Breaking News

Trending right now:
Description
 
Jan 22, 2014

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 24 പേരെ വെറുതെ വിട്ടു, 12 പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

Staff Correspondent
image ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 24 പ്രതികളെ കോടതി വെറുതെവിട്ടു. സിപിഎം നേതാക്കളായ പി.മോഹനന്‍ മാസ്റ്റര്‍, കെ.കെ.കൃഷ്‌ണന്‍, ജ്യോതി ബാബു, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരും വെറുതെ വിട്ടവരില്‍ പെടുന്നു. കൊല നടത്തിയ ഏഴു പേര്‍ അടക്കം 12 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തി. എരഞ്ഞിപ്പാലത്തെ മാറാട്‌ പ്രത്യേക അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ആര്‍.നാരായണപിഷാരടി നാളെ കുറ്റക്കാര്‍ക്ക്‌ ശിക്ഷ വിധിക്കും.

ഗൂഡാലോചനക്കുറ്റം ചുമത്തിയത്‌ തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താലാണ്‌ സിപിഎം അംഗങ്ങളായവരെ വെറുതെ വിട്ടത്‌. പാര്‍ട്ടിക്ക്‌ കൊലപാതകവുമായി ബന്ധമില്ലെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും സിപിഎം പൂര്‍ണമായും കുറ്റവിമുക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. വ്യക്തിപരമായി ആസൂത്രണം ചെയ്‌തതായിരുന്നു ടിപിയുടെ കൊലപാതകമെന്നും പിണറായി പറഞ്ഞു.

എം.സി.അനൂപ്‌, കിര്‍മാണി മനോജ്‌, കൊടി സുനി, ടി.കെ.രജീഷ്‌, മുഹമ്മദ്‌ ഷാഫി, അണ്ണന്‍ സിജിത്ത്‌, ഷിനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചന്ദ്രശേഖരന്റെ ജീവനെടുത്തതെന്ന്‌ തെളിഞ്ഞുവെന്ന്‌ കോടതി കണ്ടെത്തി. സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍, ട്രൗസര്‍ മനോജ്‌, പി.വി.റഫീഖ്‌, എം.കെ.പ്രദീപന്‍ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. 76 പേര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസില്‍ 37 പേരാണ്‌ വിചാരണ നേരിട്ടത്‌. ഒന്‍പതാം പ്രതിയും എന്‍ജിഒ യൂണിയന്‍ നേതാവുമായിരുന്ന സി.എച്ച്‌ അശോകന്‍ വിചാരണയ്‌ക്കിടയില്‍ മരിച്ചു.