Breaking News

Trending right now:
Description
 
Jan 02, 2014

കൊടുങ്ങല്ലൂര്‍ നഴ്‌സിംഗ്‌ സമരം:മുഖ്യധാരമാധ്യമങ്ങള്‍ മുക്കുന്നു

സമരം 60-ാംനാളിലേക്ക്‌, സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളി
image
കേരളത്തിലെ സംഘടിത ശക്തിയായ മാറിയ നഴ്‌സുമാര്‍ നിയമ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നോക്കുക്കുത്തിയായി സ്വയം വേഷം കെട്ടുന്നു. മുഖ്യധാര മാധ്യമങ്ങള്‍( മാതൃഭൂമിയും മലയാള മനോരമയും അടക്കം) ഈ സമരത്തെ കണ്ടില്ലെന്ന്‌ നടിച്ചു അവഗണിക്കുന്നു. ക്രാഫ്‌റ്റിന്റെ ലക്ഷങ്ങളുടെ പരസ്യമാണ്‌ വന്‍കിട മാധ്യമങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. അതിനാല്‍ ക്രാഫ്‌റ്റിനെ പിണക്കാന്‍ കഴിയാത്ത മാധ്യമങ്ങളാണ്‌ രാപകല്‍ ഇല്ലാതെ അധ്വാനിക്കുന്ന നഴ്‌സുമാരുടെ സമരത്തെ അവഗണിക്കുന്നത്‌. കഴിഞ്ഞ 60 ദിവസമായി നടക്കുന്ന സമരത്തെക്കുറിച്ച്‌ ഒരു വരി എഴുതുവാന്‍ വന്‍കിടമാധ്യമങ്ങള്‍ ഇതുവരെ തയാറായിട്ടില്ലെന്ന്‌ യുഎന്‍എ അവരുടെ ഔദ്യോഗിക പേജില്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തെ പിടിച്ചുലച്ച നഴ്‌സിംഗ്‌ തൊഴില്‍ സമരത്തെ തുടര്‍ന്ന്‌ നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനമടക്കമുള്ള സേവന വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ മാമേജ്‌മെന്റിന്‌ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്‌. സമരങ്ങളെ കണ്ടില്ലെന്ന്‌ നടിച്ചാണ്‌ മാനേജ്‌മെന്റ്‌ -സര്‍ക്കാര്‍ ഒത്തുകളി.

എന്നാല്‍ ഹൈക്കോടതി യു.എന്‍.എയുടെ സമരാവശ്യങ്ങളെ അനുഭാവപൂര്‍വമാണ്‌ പരിഗണിച്ചത്‌. ട്രെയിനിംഗ്‌ നിര്‍ത്തലാക്കുക, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക, ത്രീഷിഫ്‌റ്റ്‌ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ യുഎന്‍എ ഉന്നയിച്ചത്‌. സമരത്തെ സഹായിക്കുന്ന സമര സഹായ സമിതിയെ കോടതിയുടെ നേതൃത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഭാഗമാക്കുവാന്‍ കോടതി അനുമതി നല്‌കിയത്‌ യു.എന്‍എയുടെ വിജയമാണ്‌.

നഴ്‌സുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അവരെ സ്റ്റാഫ്‌ നഴ്‌സാക്കി എടുക്കണമെന്നാണ്‌
 പുതിയ വ്യവസ്ഥ. ട്രെയിനിംങ്‌ സംവിധാനം നഴ്‌സിംഗ്‌ സമരത്തെ തുടര്‍ന്ന്‌ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ കേരളത്തിലെ വ്യവസായ രംഗമായി മാറിയിരിക്കുന്ന വന്ധ്യത ചികിത്സ രംഗത്തെ പ്രമുഖ ആരോഗ്യ മാഫിയയായ ഈ ഹോസ്‌പിറ്റല്‍ നഴ്‌സുമാരെ ചൂക്ഷണം ചെയ്യുന്നത്‌ ട്രെയിനിങ്ങിന്റെ പേരിലാണ്‌.
കൊടുങ്ങല്ലൂരിലെ ഇന്‍ഫര്‍ട്ടിലിറ്റി ഹോസ്‌പിറ്റലായ ക്രാഫ്‌റ്റിലാണ്‌ നിയമവ്യവസ്ഥകളെ മറയാക്കി നഴ്‌സുമാരെ ചൂക്ഷണം ചെയ്യുന്നത്‌. ഇവിടെ ജോലി ചെയ്യുന്ന 150 നഴ്‌സുമാരില്‍ 86യോളം പേരാണ്‌ ട്രെയിനികള്‍. 360 ദിവസം ട്രെയിനിംങ്‌ ജോലി പൂര്‍ത്തിയായാല്‍ സ്റ്റാഫ്‌ നഴ്‌സാക്കണമെന്നാണ്‌ നിയമം. ഈ നിയമം മറികടക്കാന്‍ ഹോസ്‌പിറ്റല്‍ ട്രെയിനിംങ്‌ സ്റ്റാഫുകള്‍ക്ക്‌ പരീക്ഷ നടത്തി മാനേജ്‌മെന്റിന്‌ താല്‌പര്യമുള്ളവര്‍ക്ക്‌ മാത്രം സ്റ്റാഫ്‌ നഴ്‌സാക്കുവാനാണ്‌ ഇപ്പോള്‍ ശ്രമം നടത്തുന്നത്‌. വന്ധ്യത ചികിത്സയുടെ പേരില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ഹോസ്‌പിറ്റല്‍ നഴ്‌സുമാരില്‍ ഭൂരിപക്ഷത്തെയും ട്രെയിനികളായി എടുത്ത്‌ ഒരു വര്‍ഷം തികയ്‌ക്കാതെ പിരിച്ചു വിടാനാണ്‌ പരീക്ഷ നടത്തുന്നതെന്ന്‌ ക്രാഫ്‌റ്റിലെ നഴ്‌സുമാര്‍ വ്യക്തമാക്കി.

