Breaking News

Trending right now:
Description
 
Oct 28, 2012

കോതമംഗലം നഴ്‌സസ്‌ സമരത്തിന്റെ ബാക്കിപത്രം: സമരനായികയുടെ കൈതല്ലിയൊടിച്ചു, എന്നിട്ടും തിരിഞ്ഞുനോക്കാന്‍ ഒരാളുമെത്തിയില്ല

Ria Merlin Augustine, riamerlin@hotmail.com
image കേരളത്തിലെ നഴ്‌സുമാര്‍ നടത്തിയ സമരങ്ങളില്‍ വിജയം നേടിയ സമരമെന്നാണ്‌ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലെ സമരത്തെ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, ഇതിനു പിന്നിലെ സത്യമെന്ത്‌?

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ബഹുനിലക്കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു കോതമംഗലത്തേത്‌. ഒന്നിലധികം എംഎല്‍എമാരും പ്രതിപക്ഷനേതാവു നേരിട്ടും ഇടപെട്ട്‌ ഒത്തുതീര്‍പ്പാക്കിയ സമരത്തില്‍ നഴ്‌സുമാരുടെ പ്രധാന ആവശ്യം ശമ്പളവര്‍ദ്ധനയായിരുന്നു. എന്നാല്‍ സമരം അവസാനിക്കുമ്പോള്‍ നേരത്തെ വാങ്ങിയിരുന്നതിന്റെ പകുതി പോലും ശമ്പളം ഇവര്‍ക്കു കൈയില്‍ കിട്ടുന്നില്ല.

സമരത്തിനു നേതൃത്വം നല്‌കുകയും നഴ്‌സുമാരെ ഒറ്റക്കെട്ടായി നിര്‍ത്തുകയും ചെയ്‌ത ലിന്‍സി എന്ന രജിസ്‌ട്രേഡ്‌ നഴ്‌സിനെ ഗുണ്ടകള്‍ തല്ലിച്ചതച്ചു, കൈയൊടിച്ചു. ഇതിന്‌ വര്‍ഗീയച്ചുവ നല്‌കുന്ന വിധത്തിലായിരുന്നു സ്വന്തം സംഘടനയുടെ പോലും പ്രതികരണം. ആശുപത്രിയില്‍നിന്നു പുറത്തായ ലിന്‍സിക്ക്‌ മാനേജ്‌മെന്റ്‌ നല്‌കിയ സ്വഭാവസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഒരിടത്തും ഇനി ജോലി കിട്ടില്ല. സംഘടനയുടെ കാര്യങ്ങള്‍ ചോദ്യം ചെയ്‌തതിന്റെ പേരില്‍ ലിന്‍സിയെ അവര്‍ക്കും വേണ്ടാതായി. സമരത്തിനു മുന്നില്‍ തീപ്പൊരിയായി നിന്ന ലിന്‍സിയെ സംഘടന കൈയൊഴിയാന്‍ കാരണമെന്തായിരുന്നു? വര്‍ഗീയതയുടെ പേരിലാണോ ലിന്‍സിയുടെ കൈയൊടിച്ചത്‌. ലിന്‍സി മാനേജ്‌മെന്റിനു വിവരങ്ങള്‍ ചോര്‍ത്തി എന്ന്‌ അവര്‍ അംഗമായിരുന്ന സംഘടന ആരോപിക്കുന്നതിനു പിന്നില്‍ എന്തെങ്കിലും വാസ്‌തവുമുണ്ടോ?

സമരം ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ അട്ടിമറികളുണ്ടോ? കൈക്കൂലിയുടെ കഥകളുണ്ടോ? രാഷ്ട്രീയപരിചയമില്ലാത്ത നഴ്‌സുമാരെ സമരത്തിലേയ്‌ക്കു തളളിവിട്ടവര്‍ പാതിവഴിയില്‍ അവരെ കൈയൊഴിയുകയായിരുന്നോ? സമരത്തിന്റെ പേരില്‍ വിദേശങ്ങളില്‍ നിന്ന്‌ ലക്ഷക്കണക്കിനു രൂപ ഒഴുകിയെത്തി എന്നു പറയുന്നതില്‍ എത്രയുണ്ട്‌ വാസ്‌തവം? ആ പണം എത്തിയത്‌ ആരുടെയൊക്കെ കൈകളില്‍. ആ പണം ചെലവായതിനു പിന്നില്‍ കണക്കുകളുണ്ടോ? ഇക്കാര്യങ്ങള്‍ സംഘടനാംഗങ്ങളെ ബോധിപ്പിച്ചിട്ടുണ്ടോ?

തൊഴിലാളികള്‍ക്ക്‌ യാതൊരുഗുണവും ചെയ്യാത്തതരത്തിലായിരുന്നോ നഴ്‌സിംഗ്‌ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ തയാറാക്കിയ കരാര്‍. പ്രതിപക്ഷ നേതാവ്‌വരെ ഇടപെട്ട സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ കരാറിന്റെ സാധുതകളെക്കുറിച്ച്‌ ഒന്നും പഠിക്കാതെയാണോ സമരസമിതി പിരിച്ചുവിട്ടത്‌. ഈ കരാറിന്റെ പേരില്‍ യാതൊരു അവകാശങ്ങളും ചോദിച്ചുവാങ്ങാതെ പഞ്ചപുച്ഛമടക്കി ജോലി നോക്കുകയോ പിരിഞ്ഞുപോകുകയോ മാത്രമാണോ സേവനത്തിന്റെ വെള്ളക്കുപ്പായമിട്ട നഴ്‌സുമാര്‍ക്ക്‌ കരണീയം?

ഇത്തരം പത്തുകണക്കിന്‌ ചോദ്യങ്ങളാണ്‌ കോതമംഗലത്തെ സമരത്തില്‍ പെട്ടുപോയ സഹോദരന്മാരും സഹോദരിമാരും ചോദിക്കുന്നത്‌. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന പരമ്പര നാളെ മുതല്‍ ഗ്ലോബല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. മുടങ്ങാതെ വായിക്കുക. ഷെയര്‍ ചെയ്യുക. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കാന്‍: globalmalayalam@gmail.com, www.facebook.com/globalmalayalam