Breaking News

Trending right now:
Description
 
Jan 07, 2014

ഇന്ത്യക്കാര്‍ക്കെതിരേ ഓസ്‌ട്രേലിയയില്‍ ആക്രമണം നടത്തുന്നത്‌ 'കില്‍ യുവര്‍ റൈവല്‍സ്‌' ഗാംങ്‌

image

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരെയും മറ്റും ലക്ഷ്യമിട്ട്‌ ആക്രമണം നടത്തുന്ന ഗാംങിന്റെ പേര്‌ 'കില്‍ യുവര്‍ റൈവല്‍സ്‌' (കെവൈആര്‍) എന്നാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ആഫ്രിക്കന്‍ രൂപഭാവങ്ങളുള്ള എട്ടുപേര്‍ ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മന്‍രാജ്വേന്ദര്‍ സിംഗിനെ ആക്രമിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ സ്വന്തം നിലനില്‍പ്പിന്‌ ഭീഷണിയാകും എന്ന പേടിയിലാണ്‌ കൈവൈആര്‍ ഗാംങ്‌ ആക്രമണത്തിന്‌ തുനിയുന്നതെന്നാണ്‌ പോലീസിന്റെ നിഗമനം. ഇരുപതു വയസുകാരനായ മന്‍രാജ്വേന്ദര്‍ അതീവ ഗുരുതര നിലയില്‍ ചികിത്സയിലാണ്‌. 

നേരത്തെ 2009-ലും 2010-ലും ഇതുപോലെ ഇന്ത്യക്കാര്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. നിതിന്‍ ഗാര്‍ഗ്‌ എന്ന വിദ്യാര്‍ത്ഥി കുത്തേറ്റ്‌ മരിക്കുകയും ചെയ്‌തിരുന്നു. മെല്‍ബണ്‍ പോലെയുള്ള നഗരങ്ങള്‍ ഇന്ത്യക്കാര്‍ക്ക്‌ സുരക്ഷിതമല്ല എന്ന നിലയിലുള്ള പ്രചാരണങ്ങളും ശക്തമാണ്‌. അങ്ങനെ വന്നാല്‍, ഇന്ത്യയില്‍നിന്നും ഓസ്‌ട്രേലിയയിലേയ്‌ക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്‌ കുറയും എന്നാണ്‌ കരുതപ്പെടുന്നത്‌. 

മന്‍രാജ്വേന്ദറിനെതിരേയുള്ള ആക്രമണം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. വര്‍ഗീയ ആക്രമണമായി ഇതിനെ വിലയിരുത്താന്‍ കഴിയില്ലെന്നാണ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍ ഇന്‍ വിക്ടോറിയ അഭിപ്രായപ്പെടുന്നത്‌. ആഫ്രിക്കന്‍ കമ്യൂണിറ്റി നേതാക്കളുമായി ആക്രമണത്തെക്കുറിച്ച്‌ ഫെഡറേഷന്‍ ചര്‍ച്ച നടത്തിയിരുന്നു. 

വിവിധ കാരണങ്ങളാല്‍ ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞുവരികയാണ്‌. 2008-2009 വര്‍ഷത്തില്‍ 65,000 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നിടത്ത്‌ 2011-2012 വര്‍ഷത്തില്‍ 7300 പേര്‍ മാത്രമാണ്‌ വിക്ടോറിയയില്‍ ഉള്ളത്‌. ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ ഇന്ത്യയില്‍നിന്നുള്ള ഒഴുക്ക്‌ കുറയുമ്പോള്‍ കാനഡയിലേയ്‌ക്കും യുകെയിലേയ്‌ക്കും ന്യൂസിലാന്‍ഡിലേയ്‌ക്കുമുള്ള ഒഴുക്ക്‌ വര്‍ദ്ധിക്കുകയാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു