Breaking News

Trending right now:
Description
 
Jan 07, 2014

മന്ത്രി ജയലക്ഷ്‌മിക്കെതിരേ വ്യാജ വിവാഹവാര്‍ത്ത; ബ്രിട്ടനില്‍നിന്ന്‌ ഭീഷണി

image യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്‌മിക്കെതിരേ വ്യാജ വാര്‍ത്തയുമായി ഓണ്‍ലൈന്‍ പത്രം. ഓണ്‍ലൈന്‍ പത്രത്തിനെതിരേ പരാതി നല്‍കിയ മന്ത്രിക്കും ഓഫീസിനും ബ്രിട്ടനില്‍നിന്നു ഭീഷണി. മന്ത്രി പി.കെ. ജയലക്ഷ്‌മിയുടെ പേരില്‍ വ്യാജ വിവാഹവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പത്രത്തിനെതിരേ ഞായറാഴ്‌ചയാണു മന്ത്രി ഡിജിപിക്കു പരാതി നല്‍കിയത്‌. ഇതേത്തുടര്‍ന്നാണ്‌ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ബ്രിട്ടനില്‍നിന്നു ഭീഷണിയെത്തിയത്‌. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്കായിരുന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകള്‍ വന്നത്‌. ജിജോ ജേക്കബ്‌ എന്നു പരിചയപ്പെടുത്തിയയാളാണ്‌ ആദ്യം വിളിച്ചത്‌. കേസ്‌ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്നു മന്ത്രി ജയലക്ഷ്‌മി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കു പരാതി നല്‍കി. കേസ്‌ പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. മന്ത്രി പി.കെ. ജയലക്ഷ്‌മി വിവാഹിതയാകാന്‍ പോകുന്നുവെന്നും സെക്രട്ടേറിയറ്റ്‌ ജീവനക്കാരനും സ്വന്തം പാര്‍ട്ടിക്കാരനുമായ യുവാവാണു വരനെന്നുമായിരുന്നു ചില വെബ്‌സൈറ്റുകളില്‍ വാര്‍ത്ത വന്നത്‌. വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും വസ്‌തുതകള്‍ക്കു നിരക്കാത്തതാണെന്നും മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ തന്നെയും തന്റെ വകുപ്പിനെയും താഴ്‌ത്തിക്കെട്ടാനുള്ള ശ്രമമാണു വാര്‍ത്തയ്‌ക്കു പിന്നില്‍. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സകലതും ഡോട്ട്‌കോം, ബ്രിട്ടീഷ്‌ പത്രം, ബ്രിട്ടീഷ്‌ കൈരളി, ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, തനിനിറം എന്നീ മാധ്യമങ്ങളാണു അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതെന്നു മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.