാസികാര്യവകുപ്പും ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെട്ട്‌ നഴ്‌സുമാരെ ദു:സ്ഥിതിയില്‍നിന്ന്‌ രക്ഷിക്കണമെന്നാണ്‌ മാതാപിതാക്കളുടെ ആവശ്യം.