Breaking News

Trending right now:
Description
 
Oct 29, 2012

അന്ന്‌ കോതമംഗലം സമരനായിക, ഇന്ന്‌ ഗുണ്ടകളുടെ ഇര; ജപ്‌തി ഭീക്ഷണി നേരിടുന്ന ദുരന്തനായിക

റിയ മെര്‍ലിന്‍ അഗസ്‌റ്റിന്‍, riamerlin@hotmail.com
image റിയ മെര്‍ലിന്‍ അഗസ്‌റ്റിന്‍, riamerlin@hotmail.com

ഇരുളടഞ്ഞ ഭാവിക്ക്‌ മുമ്പില്‍ ലിന്‍സി പകച്ചു നില്‌ക്കുകയാണ്‌. ആരെ സമീപിക്കണമെന്നറിയാതെ.

തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഉച്ചത്തില്‍ സംസാരിച്ചുവെന്നതാണെന്ന്‌ ലിന്‍സി ചെയ്‌ത തെറ്റ്‌. തനിക്കു വേണ്ടി മാത്രമല്ല തന്നെപ്പോലെ അടിമ വേല ചെയ്യുന്ന ആയിരക്കണക്കിനു നഴ്‌സുമാര്‍ക്ക്‌ വേണ്ടി നടത്തിയ നിലവിളി ലിന്‍സിയുടെ ഭാവിജീവിതത്തെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. കോതമംഗലം മാര്‍ ബസേലിയോസില്‍ സമരത്തിന്‌ നേതൃത്വം നല്‌കിയതിന്റെ പേരില്‍ ഗുണ്ടകള്‍ ആദ്യം ഈ പെണ്‍കുട്ടിയുടെ കൈ തല്ലിയൊടിച്ചു. ഇപ്പോള്‍ ജോലിയും നഷ്ടപ്പെട്ടു. പോരെങ്കില്‍ പഠിക്കാനായി വായ്‌പയെടുത്തതിന്റെ പേരില്‍ ജപ്‌തി ഭീഷണിയും.

കോതമംഗലത്ത്‌ മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റലില്‍ സംഘടനയുടെ യൂണിറ്റ്‌ ഉണ്ടാക്കി സമര നേതൃത്വത്തിലേയ്‌ക്ക്‌ കടന്നുവന്ന ലിന്‍സി ഇപ്പോള്‍ ശരിക്കും ജീവിതത്തിനും സമരത്തിനും ഇടയിലുള്ള ഒരുനൂല്‍പ്പാലത്തിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌.. 117 ദിവസം നീണ്ടുനിന്ന സമരകാലത്ത്‌ ഉടനീളം സംഘടനാനേതാക്കള്‍ക്ക്‌ ലിന്‍സിയുടെ കാര്യം പറയുമ്പോള്‍ നൂറു നാവായിരുന്നു.

സമരത്തിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ലിന്‍സി ഒരിക്കല്‍ പോലും പതറിയിരുന്നില്ല. പിന്നീട്‌, സമരത്തിന്റെ പേരില്‍ ഗുണ്ടകള്‍ വളഞ്ഞുനിന്ന്‌ തല്ലിയപ്പോഴും ലിന്‍സിയുടെ മനസ്‌ പതറിയിരുന്നില്ല. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നുതന്നെയായിരുന്നു ലിന്‍സിയുടെ മനസിലെ വിചാരം. അങ്ങനെ തന്നെ വിളിച്ചുപറയാനും ലിന്‍സി മടിച്ചില്ല. അതുകേട്ട്‌ പതറിയത്‌ ഒരു പക്ഷേ ആ ഗുണ്ടകളായിരിക്കണം.

ജീവിതംതന്നെ അവസാനിപ്പിക്കാമെന്ന തീരുമാനവുമായി മൂന്നു നഴ്‌സുമാര്‍ ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ വലിഞ്ഞു കയറിയപ്പോള്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്നത്‌ ഇരുട്ടു മാത്രമായിരുന്നുവല്ലോ.

എന്നാല്‍, സമരം അവസാനിച്ചതോടെ സ്വന്തം സംഘടന നിഷ്‌കരുണം തള്ളിപ്പറഞ്ഞപ്പോള്‍ ലിന്‍സി ശരിക്കും തകര്‍ന്നുപോയി. ശരീരമാകെ തളര്‍ന്നതുപോലെ. കണ്ണിലാകെ ഇരുട്ടുകയറിയതുപോലെ.

സ്വന്തം കൂടപ്പിറപ്പുകളെന്നു വിശ്വസിച്ചുനടന്നവര്‍ ലിന്‍സി കരിങ്കാലിയാണെന്നു പറഞ്ഞു നടന്നപ്പോള്‍, പേരുദോഷം വരുത്തുന്ന രീതിയില്‍ പ്രചാരണം അഴിച്ചുവിട്ടപ്പോള്‍ ലിന്‍സി ആദ്യമായി കണ്ണീരണിഞ്ഞു.

രാഷ്ട്രീയവും സമരവും എന്തെന്നറിയാതെ ലിന്‍സി നല്‌കിയ ധൈര്യത്തില്‍ സംഘടന പറഞ്ഞത്‌ അതേപടി കേട്ടുനിന്ന പാവം നഴ്‌സുമാരുടെ ഭാവിയോര്‍ത്ത്‌ ലിന്‍സി ശരിക്കും കരഞ്ഞുപോയി. അപ്പോഴും തന്റെ ഭാവിയെപ്പറ്റിയുള്ള ഉത്‌കണ്‌ഠയായിരുന്നില്ല ലിന്‍സിയുടെ മനസില്‍.

കൂനിന്മേല്‍ കുരുവെന്നപോലെയായിരുന്നു ആശുപത്രിയില്‍നിന്നു ലഭിച്ച പരിചയ സര്‍ട്ടിഫിക്കറ്റ്‌. ഒരിടത്തും ആ സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ ജോലി നോക്കാനാവാത്ത അവസ്ഥ. ദുരിതത്തിനുമേല്‍ ദുരിതമായി ജപ്‌തിഭീഷണിയുമെത്തി.

എന്തായിരുന്ന ലിന്‍സി ചെയ്‌ത തെറ്റ്‌. ഗുണ്ടകള്‍ തല്ലിച്ചതച്ചപ്പോള്‍ ഒന്നു പിടിച്ചുമാറ്റാനോ, ആശ്വസിപ്പിക്കാനോ സമരമുഖത്തുണ്ടായിരുന്ന നേതാക്കള്‍ മുന്നോട്ടുവരാതിരുന്നത്‌ എന്തുകൊണ്ട്‌. വെറുമൊരു കറിവേപ്പിലയായി ലിന്‍സിയെ ഉപേക്ഷിച്ചതിലൂടെ നേട്ടംകൊയ്‌തവര്‍ ആരൊക്കെ? വരുംദിവസങ്ങളില്‍ ഗ്ലോബല്‍ മലയാളത്തില്‍ തുടര്‍ന്നുവായിക്കുക.

Send your response to globalmalayalam@gmail.com,

www.facebook.com/globalmalayalam