Breaking News

Trending right now:
Description
 
Jan 16, 2014

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം.

Sajan Jose
image


ന്യൂഡെൽഹി : വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈൻ വഴിയോ തപാൽ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ അന്താരാഷ്ട്ര പ്രസിഡണ്ട് രാജീവ് ജോസഫ് കഴിഞ്ഞ ആറാം തീയതി ഡെൽഹിയിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നു ദിവസമായപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. കഴിഞ്ഞ രാത്രിയിൽ ശാരീരികാസ്വാസ്ഥ്യം ഉണ്ടായെങ്കിലും സമരത്തിൽ നിന്നും പിന്മാറാൻ രാജീവ് ജോസഫ് തയ്യാറായില്ല. കഴിഞ്ഞ 10 രാത്രികളിലും കൂട്ടിരുന്ന ആം ആദ്മി പാർട്ടി പ്രവർത്തകൻ സാവിയോ പീറ്റർ ഗവണ്‍മെന്റിന്റെ ക്രൂരമായ അവഗണനയെ നിശിതമായി വിമർശിച്ചു. പതിനൊന്നു ദിവസം പച്ചവെള്ളം മാത്രം കുടിച്ചു പാരലമെന്റിന് സമീപം അപകടാവസ്ഥയിൽ സത്യാഗ്രഹമിരിക്കുന്ന രാജീവിന്റെ ആരോഗ്യ നില പരിശോധിക്കുവാൻ ഒരു ഡോക്റ്റർ പോലും എത്തിയിട്ടില്ലാ എന്നത് കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ മനുഷ്യത്തരഹിതമായ സ്വഭാവമാണ് തുറന്ന് കാണിക്കുന്നതെന്ന് സാവിയോ പീറ്റർ ആരോപിച്ചു. അണ്ണാ ഹസ്സാരെയുടെ സമരത്തിനെതിരെ മുഖം തിരിഞ്ഞു നിന്ന കോണ്‍ഗ്രസ്‌ പാർട്ടിയും ഗവണ്‍മെന്റും ഡെൽഹി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാഠം പഠിച്ചിട്ടില്ലെന്ന് സാവിയോ കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം രാജീവിനു സംഭവിച്ചാൽ കേന്ദ്ര മന്ത്രിസഭ രാജിവെച്ചൊഴിയണമെന്ന് സാവിയോ പീറ്റർ ആവശ്യപ്പെട്ടു. 


തന്നെ അറസ്റ്റ് ചെയ്ത് സമരം അട്ടിമറിക്കാൻ ഗവണ്‍മെന്റു ശ്രമിച്ചാൽ ലോക മേമ്പാടുമുള്ള പ്രവാസികൾ ഈ സമരം ഏറ്റെടുക്കണമെന്ന് രാജീവ് ജോസഫ് ആഹ്വാനം ചെയ്തു. തന്റെ സമരം മാധ്യമങ്ങളിൽ നിന്നും അകറ്റിനിർത്താൻ പ്രവാസികാര്യകാര്യ മന്ത്രിയും അനുയായികളും നടത്തുന്ന കുത്സിത ശ്രമങ്ങൾ പ്രവാസ ലോകം മനസിലാക്കണമെന്നും രാജീവ് അഭ്യർഥിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ പൗരാവകാശത്തിനായി താൻ നടത്തുന്ന സഹന സമരത്തെ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ് പുഛിച്ചു തള്ളുന്നത്, പ്രവാസി സമൂഹത്തോടുള്ള  കോണ്‍ഗ്രസ്‌ പാർട്ടിയുടെയും നേതാക്കളുടെയും നിലപാടാണെന്ന് രാജീവ് ജോസഫ് ഓർമ്മിപ്പിച്ചു. സുഖവാസത്തിനും കച്ചവടത്തിനും ഫണ്ട് പിരിവിനുമായി ലോകം മുഴുവൻ കറങ്ങി നടക്കുന്ന മന്തിമാരുടെയും നേതാക്കളുടെയും തനിനിറം പ്രവാസികൾ ഇനിയെങ്കിലും മനസിലാക്കണമെന്നും രാജീവ് അഭ്യർഥിച്ചു.