Breaking News

Trending right now:
Description
 
Oct 28, 2012

പ്രമേഹബാധിതരിലുണ്ടാകുന്ന ക്ഷയരോഗാണുക്കള്‍ക്കു തീവ്രത കൂടുല്‍

image പ്രമേഹബാധിതരിലുണ്ടാകുന്ന ക്ഷയരോഗാണുക്കള്‍ക്കു തീവ്രത കൂടുതലായതിനാല്‍ ചികിത്സയിലും രോഗം പടരാതിരിക്കാനും അതീവ കരുതല്‍ ആവശ്യമാണെന്നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന ടിബി അസോസിയേഷന്‍ ഓഫ്‌ കേരളയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ ചൂണ്ടിക്കാട്ടി. പ്രമേഹ രോഗികള്‍ക്കു മറ്റുള്ളവരില്‍നിന്നു വ്യത്യസ്‌തമായി ക്ഷയരോഗ ബാധയ്‌ക്കുള്ള സാധ്യത മൂന്നിരട്ടിയാണെന്നും സെമിനാര്‍ വ്യക്തമാക്കി. പ്രമേഹവും ക്ഷയവും ഒന്നിച്ചുണ്‌ടാകുന്ന രോഗാവസ്ഥ മള്‍ട്ടി ഡ്രഗ്‌ റെസിസ്റ്റന്‍സ്‌ ടി.ബി എന്ന അവസ്ഥയിലേക്കെത്തിക്കും. പ്രമേഹത്തിനുള്ള മരുന്നും സാധാരണ ക്ഷയ ചികിത്സയ്‌ക്കുള്ള മരുന്നുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്‌ ഈ അവസ്ഥയിലേക്കെത്തിക്കുന്നത്‌. സാധാരണ ക്ഷയരോഗത്തിനു ചികിത്സ തേടി പാതിവഴിയില്‍ ചികിത്സ ഉപേക്ഷിക്കുന്നവര്‍ക്കും മള്‍ട്ടി ഡ്രഗ്‌ റെസിസ്റ്റന്‍സ്‌ ടി.ബി ഉണ്ടാകും. മള്‍ട്ടി ഡ്രഗ്‌ റെസിസ്റ്റന്‍സ്‌ ടിബിയുള്ള ഒരാളില്‍ നിന്നു രോഗം പടരുമ്പോള്‍ ആദ്യമായി രോഗബാധിതനാകുന്നയാളും ഈ അവസ്ഥയാണു നേരിടുന്നത്‌. ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ ചികിത്സ പൂര്‍ണമാക്കണം. അതോടൊപ്പം ക്ഷയരോഗത്തിനു ചികിത്സ തേടുന്നവര്‍ പ്രമേഹമുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും വിഷയം അവതരിപ്പിച്ച കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ പ്രഫ.ഡോ.ടി.പി. രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രം മള്‍ട്ടി ഡ്രഗ്‌ റെസിസ്റ്റന്‍സ്‌ ടിബിയുള്ള 634 പേരെ ഇതിനകം കണ്ടെത്തി ചികിത്സ ആരംഭിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ചയിലധികം വിട്ടുമാറാത്ത ചുമ അനുഭവപ്പെടുന്നവര്‍ ഉടന്‍ കഫ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ ക്ഷയബാധ കണ്ടെത്തി ചികിത്സ തുടങ്ങാനാകും. പ്രഫ. ഡോ. പി.ടി. ജയിംസ്‌, ഡോ.പ്രവീണ്‍ ശങ്കര്‍, പ്രഫ. ഡോ. സുധാകരന്‍ തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.