Breaking News

Trending right now:
Description
 
Oct 31, 2012

ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി, നഴ്‌സുമാര്‍ ബലിയാടുകളായി, ഇപ്പോള്‍ കിട്ടുന്നത്‌ സമരത്തിനു മുമ്പുള്ളതിലും പകുതി ശമ്പളം

റിയ മെര്‍ലിന്‍ അഗസ്റ്റിന്‍, riamerlin@hotmail.com
image കൊലക്കുറ്റത്തിനു വിധിക്കുന്നവരെ പാര്‍പ്പിക്കുന്നത്‌ ഏകാന്ത തടവിവാണ്‌. പുറംലോകവുമായി ബന്ധമില്ലാതെ മാനസികമായി ഒറ്റപ്പെടുത്തുകയെന്നതാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌. ഒരുവിധത്തില്‍ കോതമംഗലത്ത്‌ സമരം ചെയ്‌ത നഴ്‌സുമാരുടെ ഗതിയും ഇതാണ്‌. രോഗികളെ നല്‌കാതെ പുറംലോകം കാണാതെ ഇവരെ ഒറ്റ മുറിയില്‍ ഇരുത്തിയിരിക്കുന്നു. ന്യൂറോ ഐസിയുവില്‍ അടക്കം സമരം ചെയ്‌തവര്‍ക്ക്‌ രോഗികളെ നല്‌കുന്നേയില്ല. നഴ്‌സുമാരുടെ എണ്ണം കൂടുതലാണെന്നു വരുത്തിത്തീര്‍ത്ത്‌ ഇവരെ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ്‌ നഴ്‌സുമാര്‍ ആരോപിക്കുന്നത്‌.

അതേസമയം പുതിയതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക്‌ ആശുപത്രിയില്‍ ജോലി നല്‌കുന്നുണ്ട്‌. അവര്‍ക്കായി രോഗികളുമുണ്ട്‌. യൂണിയന്‍ പ്രവര്‍ത്തനം നടത്തിയാല്‍ മാനേജ്‌മെന്റിന്‌ എന്തുചെയ്യാമെന്ന്‌ കാണിച്ചു കൊടുക്കുകയാണെന്നാണ്‌ ഒരാള്‍ ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌.

ജനറല്‍ വാര്‍ഡുകള്‍/മുറികള്‍ എന്നിവയില്‍ 1:7 എന്ന അനുപാദത്തിലും ഐസിയുവില്‍ 1:2 എന്ന അനുപാദത്തിലും വെന്റിലേറ്ററില്‍ 1:1 എന്ന അനുപാദത്തിലും നഴ്‌സുമാരെ നിയമിക്കാമെന്നാണ്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്‌. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കണക്കാക്കി ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുമെന്നും ഇപ്പോഴുള്ള ജീവനക്കാര്‍ കൂടുതലാണെങ്കില്‍ കൂടുതലുളള ജീവനക്കാരെ ഒഴിവാക്കാവുന്നതാണ്‌ എന്നും കരാറിലുണ്ടായിരുന്നു.

ഇന്റേണ്‍ഷിപ്പ്‌ അല്ലെങ്കില്‍ ബോണ്ട്‌ ചെയ്യുന്നവരെ പുറത്താക്കേണ്ടി വന്നാല്‍ നഴ്‌സിംഗ്‌ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കൂടുതലുള്ളവരെ നിലനിര്‍ത്തുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇങ്ങനെ നിയമിക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം നല്‌കാമെന്നും വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഈ വ്യവസ്ഥകളെല്ലാം മാര്‍ച്ച്‌ അഞ്ചിലെ കരാറിലാണുള്ളത്‌.

സമരം ചെയ്‌ത്‌ വീണ്ടും ജോലിക്കു കയറിയ നഴ്‌സുമാര്‍ ഏറെ സന്തോഷത്തിലായിരുന്നെങ്കിലും അതിനുശേഷമുള്ള ശമ്പളബില്‍ കണ്ട്‌ ശരിക്കും ഞെട്ടിത്തരിച്ചുപോയി. സമരം നടത്തുന്നതിനു മുമ്പ്‌ എണ്ണായിരം രൂപ കിട്ടിയിരുന്ന നഴ്‌സിന്‌ സമരത്തിനു ശേഷം കിട്ടുന്നത്‌ അയ്യായിരം രൂപ, അയ്യായിരം കിട്ടിയിരുന്നവര്‍ക്ക്‌ ഇന്ന്‌ കിട്ടുന്നത്‌ രണ്ടായിരത്തിനും മൂവായിരത്തിനു ഇടയ്‌ക്ക്‌ മാത്രം.

ത്രീ ഷിഫ്‌റ്റിനായി നടത്തിയ സമരം വിജയിച്ചെങ്കിലും ഇവര്‍ക്കായി മാനേജ്‌മെന്റ്‌ പുതിയ ശമ്പള പരിഷ്‌ക്കരണ രീതി നടപ്പിലാക്കുകയായിരുന്നു. ഇത്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ക്ക്‌ അനുസരിച്ചാണെന്നാണ്‌ മാനേജ്‌മെന്റ്‌ ഭാഷ്യം. മാസശമ്പളം ലഭിച്ചിരുന്നത്‌ വെട്ടിച്ചുരുക്കി മണിക്കൂര്‍ ശമ്പളമാക്കി. ഡ്യൂട്ടി സമയം ആറു മണിക്കൂറാക്കിയപ്പോള്‍ മാനേജ്‌മെന്റ്‌ അര മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമവും അനുവദിച്ചു.

അങ്ങനെ സമരം കൊട്ടിഘോഷിച്ച്‌ വിജയകരമായി അവസാനിച്ചപ്പോള്‍ നഷ്ടം നഴ്‌സുമാര്‍ക്ക്‌. അഞ്ചരമണിക്കൂര്‍ ഡ്യൂട്ടിക്ക്‌ ശമ്പളം വാങ്ങുന്ന മണിക്കൂര്‍ ജോലിക്കാരാണ്‌ സമരം ചെയ്‌ത നഴ്‌സുമാര്‍ ഇപ്പോള്‍. ശരിക്കും അടിവില്ലില്‍ പെട്ട എലികളുടെ അവസ്ഥയിലായി നഴ്‌സുമാര്‍. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യാനോ പരിഹരിക്കാനോ നേതാക്കളാരുമില്ലെന്നതാണ്‌ സമരത്തിനായി ശുദ്ധമനസോടെ ഇറങ്ങിത്തിരിച്ചവരുടെ ഗതികേട്‌.

സമരം ചെയ്‌തവര്‍ക്ക്‌ രോഗികളെ നല്‌കാത്തതിനാല്‍ ഇവരെ അധിക ജോലിക്കാരായി വരുത്തി തീര്‍ത്ത്‌ പുറത്താക്കുവാനാണ്‌ മാനേജ്‌മെന്റ്‌ നീക്കം.സര്‍ക്കാര്‍ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥ അനുസരിച്ച്‌ രൂപീകരിക്കുന്ന സമിതി പഠനത്തിനായി വരുമ്പോള്‍ ഇവരെയെല്ലാം അധിക ജോലിക്കാരായി കാണിക്കാനാകുമെന്നതാണ്‌ മാനേജ്‌മെന്റിന്റെ തന്ത്രം. ഇതിനെക്കുറിച്ചുള്ള വാക്കാലുള്ള മുന്നറിയിപ്പും നല്‌കി കഴിഞ്ഞു മാനേജ്‌മെന്റ്‌. ഇനി ആരോട്‌ പരാതി പറയണമെന്ന്‌ ഇവര്‍ക്കറിയില്ല.

നേതാക്കന്മാര്‍ സമരം നടത്തിയതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്‌ ആര്‍ക്കും പരാതിയില്ല. പക്ഷേ വിജയിക്കാത്ത സമരം വിജയിച്ചുവെന്ന്‌ പറഞ്ഞ്‌ അന്യജില്ലയിലേയ്‌ക്കും അന്യരാജ്യങ്ങളിലേയ്‌ക്കും നേതാക്കന്‌്‌മാര്‍ മറഞ്ഞപ്പോള്‍ ഒരൂകൂട്ടം നഴ്‌സുമാരുടെ ഭാവിയാണ്‌ ഇല്ലാതായത്‌. മാനസിക പീഡനം സഹിക്കാതെ എങ്ങനെയും ഹോസ്‌പിറ്റല്‍ വിട്ട്‌ പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്നില്ലന്ന്‌ പരാതി ഇപ്പോഴുമുണ്ട്‌.

ആദ്യ സമരത്തിന്റെ ബാക്കിയായി മാര്‍ച്ച്‌ അഞ്ചിന്‌ ഒരു കരാര്‍ ഉണ്ടാക്കിയെങ്കിലും നൂറ്റിപ്പതിനേഴ്‌ ദിവസം കാടിളക്കി നടത്തിയ സമരത്തിന്‌ ഒടുവില്‍ ഒരു കരാര്‍ പോലുമില്ലാതെയാണ്‌ ഒത്തുതീര്‍പ്പാക്കിയതെന്ന്‌ അറിയുമ്പോള്‍ മിക്കവരും മൂക്കത്തുവിരല്‍വയ്‌ക്കും. യോഗം ചേര്‍ന്നതിന്റെ മിനിട്‌സ്‌ മാത്രം രേഖപ്പെടുത്തിയാണ്‌ സമരം അവസാനിപ്പിച്ചത്‌.

പ്രതിപക്ഷ നേതാവിനെപ്പോലും സമരം അവസാനിച്ചതിന്റെ കാര്യങ്ങള്‍ കൃത്യമായി അറിയിയിച്ചിരുന്നില്ലേ? ക്രൈം നന്ദകുമാര്‍ ഈ സമരത്തില്‍ ഇടനിലക്കാരനായതെങ്ങനെ? സംഘടനാ നേതാക്കന്മാര്‍ കോതമംഗലം സമരത്തിന്റെ പേരില്‍ കള്ളക്കളികള്‍ നടത്തിയിരുന്നോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗ്ലോബല്‍ മലയാളത്തിന്റെ അടുത്ത ലക്കങ്ങളില്‍ വായിക്കുക.

Send your response to globalmalayalam@gmail.com,

www.facebook.com/globalmalayalam
key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur