Breaking News

Trending right now:
Description
 
Jan 21, 2014

വിദേശസഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ ടൂറിസ്റ്റ്‌ വിസ ഓണ്‍ അറൈവല്‍ പദ്ധതി

image മൈനസ്‌ 15 ഡിഗ്രി സെല്‍ഷസില്‍ തണുത്തു മരവിക്കുന്ന ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നിന്ന്‌ സമശീതോഷ്‌ണമായ കേരളത്തിലേക്കു സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട്‌ കേരള ടൂറിസം. ഹെല്‍സിങ്കിയില്‍ നടന്ന മാട്‌ക നോര്‍ഡിക്‌ ട്രാവല്‍ ഫെയര്‍ 2014ല്‍ കേരളത്തിന്റെ പ്രത്യേക സ്റ്റാള്‍ സജ്ജീകരിച്ചാണ്‌ തെക്കന്‍ യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളില്‍ ആരംഭിച്ച ടൂറിസ്റ്റ്‌ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിന്റെ പ്രചാരണവും ഇതിന്റെ ലക്ഷ്യമാണ്‌. കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിമാനത്താവളങ്ങളില്‍ ആരംഭിച്ചിട്ടുള്ള വിസ ഓണ്‍ അറൈവല്‍ സംവിധാനം യൂറോപ്പില്‍ നിന്ന്‌ ഇന്ത്യ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക്‌ ഏറെ ഉപകാരപ്രദമാണ്‌. കഴിഞ്ഞ 16 മുതല്‍ 19 വരെ നടന്ന ട്രേഡ്‌ ഫെയറില്‍ കേരളം ഈ സൗകര്യം ഉയര്‍ത്തിക്കാട്ടി. 70 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1100 എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കുന്ന ഈ ട്രാവല്‍ മേളയില്‍ കേരളത്തിന്റെ സൗന്ദര്യം ഏറെപ്പേരെ ആകര്‍ഷിച്ചു. വലിയൊരു വിഭാഗം സഞ്ചാരികളിലേക്ക്‌ ട്രാവല്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിന്റെ സന്ദേശമെത്തിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമായിരുന്നു മേളയിലെ പങ്കാളിത്തമെന്നു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സഞ്ചാരികളുടെ വരവിന്റെ കാര്യത്തില്‍ ഭാവിയില്‍ കേരളത്തിന്റെ പ്രധാന പ്രേരകശക്തിയായി യൂറോപ്പ്‌ മാറുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരം ഫെയറുകളിലൂടെയും റോഡ്‌ഷോകളിലൂടെയും രാജ്യങ്ങളെ ഒറ്റയ്‌ക്കും കൂട്ടമായും ലക്ഷ്യമിടുന്നതിലൂടെ സ്‌കാന്‍ഡിനേവിയന്‍ വിപണിയില്‍ നിന്നുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ക്ക്‌ രൂപംകൊടുത്തുവരികയാണെന്ന്‌ ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. പയനിയര്‍ പഴ്‌സണലൈസ്‌ഡ്‌ ഹോളിഡേയ്‌സ്‌, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്‌, സിജിഎച്ച്‌ എര്‍ത്ത്‌ തുടങ്ങിയ വ്യവസായ പങ്കാളികളുള്ള പ്രതിനിധി സംഘത്തെ ടൂറിസം ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ നയിച്ചു. യൂറോപ്പിനെ ലക്ഷ്യമിട്ടു കേരളം നടത്തുന്ന എല്ലാ വ്യാപാര പരിശ്രമങ്ങള്‍ക്കും സ്റ്റാള്‍ സന്ദര്‍ശിച്ച ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അലാടിയന്‍ മാണിക്കം സഹായം വാഗ്‌ദാനം ചെയ്‌തു. ഫിന്‍ലന്‍ഡിനെ കൂടാതെ ജപ്പാന്‍, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്‌, ന്യൂസിലാന്‍ഡ്‌, ഫിലിപ്പീന്‍സ്‌, കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, മ്യാന്‍മര്‍, ഇന്തോനേഷ്യ എന്നീ പത്തു രാജ്യങ്ങള്‍ക്കു കൂടി ട്രാവല്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം കേരളത്തില്‍ ലഭ്യമാണ്‌.