Breaking News

Trending right now:
Description
 
Oct 29, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം: ചര്‍ച്ചയ്‌ക്ക്‌ നേരിട്ട്‌ വന്നില്ലെങ്കില്‍ എംഡിയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ കളക്ടര്‍

image തൃശൂര്‍: മദര്‍ ഹോസ്‌പിറ്റലിലെ സമരത്തെത്തുടര്‍ന്ന്‌ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ സ്‌തംഭിച്ചു. ഈ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ജില്ല കണ്ട ഏറ്റവും വലിയ പ്രകടനവുമായി വെള്ള ഉടുപ്പിട്ട മാലാഖമാര്‍ തങ്ങളുടെ അവകാശ പ്രഖ്യാപനവുമായി നഗരത്തെ വലംവച്ചപ്പോള്‍ സംസ്‌കാരിക തലസ്ഥാനം ഉണര്‍ന്നു.

മദര്‍ ഹോസ്‌പിറ്റലിനോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ ജില്ലയിലെ 63 സ്വകാര്യ ഹോസ്‌പിറ്റലിലെ നഴ്‌സുമാരാണ്‌ പണിമുടക്കിയത്‌. പത്തു മണി മുതല്‍ നഴ്‌സുമാര്‍ റോഡ്‌ ഉപരോധം തുടങ്ങിയതോടെ ഭരണ നേതൃത്വം ഉണര്‍ന്നു. കമ്മീഷണര്‍ നേരിട്ട്‌ സമരസമിതി നേതാക്കളുമായി നടത്തിയ ഒത്തു തീര്‍പ്പ്‌ ചര്‍ച്ചയെ തുടര്‍ന്ന്‌ രണ്ടുമണിയോടെ ഉപരോധം ഭാഗികമാക്കി. പിന്നീട്‌ കളക്ടര്‍ എത്തി നേതാക്കളുമായി സന്ധിസംഭാഷണം നടത്തി.

ഇതുവരെ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത മദര്‍ എംഡിയെ 24 മണിക്കൂറിനകം നേരിട്ട്‌ ചര്‍ച്ചയ്‌ക്ക്‌ കൊണ്ടുവരുമെന്ന്‌ കളക്ടര്‍ ഉറപ്പു നല്‌കിയതിനെ തുടര്‍ന്ന്‌ ഉപരോധം പിന്‍വലിച്ചത്‌. ചൊവ്വാഴ്‌ച ചര്‍ച്ചയ്‌ക്ക്‌ എംഡി നേരിട്ട്‌ എത്താന്‍ തയ്യാറായില്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചതായി സമര സമിതി നേതാക്കള്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. അതോടൊപ്പം തൃശൂര്‍ ജില്ലയിലെ എല്ലാ നഴ്‌സുമാര്‍ക്കും നവംബര്‍ രണ്ടു മുതല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന്‌ കളക്‌ടര്‍ പറഞ്ഞു.

സമരം 54-ാം ദിവസത്തേയ്‌ക്ക്‌ കടന്നിട്ടും യാതൊരുവിധ ഒത്തുതീര്‍പ്പ്‌ ഫോര്‍മുലകള്‍ക്കും മാനേജ്‌മെന്റ്‌ വഴങ്ങാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇന്ന്‌ ജില്ലയിലെ നഴ്‌സുമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി ഇറങ്ങിയത്‌. ഏകദേശം പതിനാലായിരത്തോളം നഴ്‌സുമാര്‍ മദര്‍ ഹോസ്‌പിറ്റലിന്‌ മുമ്പില്‍ നിന്ന്‌ ആരംഭിച്ച കൂറ്റന്‍ പ്രകടനം ഏഴു കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍ക്കാട്‌ മൈതാനത്തിലാണ്‌ അവസാനിച്ചത്‌ അതിനെ തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

മദര്‍ സമരത്തിന്‌ പിന്തുണയുമായി 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം കിടന്ന ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി രാജന്‍ പൈക്കാടിന്റെ നിരാഹാരം ഇന്നുച്ചയ്‌ക്ക്‌ രണ്ടു മണിക്ക്‌ യുഎന്‍എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ നാരങ്ങാവെള്ളം നല്‌കി അവസാനിപ്പിച്ചു

ഇതേസമയം, കണ്ണൂര്‍ നഴ്‌സിംഗ്‌ സമരം ഒത്തുതീര്‍പ്പാക്കാനായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കണ്ണൂരിലെ അഞ്ചു ഹോസ്‌പിറ്റലുകളില്‍ നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്ക്‌ പത്താം ദിവസത്തേയ്‌ക്ക്‌ കടന്നു. സമരം ഒത്തുതീര്‍പ്പാക്കുവാന്‍ രണ്ടുവട്ടം ലേബര്‍ ഒഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ശനിയാഴ്‌ച നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതായി കണ്ണൂര്‍ സമരത്തിന്‌ നേതൃത്വം നല്‌കുന്ന ഷിഹാബ്‌ അറിയിച്ചു.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുക, ആരോഗ്യ വകുപ്പ്‌ നിയമിച്ച പഠന സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടപ്പിലാക്കുക, മൂന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തുന്നത്‌.
key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur