Breaking News

Trending right now:
Description
 
Jan 03, 2014

ഓര്‍ലാന്റോ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ താല്കാലിക കൂദാശയും, പ്രഥമ ബലിയർപ്പണവും, ക്രിസ്മസ് ശുശ്രുഷയും

Johnson Punchakkonam
image ഓര്‍ലാന്റോ: ഫ്ലോറിടയിലെ ഓര്‍ലാന്റോ നഗരത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പുതുതായി സ്ഥാപിതമായ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ താല്കാലിക കൂദാശയും പ്രഥമ ബലിയർപ്പണവും ക്രിസ്മസ് ശുശ്രുഷയും ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ പ്രധാന കാർമികത്വത്തിൽ നടന്നു.ക്രിസ്മസ് രാവിൽ പുതിയ ദേവാലയത്തിലെ തീജ്വാലശുശ്രുഷയും ആരാധനകളും സഭാ മക്കൾക്ക് നാട്ടിലെ ദേവാലയത്തിൽ സംബന്ധിക്കുന്ന അനുഭവമായി മാറി. പുതിയ ദേവാലയത്തിന്റെ മധ്യത്തായി സ്ഥാപിച്ച നിലവിളക്കിലെ തിരികൾ ഇടവകയിലെ ഓരോ കുടുംബവും ചേർന്ന് കത്തിച്ചു കൊണ്ട് നടത്തിയ ദേവാലയപ്രവേശനം പ്രതീകാത്മകമായി ഓര്‍ലാന്റോ സിറ്റിക്ക് മുഴുവൻ ആത്മീയപ്രകാശം പരത്തുന്ന ഒന്നായി മാറട്ടെ എന്ന് ഇടവകവികാരി തന്റെ അനുമോദനസന്ദേശത്തിൽ പറഞ്ഞു.

ഇടവക അംഗങ്ങളിൽ നിന്ന് മാത്രം സ്വരൂപിച്ച സംഭാവനകൾ കൊണ്ട് വാങ്ങിയ പുതിയ ദേവാലയവും പാരിഷ്ഹാളും ഒർലാന്ടോയിലുള്ള ഓര്‍ത്തഡോക്സ് സഭാമക്കളുടെ കഠിനപരിശ്രമത്തിന്റെയും, പ്രാർഥനയുടെയും, മലങ്കര സഭയോടുള്ള വിശ്വസ്ഥതയുടെയും കൂറിന്റെയും പ്രകടഭാവമാണെന്ന് ഇടവക മെത്രാപ്പോലീത്ത അഭി വന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ്തന്റെ ആശംസാസന്ദേശത്തിൽ പറഞ്ഞു. അലക്സ് അലക്സാണ്ടർ, കുര്യൻ സഖറിയ എന്നിവർ പ്രസംഗിച്ചു. 

സന്ധ്യനമസ്കാരത്തോടെ ആരംഭിച്ച ശുശ്രുഷകൾ രാത്രി 12.30 നു സ്നേഹവിരുന്നോടെ സമാപിച്ചു. ഓര്‍ലാന്റോ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും 8 മൈൽ, ഡിസ്നിവേൾഡിൽ നിന്നും 4 മൈൽ, യൂണിവേഴ്സൽ സ്റ്റുഡിയോയിൽ നിന്ന് 10 മൈൽ , സീവേൾഡിൽ നിന്നും 7 മൈൽ ദൂരത്തിലും, ഓര്‍ലാന്റോ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദർശനാർദ്ധം ഇവിടേയ്ക്ക് വരുന്നവർക്കും എന്തുകൊണ്ടും അഭികാമ്യമാണ്.