Breaking News

Trending right now:
Description
 
Jan 13, 2014

ലിബിയയിലെ നഴ്‌സുമാരുടെ ദുരിതം:ഒരാഴ്‌ചക്കുശേഷം ഇന്ന്‌ ഭക്ഷണം ലഭിച്ചു, സര്‍ക്കാര്‍ ഇടപെടാമെന്നു വാഗ്‌ദാനം

image

ലിബിയയിലെ നഴ്‌സുമാരുടെ ദുരന്ത വാര്‍ത്ത ഗ്ലോബല്‍ മലയാളം പുറത്തു വിട്ടതോടെ ഏജന്‍സികളും സര്‍ക്കാരും ഇന്ന്‌ ഭക്ഷണം എത്തിച്ചു നല്‌കിയതായി ലിബിയയില്‍ ദുരിത വാര്‍ത്ത പുറത്തറിയിച്ച സൗമ്യ സെബാസ്റ്റ്യന്‍ ഗ്ലോബല്‍ മലയാളത്തെ അറിയിച്ചു.
"എന്നാല്‍ ഭയാശങ്കയിലാണ്‌ നഴ്‌സുമാര്‍. ഇന്ന്‌ രാവിലെ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിനു മുകളില്‍ പോലീസുകാരാണോ തീവ്രവാദികളാണോ എന്നറിയില്ല ഒരു കൂട്ടം പേര്‍ സായുധരായി സ്ഥാനം പിടിച്ചിട്ടുണ്ട്‌. രണ്ടുകൂട്ടരെയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ട്രിപ്പോളിയില്‍ നിന്ന്‌ അകലെ സെബ എന്ന സ്ഥലത്താണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. സെബ മെഡിക്കല്‍ സെന്ററിലേക്ക്‌ ഞങ്ങള്‍ ഡ്യൂട്ടിക്ക്‌ പോകുകയാണ്‌. ഡ്യൂട്ടിക്ക്‌ ചെല്ലുവാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നു. ഇല്ലെങ്കില്‍ റൂം വെക്കേറ്റ്‌ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നത്‌.
ഇന്ന്‌ യു.എന്‍.എയുടെയും ഗ്ലോബല്‍ മലയാളത്തിന്റെ ഇടപെടലില്‍ ഭക്ഷണം ലഭിച്ച സന്തോഷത്തിലാണ്‌ ഞങ്ങള്‍`.

aims എന്ന ഏജന്‍സി മുഖേനയാണ്‌ ഇവര്‍ ലിബിയയില്‍ എത്തിയത്‌. ഞങ്ങള്‍ ഏജന്‍സിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഭക്ഷണവും ശമ്പളവും വാങ്ങി നല്‌കുന്നതില്‍ ഇടപെടാമെന്നു ഏജന്‍സി ഉറപ്പു നല്‌കി. യു.എന്‍.എയുടെ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായെ ഫോണില്‍ വിളിച്ചാണ്‌ എയിംസ്‌്‌ എംഡി അബ്ദുള്‍ ഖാദര്‍ ഉറപ്പു നല്‌കിയത്‌.
എന്നാല്‍ ആഭ്യന്തര കലഹം ശക്തമായ ലിബിയയിലെ മറ്റു സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ആകില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ബാഗ്ലൂരിലെ ഏജന്‍സി നഴ്‌സുമാര്‍ അവിടെ എത്തി ജോലിയില്‍ പ്രവേശിച്ചതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന്‌ കയ്യൊഴിഞ്ഞു. എയിംസ്‌ ഏജന്‍സി മുഖേന 450യോളം പേരാണ്‌ ലിബിയയില്‍ എത്തിയിരിക്കുന്നത്‌.

വിമതരും സായുധ ഗ്രൂപ്പുകളും തീവ്രവാദിസംഘടനകളും പിടി മുറിക്കിയിരിക്കുന്ന ലിബിയയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്‌. 850 ലിബിയന്‍ ദിനാര്‍ ഉറപ്പാക്കി എംഒഎച്ച്‌ നഴ്‌സുമാരായാണ്‌ ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്‌. എന്നാല്‍ അഡ്വാന്‍സ്‌ മാത്രമാണ്‌ ഇവര്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ജോലിസ്ഥലത്ത്‌ എത്തി വിമതര്‍ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നും എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നും നീതു എന്ന നഴ്‌സ്‌ ഇന്ന്‌ മൊബൈലിലില്‍ വിളിച്ചു കരഞ്ഞുകൊണ്ട്‌ യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിനോട്‌ പറഞ്ഞു.
തീര്‍ത്തും സാമ്പത്തികമായ പിന്നോക്കെ നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ ഒരു മരുപച്ചയായി കണ്ടാണ്‌ ലിബിയയിലേക്ക്‌ പോയത്‌. രണ്ടുലക്ഷം രൂപയാണ്‌ ഏജന്‍സിക്ക്‌ നല്‌കിയത്‌. പലരും വായ്‌പയെടുത്താണ്‌ വിദേശത്ത്‌ എത്തിയിരിക്കുന്നത്‌. കഴിഞ്ഞ മെയ്‌28നാണ്‌ ഇവര്‍ ലിബിയയില്‍ എത്തിയത്‌. സര്‍ക്കാര്‍ സര്‍വീസിലായതുകൊണ്ടാണ്‌ ഇവരെ വിട്ടതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ എംബസിയില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും കിട്ടിയാല്‍ തന്നെ അവര്‍ അവ്യക്തമായ മറുപടികള്‍ പറഞ്ഞു ഒഴിവാകുകയാണെന്നും വ്യക്തമാക്കി.
സൗമ്യ സെബാസ്‌റ്റിയന്‍, സിബി ഷിജു, സിജി ബിനോയി, ലസിത ലൂയിസ്‌, സുനിത തുടങ്ങിയ,ഇന്ന്‌ പരാതി നല്‌കിയ 13 നഴ്‌സുമാരെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാമെന്നു മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞതായി ലിബിയയില്‍ കുടുങ്ങി കിടക്കുന്ന സൗമ്യ ആന്റണിയുടെ മാതാവ്‌ സാലി ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കി.