Breaking News

Trending right now:
Description
 
Oct 30, 2012

കേരളത്തില്‍ പെണ്ണിനെ കണ്ടാല്‍ ഹാലിളകുന്ന "യൂത്ത്‌""""""
E.S. Gigimol

image ആള്‍ക്കൂട്ടത്തില്‍ ആരൂം കാണാതെ സ്‌ത്രീയെ തോണ്ടി സുഖം അനുഭവിക്കുന്ന യുവാക്കള്‍ കേരളത്തില്‍ കൂടി വരുന്നു. കഴിഞ്ഞ ദിവസം സുനന്ദ പുഷ്‌ക്കറോട്‌ നാം കാട്ടിയ അപമാനം കണ്ട്‌ അവള്‍ക്ക്‌ അതു തന്നെ വേണം എന്ന്‌ ആര്‍ത്തു ചിരിച്ചവരില്‍ സ്‌ത്രീകളുമൂണ്ട്‌. സുന്ദരിയായ സ്‌ത്രീയോട്‌ തോന്നുന്ന മലയാളിയുടെ ഈ അസൂയ കാരണമാകാം ഇത്തരം സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ യുവാക്കള്‍ക്ക്‌ തെറ്റു പറ്റുന്നത്‌.

പുറമേ കപട സദാചാരം നടിക്കുന്ന നമ്മുടെ പുരുഷന്മാര്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു അപരിചിത സ്‌ത്രീ അടുത്തിരുന്നാല്‍ ആകെ അസ്വസ്‌തരാകുന്നത്‌ കാണാം. അല്ലെങ്കില്‍ അറിയാത്ത ഭാവത്തില്‍ സ്‌ത്രീയോട്‌ ചേര്‍ന്നിരിക്കും. പ്രതികരിക്കുന്ന സ്‌ത്രീകളോട്‌ മറ്റു യാത്രക്കാരുടെ മനോഭാവം ഇങ്ങനെയായിരിക്കും, "എന്തിനാ ആ സീറ്റില്‍ ഇരിക്കാന്‍ പോയത്‌".

വൈകാരിക സാക്ഷരത കൈവരിക്കാന്‍ നമ്മുടെ പുരുഷന്മാര്‍ക്ക്‌ സ്റ്റഡി ക്ലാസ്‌ കൊടുക്കേണ്ട ഗതിക്കേടിലാണ്‌ നമ്മള്‍. കേരളത്തില്‍ എത്തിയ സുനന്ദയെ നമ്മുടെ സാംസ്‌കാരിക സമ്പന്നന്‍മാരായ യൂത്തുകാര്‍ "കൈകാര്യം" ചെയ്‌തതില്‍ കേരളത്തിലെ ഒട്ടും മിക്ക മാധ്യമങ്ങളും അല്‌പം സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ തികച്ചും ലജ്ജാകരമായ ഒരു സംഗതിയായി കണ്ട്‌ കേരളം തലകുനിക്കട്ടെ.

വിദ്യ സമ്പന്നരായ നമ്മള്‍ ഇത്രമാത്രം പക്വതയില്ലാതെ പെരുമാറിയപ്പോള്‍ കേരളം ദൈവത്തിന്റെ നാടല്ല, കാമഭ്രാന്തന്‍മാരുടെ നാടാണോ എന്ന്‌ അന്യനാട്ടുകാര്‍ സംശയിച്ചു പോകും. സുനന്ദ പുഷ്‌ക്കര്‍ നല്‌കിയ കരണത്തടി ഏറ്റത്‌ കേരളത്തിന്റെ അഭിമാനത്തിനാണ്‌. മുമ്പ്‌ ലാലു പ്രസാദിന്റെ മകള്‍ കേരളത്തില്‍ എത്തിയപ്പോഴും ഇത്തരത്തില്‍ അപമാനകരമായ ഒരു വാര്‍ത്ത നാം കാണേണ്ടി വന്നു. കാശ്‌മീര്‍കാരിയും നമ്മുടെ സംസ്ഥാനത്തെ ഒരു എംപിയുമായ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌ക്കര്‍ക്ക്‌ ഏയര്‍പോര്‍ട്ടില്‍ ഏല്‌ക്കേണ്ടിവന്ന കയ്യേറ്റശ്രമം നമ്മുടെ നാടിനു തന്നെ കളങ്കമാണെന്ന്‌ പറയാതെ വയ്യ.

തന്റെ പ്രിയതമയെ യൂത്തന്‍മാര്‍ എന്ന ദുശാസനന്‍മാര്‍ കൈകാര്യം ചെയ്‌തതിനു തൊട്ടുപിന്നാലെ രീതിയെക്കുറിച്ച്‌ കണ്ടില്ലെന്ന്‌ നടിച്ച ഈ "'അഭിനവ അര്‍ജ്ജുനന്‍"' മോഡിയുടെ വക ഒരു കൊട്ട്‌. 50 കോടിയുടെ മുതലാണ്‌ കൈയ്യിലിക്കുന്നതെന്നാണ്‌ ശശി തരൂരിന്റെ ഭാര്യയെക്കുറിച്ച്‌ മോഡി നടത്തിയ പരാമര്‍ശം.

നാളത്തെ പ്രധാനമന്ത്രിയുടെ വായില്‍ നിന്നാണ്‌ അന്യന്റെ ഭാര്യയെക്കുറിച്ച്‌ ഒരു വ്യക്തി നടത്തുന്ന ആരോപണം. ഉടന്‍തന്നെ തരൂരിന്റെ ട്വിറ്റര്‍ കിളി ചിലച്ചു.

തന്റെ ഭാര്യയ്‌ക്ക്‌ 50 കോടിയല്ല വിലയെന്നും വിലമതിക്കാനാവാത്തതാണെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. നമ്മള്‍ ഇന്ത്യക്കാര്‍, സദാചാരവാദികള്‍, സ്‌ത്രീ വലിയ സംഭവമാണെന്ന്‌ ഉപനിഷത്തും മഹാഭാരതവും ഒക്കെ കൂട്ടിപിടിച്ച്‌ പറയും. അവസരം വന്നാല്‍ മോഡിപോലും തരൂരിന്റെ മാത്രമല്ല അയല്‍പക്കക്കാരന്റെ ഭാര്യയെ പറ്റിയും പറയും പരദൂഷണം.

നാളെയും മറ്റെന്നാളും "സ്‌ത്രീ വിഷയങ്ങളില്‍" താല്‌പര്യമുള്ള വായനക്കാര്‍ മോഡിയുടെ ചൂടുള്ള പ്രതികരണത്തില്‍ എരിവും പുളിയും ചേര്‍ക്കും. സ്‌ത്രീയെ അറിയാതെ ആഞ്‌ജനേയനെ പ്രാര്‍ഥിച്ചു രാജ്യം ഭരിക്കുന്ന മോഡി പോലും സുനന്ദയേക്കുറിച്ച്‌ ഇങ്ങനെ പ്രതികരിച്ചല്ലോ... ഹാ കഷ്ടം!!!