Breaking News

Trending right now:
Description
 
Jan 09, 2014

എസ്‌ബിഐ വനിതാജീവനക്കാര്‍ക്ക്‌ രണ്ടുവര്‍ഷം വിശ്രമാവധിക്ക്‌ അനുമതി

image എസ്‌ബിഐയിലെ വനിതാ ജീവനക്കാര്‍ക്ക്‌ കുട്ടികളുടെ വിദ്യാഭ്യാസം, വൃദ്ധ മാതാപിതാക്കളെ പരിചരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രണ്ടുവര്‍ഷം വിശ്രമാവധിയെടുക്കാന്‍ അനുമതി. കുടുംബത്തിലെ ഏക സന്തതിയായ ജീവനക്കാരനും ഈ അവധി അനുവദിച്ചേക്കുമെന്നാണു സൂചന. ബാങ്കിന്റെ 207 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യ വനിതാ മേധാവിയായ അരുന്ധതി ഭട്ടാചാര്യയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ ഒക്‌ടോബറില്‍ അരുന്ധതി ചുമതലയേറ്റ ഉടന്‍ ഈ അവധിയുടെ കാര്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നലെയാണ്‌ ഔദ്യോഗിക അംഗീകാരമായത്‌. ഐസിഐസിഐ ഉള്‍പ്പെടെ അനവധി സ്വകാര്യസംരംഭകര്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഒരു പൊതുമേഖലാ ബാങ്ക്‌ ആദ്യമായാണ്‌ ഇതു നടപ്പിലാക്കുന്നത്‌. ജീവനക്കാരന്‍ കുടുംബത്തിലെ ഏക സന്തതിയാണെങ്കില്‍ അതിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ അയാള്‍ക്കും ഈ രീതിയിലുള്ള അവധി അര്‍ഹതപ്പെട്ടതാണെന്ന വിലയിരുത്തലാണു ബാങ്കിനുള്ളതെന്നു അരുന്ധതി പറഞ്ഞു. അരുന്ധതി നേരത്തെ എസ്‌ബിഐ ക്യാപ്‌സ്‌ മേധാവിയായിരുന്നപ്പോള്‍ വനിതാ ജീവനക്കാര്‍ക്ക്‌ ആറുവര്‍ഷം വിശ്രമാവധി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുമായി ഒത്തുപോകുന്നതിനായി ഈ അവധി രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്ന്‌ അവര്‍ അറിയിച്ചു. ഇതുകൂടാതെ ഭവന വായ്‌പക്കാരായ വനിതകള്‍ക്ക്‌ പ്രത്യേക ആനുകൂല്യ പദ്ധതികളും ആവിഷ്‌കരിക്കുന്നതു പരിഗണനയിലാണ്‌. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. സ്റ്റേറ്റ്‌ ബാങ്കുകളിലായി മൊത്തം 2.25 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്‌. സ്‌ത്രീകളായ ജീവനക്കാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്‌ ഒരു സ്‌ത്രീയായ തനിക്കു ബോധ്യമുണ്ടെന്ന്‌ ആദ്യമായി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അരുന്ധതി പറഞ്ഞു.