Breaking News

Trending right now:
Description
 
Jan 07, 2014

തമിഴ്‌ കവിയിത്രി മീന കന്തസ്വാമിക്ക്‌ മയിലമ്മ പുരസ്‌കാരം

image പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മയുടെ പേരില്‍ മയിലമ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു തമിഴ്‌ കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ മീന കന്തസ്വാമി അര്‍ഹയായി. 15,555 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ മാര്‍ച്ച്‌ ആദ്യവാരം പാലക്കാട്ടു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്നു മയിലമ്മ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫൗണ്ടേഷന്‍ രൂപീകൃതമായതിനു ശേഷം ഏര്‍പ്പെടുത്തുന്ന മൂന്നാമത്‌ പുരസ്‌കാരത്തിനാണു മീന കന്തസ്വാമി അര്‍ഹയായത്‌. ഇറോം ഷര്‍മിള ചാനു, ഓംഗ്‌ സാംഗ്‌ സ്യൂകി എന്നിവര്‍ക്കാണു നേരത്തെ അവാര്‍ഡ്‌ ലഭിച്ചിരുന്നത്‌. പ്ലാച്ചിമട നഷ്‌ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കുന്നതിനു രാഷ്‌ട്രപതിയില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടു കേരളത്തിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കത്ത്‌ നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഇതിനായി ഇടപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. നീതി ലഭിക്കുന്നതിനായി ജനുവരി 17ന്‌ ശേഷം നിരാഹാര സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. പ്ലാച്ചിമടയില്‍ മയിലമ്മയുടെ ഓര്‍മയ്‌ക്കായി സാംസ്‌കാരിക കേന്ദ്രവും സ്‌ത്രീ ശാക്തീകരണ സെന്ററും പണിയാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്‌. 35 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന കേന്ദ്രത്തിന്റെ പ്രവൃത്തി മൂന്നു വര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിക്കാനാണ്‌ ആലോചിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.