Breaking News

Trending right now:
Description
 
Jan 18, 2014

തേക്കടി സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഓണ്‍ലൈന്‍ ബുക്കിങ്‌ ഏര്‍പ്പെടുത്തും

image തേക്കടിയില്‍ വനംവകുപ്പ്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ഏര്‍പ്പെടുത്തുന്നു. ബോട്ടിംഗ്‌, ട്രക്കിംഗ്‌ എന്നിവയടക്കം ഇവിടെ ലഭ്യമാകുന്ന ഏത്‌ സൗകര്യത്തിനും ഓണ്‍ലൈന്‍വഴി ബുക്കുചെയ്യാം. പ്രത്യേക വെബ്‌ സൈറ്റും വനംവകുപ്പ്‌ തയാറാക്കുന്നുണ്ട്‌. ടിക്കറ്റ്‌ കരിഞ്ചന്തയും തിരക്കും ഒഴിവാക്കുന്നതിനും തേക്കടി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ടിക്കറ്റ്‌ ഉറപ്പുവരുത്തുന്നതിനുമാണ്‌ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന്‌ തേക്കടി ഡിഎഫ്‌ഒ സഞ്‌ജയന്‍കുമാര്‍ പറഞ്ഞു. തേക്കടി ചെക്കുപോസ്‌റ്റുമുതല്‍ പ്രധാന സ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ബാര്‍ കോഡ്‌ ചെയ്‌ത ടിക്കറ്റാണ്‌ ലഭ്യമാക്കുക. ടിക്കറ്റ്‌ പരിശോധിക്കുന്നതിന്‌ വിവിധ സ്ഥലങ്ങളില്‍ സ്‌കാനറും പ്രിന്ററും അടക്കമുള്ളവ സ്ഥാപിക്കും. എടിഎം മാതൃകയില്‍ കുമളിയിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ടിക്കറ്റിംഗ്‌ മെഷിനുകള്‍ ഉണ്ടാകും. കുമളിയില്‍ മൊബൈല്‍ ടിക്കറ്റിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വേ ടിക്കറ്റ്‌ ബുക്കു ചെയ്യുന്നതുപോലെ പിഎന്‍ആര്‍ വഴിയും ടിക്കറ്റ്‌ ബുക്കുചെയ്യാം. പ്രധാന സ്ഥലങ്ങളിലെല്ലാം സ്വിംഗ്‌ ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും ഡിഎഫ്‌ഒ പറഞ്ഞു. ആനച്ചാലില്‍ സെന്‍ട്രലൈസ്‌ഡ്‌ എസി സംവിധാനമുള്ള ഹാള്‍ തയാറാക്കും. ഇടപ്പാളയത്ത്‌ വനത്തില്‍ പഴയ വാച്ച്‌ ടവര്‍ കൂടുതല്‍ സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുണ്ട്‌. പക്ഷിനിരീക്ഷണത്തിന്‌ പ്രത്യേക ടൂര്‍ ആരംഭിക്കും. ഹോളിഡേ ഹോമിനു സമീപമുള്ള ഗാന്ധിപാര്‍ക്കില്‍ ആര്‍ട്ട്‌ ഗാലറിയും ചിത്രശലഭങ്ങളുടെ പാര്‍ക്കും തുടങ്ങും. ഓണ്‍ലൈന്‌ എല്ലാ ടിക്കറ്റുകളും നല്‍കില്ലെന്നും നിശ്ചിത ടിക്കറ്റുകള്‍ മാറ്റിവയ്‌ക്കുമെന്നും ഡിഎഫ്‌ഒ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ്‌ തേക്കടിയിലെ പരിഷ്‌കാരങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌.