Breaking News

Trending right now:
Description
 
Jan 15, 2014

പരി.ബസ്സേലി​യോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെ​രുന്നാള്‍

Fr. Johnson Punchakkonam
image

ഭാരത ക്രിസ്തവസഭയിൽ മാർത്തോമസിംഹാസനത്തിലെ 89 -മത്തെ പിന്ഗാമിയായും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 6-ാം കാതോലിക്കായും മലങ്കരയുടെ സൂരൃതേജസും, ശാസ്താംകോട്ട മൌണ്ട്‌ ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന സ്നേഹസ്വരൂപിയായ, പരി.ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവാ തിരുമേനിയുടെ 8-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ 2014 ജനുവരി 26,27 തീയതികളില്‍ മലങ്കര സഭ ഭക്തിനിര്‍ഭരമായി കൊണ്ടാടുവാൻ ഒരുങ്ങുകയാണ്.

1915 ജനുവരി 30- തീയതി ശനിയാഴ്ച കൊല്ലം ജില്ലയിലെ പെരിനാട് എന്ന ചെറുഗ്രാമത്തിൽ പുത്തൻവീട്ടിൽ ശ്രി. ഇടുക്കുളയുടെയും ശ്രിമതി. അന്നമ്മ ഇടുക്കുളയുടെയും മൂത്ത മകനായി ജനിച്ച മാത്യൂസ്‌ പെരിനാട്ടെ പാറക്കുളം എൻ. എസ്. എസ് സ്കൂളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം പഴയ സെമിനാരിയിലും, പത്തനംതിട്ട ബസിൽ ദയറായിലും, കൽകട്ട ബിഷപ്‌ കോളേജിലും അമേരിക്കയിലെ ന്യൂയോർക്ക് ജനറൽ തിയളോജിക്കൽ സെമിനാരിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി.

Catholicose II-0011938 ഏപ്രിൽ 17- ഞായറാഴ്ച ശെമ്മാശപട്ടവും 1941 മെയ്‌ 6 ചൊവ്വാഴ്ച പൂർണശെമ്മാശപട്ടവും തുടർന്ന് വൈദീകപട്ടവും സ്വീകരിച്ചു. ഓതറ ദയറായിലെ ദാരിദ്ര്യജീവിതാനുഭവം ആ സന്യാസ ജീവിതത്തെ "ഏയ്ജൽ അച്ഛൻ" എന്ന വിളിപ്പെരിലേക്കു മാറ്റി മറിക്കുന്നതായിരുന്നു.

കഠിനമായ നോമ്പും, ഉപവാസവും, ചിട്ടയായ പ്രാര്‍ത്ഥനയും മൂലം ശക്തിയാര്‍ജ്ജിച്ച്‍ അരനൂറ്റാണ്ട്‌ മേല്‍പ്പട്ടക്കാരനായും 14 വര്‍ഷം പൌരസ്ത്യ കാതോലിക്കായായും മലങ്കരസഭയെ മേയിച്ച്‍ നടത്തിയ മഹാഇടയൻ. ആത്മീയ, ഭൌതീക, രാഷ്ട്രീയ മണ്ഡലങ്ങളിൽ മലങ്കര സഭയുടെ യശ്ശസ്‌ ഉയര്‍ത്തിയ പരിശുദ്ധപിതാവിന്‍റെ കബറിടം ഇന്ന് സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു.

12 വർഷത്തെ നിഷ്ടയായ വൈദീകജീവിതാനുഭവം പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ ബാവ അടുത്തറിഞ്ഞു. 38-0 വയസിൽ 1953 മെയ് 15 വെള്ളിയാഴ്ച മലങ്കര സഭയുടെ മേല്പട്ടസ്ഥാനത്തേക്ക് "മാത്യൂസ്‌ മാർ കൂറിലോസ്" എന്ന പേരിൽ "ഇവൻ യോഗ്യൻ" എന്നർത്ഥമുള്ള "ഒക്സിയോസ്" വിളികൾ ഉയർന്നു. കൊല്ലം ഭദ്രാസനത്തിന്റെ മെത്രാപോലീത്തയായി പ്രഥമനിയോഗം, അനേകം സ്കൂളുകൾ, കോളേജുകൾ, സന്യാസ-ആശ്രമ പ്രസ്ഥാനങ്ങൾ, കോണ്‍വെന്റുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി അനവധി പ്രസ്ഥാനങ്ങൾക്ക്‌ കാരണഭൂതനായി. 1980 ലെ മലങ്കര അസോസിയേഷൻ മാത്യൂസ്‌ മാർ കൂറിലോസ് മെത്രപൊലീത്തയെ മലങ്കര മേത്രപോലീത്തയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു. 1991 എപ്രിൽ 29 തിങ്കളാഴ്ച "മോറാൻ മോർ ബസേലിയോസ് മാർത്തോമ മാത്യൂസ്‌ ദ്വിതീയൻ" എന്ന നാമം സ്വീകരിച്ചുകൊണ്ട് ഭാരത ക്രിസ്തവസഭയുടെ മാർത്തോമസിംഹാസനത്തിൽ 89 -മത്തെ പിന്ഗാമിയായും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 6-ാം കാതോലിക്കായും സ്ഥാനാരോഹണം ചെയ്തു. ഭാരതത്തിലെ പരമോന്നത നീതിപീഠം നിയോഗിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയ മലങ്കര അസോസിയേഷൻ വീണ്ടും തെരഞ്ഞെടുത്ത പരിശുദ്ധ പിതാവ് കാതോലിക്കായും മലങ്കര മെത്രപൊലീത്തയും ആയി സുദീര്‍ഘമായ പതിനാലര വർഷം ഈ സഭയെ നയിച്ചശേഷം 2005 ഒക്ടോബർ 29-നു ശനിയാഴ്ച വാർധക്യസഹജമായ ക്ഷീണംമൂലം സ്ഥാനത്യാഗം ചെയ്തുകൊണ്ട് തന്റെ പിൻഗാമിയായി " മോറാൻ മാർ ബസേലിയോസ് ദിദിമോസ് പ്രഥമൻ" ബാവയെ വാഴിച്ചു.

ഉന്നതനായ താപസശ്രേഷ്ഠന്‍, നിര്‍മലമാനസനായ ദൈവഭക്തന്‍, ധിഷണാശാലിയായ ഭരണാധികാരി, ഓർത്തഡോക്സ് ദൈവശാസ്ത്രത്തിന്റെ ആഴം കണ്ടെത്തിയ ദാര്‍ശനികന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി വിവിധ നിലകളിലെല്ലാം ഭാരതചരിത്രത്തില്‍ "ഏയ്ജൽ ബാവ" ഒരു വെള്ളി നക്ഷത്രമായി ജ്വലിച്ചു നില്‍ക്കുന്നു. ജീവിതംകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും, ഉപദേശങ്ങള്‍കൊണ്ടും, കേരള നഭോമണ്ഡലത്തെ പ്രദീപ്തമാക്കിയ പ്രകാശഗോപുരമായിരുന്നു മാത്യൂസ്‌ ദ്വിതീയന്‍ ബാവാ.

മലങ്കര സഭാ പാരമ്പര്യത്തില്‍ മണ്‍മറഞ്ഞ ശ്രേഷ്ഠ മഹാപുരോഹിതന്മാരുടെ സ്മരണയും മധ്യസ്ഥതയും സഭയ്ക്ക് എന്നും അനുഗ്രഹവും അതിലൂടെ അവരുടെ ജീവിതം വളര്‍ന്നുവരുന്നതായ തലമുറയ്ക്ക് മാതൃകയും അനുകരണീയവുമാണ്. കാലയവനികയ്ക്ക് അപ്പുറത്തേക്കു കടന്നുപോയെങ്കിലും സഭാമണ്ഡലത്തില്‍ ജ്വലിക്കുന്ന ജ്യോതിസുകളാണ് ഈ പുണ്യപിതാക്കന്മാര്‍.

പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവാ മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ധീരമായ നേതൃത്വത്തോടെ ഈ സഭയെ നയിച്ച്, ദൈവത്തിന്റെ പ്രവാചകനായ മോശ യിസ്രയേല്‍ ജനത്തെ മിസ്രേമ്യ ദാസ്യത്തില്‍നിന്നും വിടുവിച്ചതുപോലെ സഭയെ വൈദേശിക മേധാവിത്വത്തില്‍നിന്നു വിടുവിക്കുവാന്‍ കഠിനമായി പരിശ്രമിച്ചു. ആധ്യാത്മികതയും, വ്രതനിഷ്ഠയും സ്വജീവിതത്തില്‍ പിന്തുടരുകയായിരുന്നു. പ്രായാധിക്യത്തിലും, രോഗഗ്രസ്തനായപ്പോഴും നോമ്പിനും ഉപവാസത്തിനും ഒട്ടും ലാഘവം വരുത്തുവാൻ തയ്യാറല്ലായിരുന്നു. ’പ്രാര്‍ഥന’ എന്ന വാക്കിനെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നതു ’നമസ്കാരം’ എന്നായിരുന്നു.

വേദി മനസിലാക്കി പ്രസംഗിക്കുവാനുള്ള തിരുമേനിയുടെ കഴിവ് അപാരമായിരുന്നു. അപ്പോൾ തിരുമനസ്സിലെ മുഖശോഭ കൂടും; ശബ്ദം ഉയരും. പരിശുദ്ധാത്മ ചൈതന്യം അനുഭവപ്പെടും. ഘനഗംഭീരശബ്ദത്തിലുള്ള വചനഘോഷണം പരിശുദ്ധാത്മപ്രേരിതമായതിനാല്‍ ശ്രോതാക്കളെ സ്പര്‍ശിക്കും. വശ്യവും നിർമലമായ പുഞ്ചിരി ആരെയും കീഴ്പ്പെടുത്തുന്നതായിരുന്നു. പ്രധാന ആശയങ്ങൾ മൂന്നു പ്രാവശ്യം ആവർത്തിച്ചുറപ്പിച്ച് പറയുന്ന സ്വതസിദ്ധമായ ശൈലി ആരെയും ആഘർഷിക്കുന്നതായിരുന്നു.

Cath-001ജനങ്ങളില്‍നിന്ന് അകന്നുജീവിക്കുന്ന ആത്മീയ മേലധ്യക്ഷനെയല്ല, പ്രത്യുത ജനരഞ്ജകനും ജനങ്ങളുടെ ഇടയനുമായ ഒരു സ്നേഹനിധിയെയാണ് അദ്ദേഹത്തില്‍ ജനം ദര്‍ശിച്ചത്. "ഇടയനും ആടുകളും" എന്ന ബൈബിള്‍ വാങ്മയചിത്രത്തെ സ്വജീവിതത്തിലൂടെ സാര്‍ഥകമാക്കിയ ഇടയശ്രേഷ്ഠന്‍. ദിനംതോറും ഭാരതത്തിലും വിദേശരാജ്യങ്ങളിലും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്ന ഈ ഇടയശ്രേഷ്ഠന്റെ ശൈലിയെ പലരും വിമർശിച്ചിരുന്നു. എന്നാൽ വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സാധാരണ ജനങ്ങളുമായുള്ള വ്യക്തി ബന്ധം അത്തരത്തിലുള്ള വിമർശനങ്ങളെ ഉൾകൊള്ളുവാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം കൊല്ലം ഭദ്രാസന മെത്രാപൊലീത്താ ആയിരിക്കുമ്പോൾ എന്റെ പൈതൽപ്രായത്തിൽ ഒരു സംഭവം ഇപ്പോഴും മനസിന്റെ ഏടുകളിൽ മായാതെ കോറിയിടുന്നു. എന്റെ മാതൃ ഇടവകയായ കൊല്ലം ജില്ലയിലെ ഇളമാട് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവകയിൽ വർഷത്തിലൊരിക്കലുള്ള അദ്ദേഹത്തിന്റെ ഇടവക സന്ദർശനം. അന്നത്തെ പരിമിതമായ സൌകര്യങ്ങളിൽ വെള്ളി മുതൽ ഞായർ വരെ ദിവസങ്ങളിൽ ദേവാലയത്തിൽ താമസിച്ചു കൊണ്ട് ഓരോ ഇടവകാഗങളെയും നേരിട്ട് അടുത്തറിയുന്ന ആ നല്ല ഇടയശ്രേഷ്ടന്റെ മാതൃക ആധുനിക തലമുറക്ക് അന്യമായിരിക്കുന്നു. ഈ വ്യക്തി ബന്ധമാണ് വാർദ്ധക്യത്തിലും വിശ്രമമില്ലാതെ ഓടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

വിശ്വാസപരമായ കാര്യങ്ങളിലും അനുഷ്ഠാനപരമായ നിബന്ധനകളിലും അദ്ദേഹത്തിന് കടുത്ത യാഥാസ്ഥിതികഭാവമായിരുന്നു . പൂർവികപിതാക്കന്‍മാരില്‍നിന്നു കൈമാറിവന്നിട്ടുള്ള വിശ്വാസസത്യങ്ങളെ യുക്തിയുടെ പേരിലോ ആധുനികതയുടെ പേരിലോ വിത്യാസപ്പെടുത്താന്‍ ആ മനസ് ഒട്ടും തയ്യാറല്ലായിരുന്നു. എത്ര താമസിച്ചാലും ഒരു കൌമാ പോലും വിടുവാൻ തയ്യാറല്ല. ഏതെങ്കിലും ശുശ്രൂഷാക്രമങ്ങള്‍ ചുരുക്കുന്നത് അദ്ദേഹത്തിന് അചിന്ത്യമായിരുന്നു. അനുഷ്ടിക്കുന്ന ശുശ്രുഷ പൂര്‍ണത വരുന്നത് അതേപടി നിര്‍വഹിക്കുന്നതിലാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

Catholicos-Mathews-II-2000-003വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലായിരുന്നെങ്കിലും ഇതരമത, സഭാ മേലധ്യക്ഷന്‍മാരുമായി വ്യക്തിപരമായ അടുത്ത സൌഹൃദം പുലര്‍ത്തുവാൻ ശ്രദ്ധിച്ചിരുന്നു . വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിൽ അദ്ദേഹം വിശാലഹൃദയനും സൌഹൃദസമ്പന്നനുമായിരുന്നു. ഭാരതത്തിലെ ഇതര രാഷ്ട്രീയ, സമുദായ നേതാക്കന്മാരുമായി ഉറ്റസൌഹൃദബന്ധം കാത്തുപരിപാലിക്കുന്നതിൽ ഒട്ടും പിശുക്ക് കാട്ടിയിരുന്നില്ല.

ഞാൻ തിരുവനന്തപുരത്ത് നാലാഞ്ചിറ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ വികാരിയായിരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഓർമയിൽ തളിരിട്ടുനില്ക്കുന്നു.  മുൻ കേന്ദ്രമന്ത്രി കൃഷണകുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ കൗടിയാറിലുള്ള ഭവനത്തിൽ സന്ദർശിച്ച പരിശുദ്ധ ബാവതിരുമേനി പ്രാർഥനക്ക്ശേഷം പെണ്‍കുട്ടിയുടെ തലയിൽകൈ വച്ചനുഗ്രഹിച്ചശേഷം കൂടെ ഉണ്ടായിരുന്ന സാം അച്ഛന്റെ കയ്യിൽ നിന്നും മുൻകൂട്ടികരുതിയ സ്വർണമോതിരം ആ കുട്ടിയുടെ കൈവിരലിൽ അണിയിച്ചുകൊടുത്തു. ജാതി-മത വിത്യാസമില്ലാതെ അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുമായിരുന്നില്ല.

സുദീര്‍ഘമായ നാല്പതോളം വര്‍ഷം കൊല്ലം ഭദ്രാസനത്തിന്റെ സാരഥിയായും നീണ്ട പതിനാലര വർഷം പൌരസ്ത്യ കാതോലിക്കായായും,മലങ്കരസഭ മുഴുവന്റെയും പരമാധ്യക്ഷനായും പ്രശസ്ത സേവനം അനുഷ്ഠിക്കാന്‍ സാധിച്ചു. സഭാന്തരീക്ഷം സംഘര്‍ഷഭരിതമായിരിക്കുമ്പോഴാണ് അദ്ദേഹം സഭയുടെ സാരഥ്യം ഏറ്റെടുത്തത്. എന്നാല്‍ സുപ്രീം കോടതിയില്‍നിന്നുള്ള അനുകൂല വിധിയെത്തുടര്‍ന്നു സമാധാനത്തിന്റെ തുറമുഖത്തു സഭാനൌകയെ എത്തിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി.

മലങ്കരസഭയിൽ അനേകരെ വൈദീകരായും, മേല്പ്പട്ടക്കാരായും, ശെമാശൻമാരായും ശുശ്രുഷകരായും, ദയറാക്കാരായും പട്ടം കെട്ടി. 1992 -ൽ പുണ്യവാനായ ഈ മഹാപരിശുദ്ധനിൽ നിന്ന് വൈദീകപട്ടം സ്വീകരിക്കുവാൻ ലഭിച്ച ഭാഗ്യം സ്വർഗീയഅനുഭവമായി എന്റെ മനസ്സിൽ എന്നും നിറഞ്ഞ്നില്ക്കുന്നു. ആ കരങ്ങളിലൂടെ അനേക ദേവാലയങ്ങൾ കൂദാശ ചെയ്യപ്പെട്ടു. 1999 മാർച്ച് 26 വെള്ളിയാഴ്ച കോട്ടയം ദേവലോകം അരമനയിൽ മൂറോൻ കൂദാശചെയ്തു. അനുഷ്ട്ടിച്ച കൂദാശകൾ എല്ലാം തന്നെ വിശ്വാസികളിൽ പരിശുദ്ധത്മനിറവിന്റെ ആത്മീയ അനുഭൂതി പകരുന്നവയായിരുന്നു

2006 ജനുവരി 26 വ്ഴാഴാഴ്ച മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ ആ പരിശുദ്ധ പിതാവ് തന്റെ ഇഹലോകവാസം വെടിഞ്ഞു. ആ പുണ്യവാന്റെ ഭൌധീകശരീരം തന്റെ ആഗ്രഹപ്രകാരം ശാസ്താംകോട്ട കായലിന്റെ മനോഹാരിതയിൽ മൌണ്ട് ഹോറെബ് ആശ്രമചാപ്പലിൽ മുൻകൂട്ടി തയ്യാറാക്കിയ കല്ലറയിൽ അന്ദ്യവിശ്രമം കൊള്ളുന്നു. ഓര്‍ത്തഡോക്സ്‌ സഭാവിശ്വാസികള്‍ക്ക്‍ മാത്രമല്ലാ,നാനാജാതിമതസ്ഥര്‍ക്കും ആശാകേന്ദ്രവും,അഭയസ്ഥാനവും,ദിവ്യമായ വാഴ്‌വുകളുടെ ഉറവിടവുമാണ്‌ പരിശുദ്ധപിതാവിന്‍റെ കബറിടം.

2014-പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‍ പരി.ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദ്വിദിമോസ്‌ പ്രഥമന്‍ വലിയ ബാവായും, പരി.ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിദിയന്‍ കാതോലിക്കാ ബാവായും, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.