Breaking News

Trending right now:
Description
 
Jan 19, 2014

മലയാളി നഴ്‌സുമാര്‍ക്കെതിരെ വംശീയ ആക്ഷേപം: ആംആദ്‌മിക്കെതിരെ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ നിയമ നടപടിക്ക്‌

image മലയാളി നഴ്‌സുമാരെ വംശഹത്യ നടത്തിയ ആംആദ്‌മി നേതാവ്‌ കുമാര്‍ വിശ്വാസിനെതിരെ യുണൈറ്റഡ്‌ നഴ്‌സസ്‌ യൂണിയന്‍ നിയമ നടപടിക്ക്‌ ഒരുങ്ങുന്നു. ആംആദ്‌മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജ്രിവാളിന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ തുറന്ന കത്തും എഴുതും. മലയാളി നഴ്‌സുമാരെ ആക്ഷേപിച്ചു കുമാര്‍ വിശ്വാസ്‌ പ്രസംഗിക്കുന്ന വീഡിയോ പുറത്തു വന്നിട്ടു  ഇതുവരെ ആംആദ്‌മി നേതാക്കള്‍ ഈ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഇരുപത്‌ ലക്ഷം നഴ്‌സുമാരാണ്‌ ഉള്ളത്‌. അവരില്‍ 18.50ലക്ഷം പേരും മലയാളി നഴ്‌സുമാരാണ്‌. അവരെയാണ്‌ നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചത്‌. കുമാര്‍ വിശ്വാസ്‌ നഴ്‌സുമാരുടെ തൊഴിലിനെ ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നു യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജാസ്‌മിന്‍ഷാ പറഞ്ഞു.

2010ലെ പ്രയോഗമാണെന്ന ആംആദ്‌മിയുടെ വാദം തികച്ചും ബാലിശമാണ്‌. അഴിമതിയും സ്‌ത്രീ സുരക്ഷയും മുന്‍നിറുത്തി പ്രചരണം നടത്തി ജനമനസുകളില്‍ സ്ഥാനം പിടിച്ച ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സ്‌ത്രീവിരുദ്ധവും വംശീയ പരാമര്‍ശവും ഉള്ള പ്രസ്‌താവന നടത്തിയത്‌ തികച്ചും അപലപനീയമാണെന്നു ജാസ്‌മിന്‍ ഷാ വ്യക്തമാക്കി.

ഈ പ്രസ്‌താവന പിന്‍വലിച്ച്‌ കേരളസമൂഹത്തോടു മാപ്പു പറയാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജാസ്‌മിന്‍ പറഞ്ഞു. ഇന്ന്‌ നഴ്‌സുമാര്‍ക്ക്‌ സംഘടനയുണ്ട്‌. ആതുര രംഗത്തെ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കുകയും മറുവശത്ത്‌ അവരെ അപമാനിക്കുകയും ചെയ്യുന്നത്‌ വെച്ചു പൊറുപ്പിക്കാനാവില്ല.
>സ്‌ത്രീകളെ അപമാനിക്കുന്ന വെറുമൊരു കൊമേഡിയനെയാണ്‌ അമേത്തിയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഈ പ്രസ്‌താവനയെ തള്ളികളയില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജാസ്‌മിന്‍ ഷാ വ്യക്തമാക്കി.