Breaking News

Trending right now:
Description
 
Jan 16, 2014

ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.എന്‍.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

image തൃശൂര്‍: ജനമനസുകള്‍ ഏറ്റെടുത്ത ജനകീയ നഴ്‌സിംഗ്‌ സമരങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ നഴ്‌സിംഗ്‌ സംഘടനയായ യു.എന്‍.എ മത്സരിക്കും. നഴ്‌സിംഗ്‌ സമൂഹത്തിന്‌ പ്രാതിനിധ്യമുള്ള ആറു മണ്ഡലങ്ങളിലാണ്‌ പ്രധാനമായും യു.എന്‍.എ മത്സരിക്കാന്‍ തയാറെടുക്കുന്നതെന്ന്‌ യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുദീപ്‌ എം. വി ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ഡോ.ബലരാമന്‍ അദ്ധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട്‌ നടപ്പാക്കാതെ പൂഴ്‌ത്തിവെച്ചിരിക്കുന്നതിനെതിരെയും പുതുക്കിയ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാതെ നഴ്‌സിംഗ്‌ സമൂഹത്തിനോട്‌ കാണിക്കുന്ന കടുത്ത അവഗണനയോടുമുള്ള പ്രതിഷേധം ബാലറ്റിലൂടെ രേഖപ്പെടുത്തുക എന്ന മുദ്രാവാക്യമാണ്‌ യു.എന്‍.എ മുന്നോട്ടു വച്ചിരിക്കുന്നത്‌.

ജനകീയ സമരങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയായിരിക്കും യു.എന്‍.എയുടെ തിരഞ്ഞെടുപ്പു രംഗപ്രവേശം. സമാന ചിന്താഗതിക്കാരായിട്ടുള്ളവരുടെ പിന്തുണയും യു.എന്‍.എയ്‌ക്ക്‌ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്ന രീതി അരാഷ്ട്രീയവും ജനാധിപത്യവിരുദ്ധവുമായതിനാലാണ്‌ മത്സരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌. രാഷ്ട്രീയമായി നഴ്‌സിംഗ്‌ സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്‌.

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നി ജില്ലകളില്‍ നഴ്‌സുമാര്‍ക്ക്‌ നല്ല പ്രാതിനിധ്യമുണ്ട്‌. നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍ കൂടി ചേര്‍ന്നാല്‍ നല്ല പോരാട്ടം കാഴ്‌ച വെക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോര്‍പറേറ്റ്‌ ആതുര സേവന മേഖലയ്‌ക്കുനേരെ യു.എന്‍.എ നടത്തിയ പോരാട്ടത്തിന്‌ ജനകീയ അംഗീകാരം ലഭിച്ചതാണ്‌. പൊതുസമൂഹത്തിന്റെ നന്മക്കായി ഈ പോരാട്ട വീര്യത്തെ ഉപയോഗിക്കാന്‍ വിദേശത്തും സ്വദേശത്തുമുള്ള നഴ്‌സുമാര്‍ പിന്തുണ അറിയിച്ചു കഴിഞ്ഞു. 20 മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നാണ്‌ തീരുമാനമെങ്കിലും 25000-ല്‍ അധികം നഴ്‌സുമാര്‍ ഉള്ള ആറു ജില്ലകളില്‍ യു.എന്‍.എയുടെ പ്രാതിനിധ്യം ഉറപ്പായി ഉണ്ടാകുമെന്ന്‌ സുദീപ്‌ വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജനുവരി 22-ന്‌ യു.എന്‍.എ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. അന്ന്‌ സ്ഥാനാര്‍ത്ഥികളുടെ പേരു പ്രഖ്യാപിക്കുമെന്നും ഫെബ്രുവരി 15-ഓടെ പ്രചരണം തുടങ്ങുമെന്നും സുദീപ്‌ എം.വി പറഞ്ഞു.