Breaking News

Trending right now:
Description
 
Jan 13, 2014

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കെതിരേ സിപിഎം ഒളിവില്‍ ചൂലെടുക്കും

മരുവര്‍ കുഴലി /Political Desk
image വളഞ്ഞവഴിയിലൂടെ സിപിഐയെ ഒതുക്കി സീറ്റ്‌ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം തുടങ്ങി


തിരുവനന്തപുരം സീറ്റ്‌ സിപിഐയില്‍നിന്ന്‌ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയ സിപിഎം വളഞ്ഞവഴിയിലൂടെ സിപിഐയെ ഒതുക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിക്കു പിന്തുണ നല്‌കി സീറ്റ്‌ പിടിച്ചെടുക്കുന്നതിനുള്ള തന്ത്രമാണ്‌ സിപിഎം പയറ്റുന്നത്‌. മധ്യതിരുവിതാകൂറിലും വടക്കുള്ള മണ്ഡലത്തിലും കോണ്‍ഗ്രസും സിപിഐയും നേരിട്ട്‌ മത്സരിച്ച മണ്ഡലത്തില്‍ ആം ആദ്‌മി പാര്‍ട്ടിക്കായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎം മുന്‍കൈയെടുക്കുകയാണ്‌. ഇതിനായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പിണറായി വിജയന്‍ നടത്തുന്ന സംസ്ഥാനതല ജാഥയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകും.

ആം ആദ്‌മി പാര്‍ട്ടി കേരളത്തിലെ കൂട്ടാളിയായി സിപിഎമ്മിനെ കാണുന്നുണ്ട്‌. അച്യുതാനന്ദനുമായി ഇക്കാര്യത്തില്‍ ചില ധാരണകള്‍ സ്വരൂപിക്കാന്‍ പ്രഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും ഔദ്യോഗികതലത്തില്‍ ഇതുവരെയും കൂടിക്കാഴ്‌ചകള്‍ നടന്നിട്ടില്ല.


തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, വയനാട്‌ എന്നീ മണ്ഡലങ്ങളിലാണ്‌ സിപിഐ മത്സരിച്ചിരുന്നത്‌. തിരുവനന്തപുരം മണ്‌്‌ഡലത്തില്‍ ശശി തരൂരിനെതിരേ മത്സരിച്ച സിപിഐയുടെ പി. രാമചന്ദ്രന്‍ നായര്‍ക്ക്‌ 30.74 ശതമാനം വോട്ടുകള്‍ നേടാനേയായുള്ളൂ. എന്നാല്‍, തരൂര്‍ 44.29 ശതമാനം വോട്ടുകള്‍ നേടി. 2005-ലെ ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചപ്പോള്‍ നേടിയതിനേക്കാള്‍ 41.91 ശതമാനം കുറച്ചു വോട്ടുകള്‍ നേടാനേ സിപിഐക്കു കഴിഞ്ഞിരുന്നുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ തിരുവനന്തപുരം ലോക്‌സഭാ സീറ്റ്‌ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം നടത്തിയത്‌. പകരം സിപിഎം വിജയിച്ച തിരുവനന്തപുരം ജില്ലയിലെ തന്നെ ആറ്റിങ്ങല്‍ വേണമെന്ന സൂചനകള്‍ സിപിഐയില്‍നിന്നു ലഭിച്ചതോടെ ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല.



തൃശൂരില്‍ 47.23 ശതമാനം വോട്ടുകളോടെ പി.സി. ചാക്കോ വിജയിച്ചപ്പോള്‍ സിപിഐയിലെ സി.എന്‍. ജയദേവന്‍ 44.14 ശതമാനം വോട്ടുകള്‍ നേടിയിരുന്നു ബിജെപി ഇവിടെ 6.70 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി. ആം ആദ്‌മി പാര്‍ട്ടിക്ക്‌ തൃശൂര്‍ മണ്ഡലത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള വളക്കൂറുണ്ടെന്നാണ്‌ സിപിഎമ്മിന്റെ വിലയിരുത്തല്‍. രാഷ്ട്രീയത്തിന്‌ അതീതമായി വോട്ടുകള്‍ നേടാന്‍ കഴിയുന്ന സംഘടനയുടെ യുവനേതാവിനെ ആം ആദ്‌മി പാര്‍ട്ടിയുടെ ലേബലില്‍ രംഗത്തിറക്കാനാണ്‌ ആലോചന. ഇത്‌ വിജയിച്ചാല്‍ ചോരുന്നത്‌ സിപിഐ സ്ഥാനാര്‍ത്ഥിക്കു ലഭിക്കേണ്ട ഇടതുമുന്നണി വോട്ടുകളാകും. 



