Breaking News

Trending right now:
Description
 
Jan 20, 2014

താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നു മെഹര്‍ തരാര്‍

image ശശി തരൂര്‍- സുനന്ദ പുഷ്‌കര്‍ ദാമ്പത്യത്തിലുണ്ടായ അസ്വാരസ്യങ്ങളില്‍ പങ്കില്ലെന്നും താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും വിവാദ പാക്‌ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. സുനന്ദയുടെ ദുരൂഹമരണത്തിനു പിന്നാലെ പാക്കിസ്ഥാനിലെ ജിയോ ചാനലിനു നല്‌കിയ അഭിമുഖത്തിലാണ്‌ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല്‌പത്തി യഞ്ചുകാരിയായ മെഹര്‍ ഇക്കാര്യം പറഞ്ഞത്‌. സുനന്ദയെ കടന്നാക്രമിച്ച മെഹ്‌ര്‍, അവരും തരൂരും തമ്മിലുള്ള ബന്ധത്തില്‍ മേയ്‌, ജൂണ്‍ മുതല്‍ തകരാര്‍ ഉടലെടുത്തുവെന്ന്‌ ആരോപിച്ചു. ഗൂഗിളില്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ആ സമയത്ത്‌ തന്നെക്കുറിച്ചു സുനന്ദയ്‌ക്കറിയില്ല. ഒരു കാര്യത്തിലും സുനന്ദ അപ്പോള്‍ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. തരൂരിനെ ഏപ്രിലില്‍ ഇന്ത്യയില്‍വച്ചും പിന്നീട്‌ ദുബായിയില്‍വച്ചും കണ്ടിരുന്നു. തരൂരിനെക്കുറിച്ചു പരാമര്‍ശമുള്ള ഒരു ലേഖനം എഴുതിയതിനെത്തുടര്‍ന്നാണ്‌ സുനന്ദ തനിക്കെതിരേ തിരിയുന്നത്‌. ഭര്‍ത്താവിനെ മറ്റൊരു സ്‌ത്രീ പുകഴ്‌ത്തുന്നത്‌ സുനന്ദ ഇഷ്ടപ്പെട്ടില്ല. എന്നിരുന്നാലും തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്‌ തരൂര്‍ തുടര്‍ന്നു. ഇതിനെത്തടുര്‍ന്ന്‌, ട്വിറ്ററില്‍ ഫോളോ ചെയ്യരുതെന്ന്‌ സുനന്ദ തരൂരിനോട്‌ ആവശ്യപ്പെടുകയുണ്ടായി. ലോകത്തിലെ ആരുമായും എവിടെവച്ചും സംസാരിക്കാവുന്ന കാര്യങ്ങളാണ്‌ തരൂരും താനും തമ്മില്‍ പങ്കുവച്ചിരുന്നത്‌. ജമ്മു-കാഷ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ താന്‍ ഇന്റര്‍വ്യൂ ചെയ്‌തതിനു പിന്നാലെ സുനന്ദ ആക്രമിക്കാന്‍ തുടങ്ങി. ട്വിറ്ററിലെ സന്ദേശങ്ങളിലൂടെയായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ ആദ്യം പട്ടാളത്തെ അയച്ചു, പിന്നെ മാധ്യമപ്രവര്‍ത്തകയെയും എന്നാണ്‌ സുനന്ദ ട്വിറ്ററില്‍ കുറിച്ചത്‌. താന്‍ ഗൂഢാലോചനുടെ ഇരയാണ്‌. പാക്കിസ്ഥാനിലുള്ള ഒരു സ്‌ത്രീക്ക്‌ അവരുടെ ദാമ്പത്യബന്ധം തകര്‍ക്കാനാകില്ലെന്ന്‌ 13 കാരന്റെ അമ്മകൂടിയായ മെഹര്‍ തരാര്‍ കൂട്ടിച്ചേര്‍ത്തു.