Breaking News

Trending right now:
Description
 
Jan 20, 2014

നഴ്‌സിംഗ്‌ പഠനം പാതി വഴിയില്‍, പെരുവഴിയിലായി 550-ഓളം മലയാളി വിദ്യാര്‍ത്ഥികള്‍

image മുബൈ: സ്വകാര്യ നഴ്‌സിംഗ്‌ മാനേജ്‌മെന്റു സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും പണക്കൊതിയും 640 നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍ ആക്കുന്നു. എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാതെ മഹാരാഷ്ട്രയിലെ വിവിധ കോളേജുകളില്‍ നഴ്‌സിംഗ്‌ പഠനത്തിനായി ചേര്‍ന്ന ബിഎസ്‌.സി , പോസ്‌റ്റ്‌ ബി.എസ്‌.സി, എം.എസ്‌.സി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ്‌ സ്വകാര്യ മാനേജ്‌മെന്റ്‌ കളിക്കുന്നത്‌. ഇവരില്‍ 550-ഓളം പേര്‍ മലയാളികളാണ്‌. കോഴ്‌സ്‌ പഠനം ആരംഭിച്ചു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അഡ്‌മിഷനാണ്‌ യൂണിവേഴ്‌സിറ്റി ക്യാന്‍സല്‍ ചെയ്‌തിരിക്കുന്നത്‌.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവേശന നിയന്ത്രണ സമിതിയുടെ എന്‍ട്രന്‍സ്‌ പരീക്ഷ പാസാകുന്നവര്‍ക്കേ മഹാരാഷ്ട്രയില്‍ അംഗീകൃത നഴ്‌സിംഗ്‌ പഠനം നടത്താന്‍ പാടുള്ളു എന്ന നിയമം മറച്ചുവെച്ചു എന്‍ട്രന്‍സ്‌ എക്‌സാം ഒഴിവാക്കി മഹാരാഷ്ട്രയിലെ 64 നഴ്‌സിംഗ്‌ കോളേജുകള്‍ 640 വിദ്യാര്‍ത്ഥികള്‍ക്ക്‌ അഡ്‌മിഷന്‍ നല്‌കിയിരുന്നു. ഏജന്റുമാര്‍ മുഖേനയാണ്‌ ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അഡ്‌മിഷന്‍ നേടുന്നത്‌. വന്‍ കമ്മീഷനാണ്‌ ഏജന്റുമാര്‍ക്ക്‌ നഴ്‌സിംഗ്‌ കോളേജുകള്‍ ഓഫര്‍ ചെയ്യുന്നത്‌. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന്‌ പരാതി ഇല്ലെന്നു എഴുതി വാങ്ങി നഴ്‌സിംഗ്‌ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക്‌ കയറ്റിവിടാനും ശ്രമിക്കുന്നുണ്ടെന്ന്‌ ഇന്‍ഡ്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ റിജു പൊയ്‌കയില്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ഒന്നാംവര്‍ഷ പരീക്ഷ എഴുതിയ കുട്ടികള്‍ രണ്ടാം വര്‍ഷ പരീക്ഷക്ക്‌ മാസങ്ങള്‍ മാത്രം അവശേഷിക്കവേ ഇവരുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സലായെന്നും കോളേജ്‌ അധികൃതര്‍ പറയുന്നത്‌. കുട്ടികളുടെ ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞുവെച്ചിരിക്കുകയാണ്‌. എന്‍ട്രന്‍സ്‌ എക്‌സാം എഴുതാതെ അഡ്‌മിഷന്‍ എടുത്തുവെന്നാണ്‌ യൂണിവേഴ്‌സിറ്റി പറയുന്നത്‌. ആദ്യവര്‍ഷ പരീക്ഷ കഴിഞ്ഞപ്പോള്‍ ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട്‌ മാനേജ്‌മെന്റ്‌ ഈ വിഷയം പരിഹരിച്ചു കൊള്ളാമെന്നുറപ്പു നല്‌കിയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക്‌ മാസങ്ങള്‍ അവശേഷിക്കവേ മാനേജ്‌മെന്റ്‌ കൈമലര്‍ത്തുകയാണ്‌.

ഫീസ്‌ കുറവ്‌ പ്രതീക്ഷിച്ചാണ്‌ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ അഡ്‌മിഷന്‍ തേടുന്നത്‌. ലോണെടുത്ത വിദ്യാര്‍ത്ഥികള്‍ കടക്കെണിയില്‍ ആയി. ഒപ്പം രണ്ടാംഘട്ട ലോണ്‍ ലഭിക്കാതെ പ്രതിസന്ധിയില്‍ ആയതോടെ പഠനം പെരുവഴിയില്‍ ആയ അവസ്ഥയാണ്‌. കുട്ടികള്‍ വിവിധ കോളേജുകളിലായതിനാല്‍ മറ്റുള്ളവരുമായി സഹകരിക്കാനും സാധിക്കുന്നില്ല. രണ്ടും മൂന്നും ലക്ഷം രൂപ ചിലവായ കുട്ടികളാണ്‌ പാതിവഴിയില്‍ പെരുവഴിയില്‍ നില്‍ക്കുന്നത്‌.

ഇന്‍ഡ്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ റിജു പൊയ്‌കയിലിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും ഗവര്‍ണറെയും കേരള സര്‍ക്കാരിനെയും സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ ഇടപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര ഹൈക്കോടതി ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാനാണ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

വിദ്യാര്‍ത്ഥികളെ റെഗുലറൈസ്‌ ചെയ്യുക, കോഴ്‌സുകളുടെ തടഞ്ഞുവെച്ച റിസള്‍ട്ടുകള്‍ പുറത്തു വിടുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ റിജു പൊയ്‌കയില്‍ അറിയിച്ചു.