സംഘടിത ശക്തിയെ ആരോഗ്യമാഫിയ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച്‌ തകര്‍ക്കുവാന്‍ നടത്തുന്ന കാഴ്‌ചയാണ്‌ കേരളത്തിലാകെ നടക്കുന്നത്‌. ഇതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ വീണ്ടും സമരകാഹളം മുഴക്കേണ്ടി വന്നത്‌. പല നിയമങ്ങളും ഈ മേഖലയില്‍ നടപ്പിലാക്കിയെങ്കിലും പുതിയ തന്ത്രങ്ങളും ആവിഷ്‌കരിച്ചും നഴ്‌സുമാരുടെ സംഘടിത ശക്തിയെ ഭിന്നിപ്പിച്ചും മാനേജ്‌മെന്റ്‌ നടത്തുന്ന കുതന്ത്രത്തിന്റെ തെളിവാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതിയില്‍ കൊടുത്ത എഗ്രിമെന്റ്‌ കോപ്പി. ആ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തിക്കാത്ത യൂണിയന്‍ നേതൃത്വവുമായി, ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക്‌ പരീക്ഷ നടത്തി പരീക്ഷ പാസാകുന്നവരെ സ്റ്റാഫ്‌ നഴ്‌സായി അംഗീകരിച്ച മതി എന്ന വ്യവസ്ഥ ഉണ്ടാക്കിയെന്നാണ്‌ അവകാശം.

്‌. ഇതിനെ ചോദ്യം ചെയ്‌തു യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ ഭാരവാഹികളെ മാനേജ്‌മെന്റ്‌ ഹോസ്‌പിറ്റലില്‍ ഇല്ലാത്ത യൂണിയനുമായി കരാര്‍ ഉണ്ടാക്കിയതിന്റെ രേഖകള്‍ കാണിച്ച്‌ നഴ്‌സുമാരുടെ ആനുകൂല്യം നിഷേധിക്കുന്നതായി ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ട്രെയിനികള്‍ക്ക്‌ തുച്ഛമായ ശമ്പളം നല്‌കിയാല്‍ മതി. എന്നാല്‍ സ്റ്റാഫ്‌ നഴ്‌സിന്‌ സര്‍ക്കാര്‍ മനദ്‌ണ്ഡം അനുസരിച്ച്‌ ശമ്പളം നല്‌കണം, അതോടെ കേരളത്തിലെ ആരോഗ്യ മാഫിയകള്‍ നഴ്‌സുമാരുടെ എണ്ണം വെട്ടി കുറച്ചിട്ടുണ്ട്‌. പകരം ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ട്രെയിനി സ്റ്റാഫിനെ എടുക്കുക എന്ന നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. 
 

ആരോഗ്യമേഖലയിലെ അടിമ- ഉടമ ബന്ധം നിലനിര്‍ത്തുന്ന ആശുപത്രി മാനേജ്‌മെന്റെ രീതികളില്‍ ഒരു പൊളിച്ചെഴുത്ത്‌ ഉണ്ടാകണമെങ്കില്‍ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണം. യുഎന്‍.എ സംസ്ഥാന നഴ്‌സിംഗ്‌ പണിമുടക്ക്‌ നടത്തി ആരോഗ്യമേഖലയെ സ്‌തംഭിപ്പിക്കാനുള്ള നീക്കത്തിലാണ്‌. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരുവിധ സമരങ്ങള്‍ക്കും താല്‌പര്യമില്ലാഞ്ഞിട്ടും സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധനയവും ആരോഗ്യമാഫിയയുടെ നെറിക്കേടിനു കുട പിടിക്കുന്ന സമീപനവുമാണ്‌ ഇത്തരം ഒരു നീക്കത്തിന്‌ വഴി തെളിക്കുന്നതെന്ന്‌ യുഎന്‍എ നേതാക്കള്‍ വ്യക്തമാക്കി.