കൊടിക്കുന്നേല്‍ വിജയിച്ച മാവേലിക്കരയില്‍ സിപിഐയിലെ ആര്‍.എസ്‌. അനിലുമായി നേരിട്ട്‌ ഏറ്റുമുട്ടുകയായിരുന്നു. 49.42 ശതമാനം വോട്ട്‌ നേടിയ കോണ്‍ഗ്രസിനു പിന്നിലായി 43.44 ശതമാനം വോട്ടുകള്‍ നേടാന്‍ സിപിഐക്കായി. ബിജെപി ഇവിടെ 5.10 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ യുവനിരയ്‌ക്ക്‌, പ്രത്യേകിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ സജീവമായവര്‍ക്ക്‌ വേരോട്ടമുണ്ടെന്നും ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിന്റെ മറപറ്റിയാണ്‌ സിപിഐയെ ചവിട്ടാന്‍ നീക്കം നടക്കുന്നത്‌. കോണ്‍ഗ്രസ്‌, കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടികള്‍ക്ക്‌ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും പുതിയ തരംഗങ്ങളോട്‌ ആഭിമുഖ്യം കാണിക്കാന്‍ മാവേലിക്കര മണ്ഡലത്തിന്‌ കഴിയുമെന്ന്‌ കണക്കാക്കപ്പെടുന്നു. 

 കൊടിക്കുന്നേല്‍ വിജയിച്ച മാവേലിക്കരയില്‍ സിപിഐയിലെ ആര്‍.എസ്‌. അനിലുമായി നേരിട്ട്‌ ഏറ്റുമുട്ടുകയായിരുന്നു. 49.42 ശതമാനം വോട്ട്‌ നേടിയ കോണ്‍ഗ്രസിനു പിന്നിലായി 43.44 ശതമാനം വോട്ടുകള്‍ നേടാന്‍ സിപിഐക്കായി.

വയനാട്ടില്‍ എം.ഐ ഷാനവാസ്‌ 49.86 ശതമാനം വോട്ടുകള്‍ നേടിയാണ്‌ വിജയിച്ചത്‌. സിപിഐയിലെ എം. റഹ്മത്തുള്ള 31.23 ശതമാനം വോട്ടുകള്‍ നേടി. എന്‍സിപിയിലെ കെ. മുരളീധരന്‍ 12.10 ശതമാനം വോട്ടുകളും ബിജെപിയിലെ സി. വാസുദേവന്‍ മാസ്റ്റര്‍ 3.85 ശതമാനം വോട്ടുകളും നേടി.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ സ്വന്തമാക്കാന്‍ സിപിഎമ്മിനു കഴിഞ്ഞപ്പോള്‍ സിപിഐക്ക്‌ 13 സീറ്റുകളേ നേടാനായൂള്ളൂ. മറ്റ്‌ എല്‍ഡിഎഫ്‌ ഘടകകക്ഷികള്‍ക്ക്‌ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനുള്ള പ്രാപ്‌തിയില്ലെന്നാണ്‌ സിപിഎമ്മിന്റെ വിലയിരുത്തല്‍. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ഒരു ലോക്‌സഭാമണ്ഡലത്തില്‍ ശക്തമായ അടിത്തറയില്ലാതെ മത്സരിക്കുന്നതില്‍ കാര്യമില്ലെന്ന്‌ ഘടകകക്ഷികളെ ബോധ്യപ്പെടുത്താനാകും സിപിഎം ശ്രമിക്കുക. ആര്‍എസ്‌പിയാണ്‌ ശക്തമായി സീറ്റിനുവേണ്ടി വാദിക്കുന്ന ഘടകകക്ഷി. രണ്ട്‌ നിയമസഭാ സീറ്റുകള്‍ സ്വന്തമായിട്ടുള്ള പാര്‍ട്ടിക്ക്‌ മുന്‍ എംപിയും മുന്‍ സംസ്ഥാന മന്ത്രിയും കാര്യശേഷിയുളള നേതാവുമായ എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലത്ത്‌ മത്സരിപ്പിക്കാനാണ്‌ താത്‌പര്യം.

കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ മാണിഗ്രൂപ്പില്‍ ലയിച്ച്‌ ഐക്യജനാധിപത്യമുന്നണിയിലേയ്‌ക്ക്‌ ചേക്കേറിയപ്പോള്‍ ഇടുക്കി സീറ്റ്‌ ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.


ബിജെപി ശക്തമായ തിരിച്ചുവരവിന്‌ ശ്രമിക്കുമ്പോള്‍ സിപിഎം മികച്ച രീതിയില്‍ ചെറുത്തുനില്‍പ്‌ നടത്തിയേ തീരൂ എന്നാണ്‌ പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ഇതിനായി പ്രദേശികമായ പിന്തുണയ്‌ക്ക്‌ പരമാവധി പരിശ്രമിക്കാനാണ്‌ കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ തീരുമാനം.