Breaking News

Trending right now:
Description
 
Jan 12, 2014

ലിബിയയില്‍ ആറു ദിവസമായി പട്ടിണിയില്‍ മലയാളി നഴ്‌സുമാര്‍; എട്ടുമാസമായി ശമ്പളമില്ല, എങ്ങും കേള്‍ക്കുന്നത്‌ വെടിയൊച്ചകള്‍

Staff Correspondent, Global Malayalam
image ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന്‌ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന ലിബിയയില്‍ മുപ്പതോളം മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍.

ട്രിപ്പോളിയില്‍ ജോലി നോക്കുന്ന പതിനേഴ്‌ പേരടങ്ങുന്ന മലയാളി നഴ്‌സുമാര്‍ കഴിഞ്ഞ ആറു ദിവസമായി പട്ടിണിയിലാണെന്നാണ്‌ വിവരം. പച്ചവെള്ളം മാത്രം കുടിച്ചു കഴിയേണ്ട ഗതികേടിലാണെന്നും എട്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. നാട്ടിലേയ്‌ക്ക്‌ മടങ്ങാനുള്ള ശ്രമങ്ങളും വൃഥാവിലാണ്‌. ഇന്ത്യന്‍ എംബസി അധികൃതകരുടെ ഭാഗത്തുനിന്നും കാര്യമായ പിന്തുണ ലഭിക്കുന്നില്ല.


ആശുപത്രിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ഇവര്‍. ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ വരെ ഏറ്റുമുട്ടല്‍ നടക്കുന്നു. എപ്പോഴും വെടിയൊച്ചയും ബോംബുകളുടെ ഭയാനക ശബ്ദവുമാണെന്ന്‌ ഭയചകിതരായി ട്രിപ്പോളിയില്‍ കഴിയുന്ന നഴ്‌സുമാര്‍ വ്യക്തമാക്കി.കൊച്ചിയിലെ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സിയാണ്‌ മലയാളി നഴ്‌സുമാരെ ലിബിയയിലേയ്‌ക്ക്‌ കയറ്റിവിട്ടത്‌. 1.80 ലക്ഷം രൂപ ഓരോരുത്തരുടെ കൈയില്‍നിന്നും വാങ്ങിയിരുന്നു. 2500 ദിനാര്‍ വാഗ്‌ദാനം ചെയ്‌താണ്‌ കൊണ്ടുപോയതെങ്കിലും 500 ദിനാര്‍ മാത്രമാണ്‌ നല്‌കിവന്നിരുന്നത്‌. അതും അഡ്വാന്‍സ്‌ എന്ന രീതിയിലായിരുന്നു രേഖകള്‍. എട്ടുമാസമായി ശമ്പളം കിട്ടാതെ നാട്ടിലേയ്‌ക്ക്‌ പണം അയയ്‌ക്കാനും വായ്‌പയടയ്‌ക്കാനും കഴിയാത്ത അവസ്ഥയില്‍ മുന്നോട്ടുള്ള വഴിയടഞ്ഞപോലെയാണ്‌ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരുടെ അവസ്ഥ. ഏജന്‍സിയെ സമീപിക്കുമ്പോള്‍ എല്ലാം ഉടന്‍ ശരിയാക്കാം എന്ന വാഗ്‌ദാനം മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ നഴ്‌സുമാര്‍ പരാതിപ്പെട്ടു.


കഴിഞ്ഞ ഡിസംബര്‍ ആറിന്‌ ഇന്ത്യക്കാരനായി ഡോ. മുഹമ്മദ്‌ നെജാമുദീന്‍ ബംങാസിയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ചത്‌ ഇന്ത്യന്‍ സമൂഹത്തെ ഭയചകിതരാക്കിയിരുന്നു. വന്‍ തുക ചോദിച്ചെത്തിയ സംഘം ഡോ. മുഹമ്മദിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌.

എണ്ണസമ്പത്ത്‌ ഏറെയുള്ള ലിബിയയില്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ സ്വയംഭരണം ആവശ്യപ്പെടുന്ന സംഘങ്ങള്‍ അനുവതിക്കാത്തതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചത്‌. ഇതേത്തുടര്‍ന്ന്‌ സാമ്പത്തികമായി പിന്നോക്കം പോയ സര്‍ക്കാര്‍ ആകെ ആഭ്യന്തര കുഴപ്പത്തിലായി. സുരക്ഷ ഉറപ്പുവരുത്താന്‍ പോലും കഴിയാത്തത്ര കുത്തഴിഞ്ഞ അവസ്ഥയിലായി കാര്യങ്ങള്‍. ലിബിയയിലെ മലയാളികളായ നഴ്‌സുമാരെ കയറ്റിയയച്ച ഏജന്‍സിയുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ നഴ്‌സുമാരുടെ സ്ഥിതിയെക്കുറിച്ച്‌ അന്വേഷിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും വേണം.