Breaking News

Trending right now:
Description
 
Dec 29, 2013

സരിത മുതല്‍ സന്ധ്യവരെ: സ്‌ത്രീപക്ഷം പകര്‍ന്നാടിയ 2013

ആമി
image സ്‌ത്രീപക്ഷ വിവാദങ്ങളായിരുന്നു 2013-ലെ കേരള സാമൂഹിക-രാഷ്ട്രീയരംഗത്തെ ഏറ്റവും വലിയ പ്രത്യേകത. സൂര്യനെല്ലി പെണ്‍കുട്ടിയില്‍ ആരംഭിച്ച വിവാദം അവസാനിച്ചത്‌ ക്ലിഫ്‌ഹൗസിനു മുന്നിലെ സന്ധ്യയിലാണ്‌. സ്റ്റണ്ട്‌ സീനുകളുമായി അമൃതയും ആര്യയും രംഗം കൊഴുപ്പിച്ചു. റൊമാന്‍സും സെക്‌സുമായി ശ്വേതയുമെത്തി.

എങ്കിലും സൂര്യനെല്ലി പെണ്‍കുട്ടിയും സരിത നായരുമാണ്‌ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച രണ്ടു സ്‌ത്രീകള്‍. മടങ്ങി വന്ന സ്‌ത്രീ മഞ്‌ജുവാര്യര്‍ എന്ന അഭിനേത്രിയും.

ഡല്‍ഹിയിലെ നിര്‍ഭയ എന്നു മാധ്യമങ്ങള്‍ പേരിട്ടു വിളിച്ച യുവതിയുടെ മരണം കേരള രാഷ്ട്രീയത്തിലും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. അതിനെ ത്തുടര്‍ന്ന്‌ സൂര്യനെല്ലി സംഭവം കേരള രാഷ്ട്രീയം വീണ്ടും ചര്‍ച്ചയ്‌ക്ക്‌ എടുക്കുകയായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ അവരുടെ പുതിയതായി തുടങ്ങിയ ചാനലിന്റെ പൊസിഷനിങ്ങിനു വേണ്ടി നടത്തിയ നാലാംകിട തന്ത്രത്തിന്റെ രക്തസാക്ഷിയായി സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ വിവാദ നായികയായി.

പെണ്‍കുട്ടിയെ സെക്‌സ്‌ മാഫിയായ്‌ക്ക്‌ ഉപയോഗിച്ച ധര്‍മ്മരാജന്റെ വെളിപ്പെടുത്തലാണ്‌ കേരള രാഷ്ട്രീയത്തില്‍ കോലാഹലം സൃഷ്ടിച്ചത്‌. കോടതി ശിക്ഷിച്ച ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെക്കുറിച്ച്‌ യാതൊരുവിധ വിവരവുമില്ലെന്ന പോലീസ്‌ പറഞ്ഞിരിക്കുമ്പോഴാണ്‌ ഈ മാധ്യമ ഗ്രൂപ്പ്‌ ധര്‍മ്മരാജന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്‌. പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിക്ക്‌ സംഭവിച്ച ഒരു ദുരന്തത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചു. പതിനേഴു വര്‍ഷമായി ജയില്‍ ജീവിതത്തെക്കാള്‍ ക്രൂരമായ ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്ന ആ പെണ്‍കുട്ടിയും കുടുംബവും തങ്ങള്‍ക്ക്‌ ഇനിയെങ്കിലും നീതികിട്ടുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒപ്പം നിന്നു. സദാചാരവാദികളായ ജഡ്‌ജിമാരും കൂലിയെഴുത്തുകാരും ആ സ്‌ത്രീയുടെ മാനാഭിമാനങ്ങളെ പുനര്‍വായനക്ക്‌ വിധേയയാക്കി.

രാഷ്ട്രീയ പ്രവര്‍ത്തകരും ഇടതു പക്ഷവും സമര കോലാഹലങ്ങളിലൂടെ നിറഞ്ഞാടിയിട്ടും പിജെ കുര്യനെതിരെ ഒരന്വേഷണവും നടന്നില്ല. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ ഏറ്റവും മോശക്കാരിയായി ചിത്രീകരിക്കുന്ന പ്രതിഭാസത്തിനും സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പലരും ശ്രമിച്ചു. ധര്‍മ്മരാജന്‍ മൊഴി മാറ്റിയതോടെ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും കര്‍ട്ടനു പിന്നിലേക്ക്‌ എറിയപ്പെട്ടു.

കോടതിയെ അഭയം പ്രാപിച്ച പെണ്‍കുട്ടിക്ക്‌ നീതി ലഭിച്ചില്ല. രാജ്യസഭാ ഉപാധ്യക്ഷനായ കുര്യനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കി എന്ന കാരണത്താല്‍ കോടതികള്‍ ആ യുവതിയെ കൈവിട്ടു. ഈ കോലഹലങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌ത്രീപക്ഷ പ്രാധാന്യമുള്ള ചില നിയമങ്ങള്‍ സര്‍ക്കാര്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചു. സ്‌ത്രീ സുരക്ഷക്ക്‌ ചില അലങ്കാരങ്ങള്‍ കൂടിമാത്രമാണ്‌ ഈ നിയമം എന്നറിവില്‍ ഒരിക്കല്‍ കൂടി പുനര്‍വായനക്ക്‌ വിധേയയാക്കിയതിന്‌ മാപ്പു ചോദിക്കുന്നു

സരിത നായരായിരുന്നു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മറ്റൊരു സ്‌ത്രീ. സോളാര്‍ എനര്‍ജിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്‌ നടത്തിയ ഇവരുടെ പേരില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലായി. മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷം രാപകല്‍ സമരം നടത്തി. തലസ്ഥാന നഗരി ഉപരോധിച്ചു. ബഹിഷ്‌കരിച്ചു, പക്ഷേ സരിതക്കോ മുഖ്യമന്ത്രിക്കോ ഒരു കുലുക്കവുമുണ്ടായില്ല.

മന്ത്രിമാരും എംഎല്‍എമാരും അടങ്ങിയ ഒരു കോക്കസിനെ മുള്‍മുനയില്‍ നിറുത്തി സരിത നിശബ്ദം വിലപേശി. ആറു മാസമായി ജയിലില്‍ നിന്ന്‌ ജയിലിലേക്ക്‌ അണിഞ്ഞൊരുങ്ങി ഒരു വര്‍ണശലഭത്തെപ്പോലെ, സരിത പറന്നു നീങ്ങി. 33 കേസുകളിലും ജാമ്യം കിട്ടി ഒരു വി.ഐ.പി പരിഗണനയോടെ സരിത ജയില്‍ വിട്ടിറങ്ങുമ്പോള്‍ അനീതിയുടെ പിറുപിറക്കലുകള്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ നെരിപ്പോടായി നീറുന്നു. കേരള രാഷ്ട്രീയത്തെ ഒരു പാല്‍പുഞ്ചിരിയും കടക്കണ്ണേറുമായി നിലയ്‌ക്കു നിറുത്തിയ സരിത നീ ആരാണ്‌. ഏറെ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന സിനിമാ ലോകത്തേക്ക്‌ ഒരു വ്യാഴവട്ടക്കാലത്തെ വിടവാങ്ങലിനു ശേഷം മഞ്‌ജു വാര്യര്‍ എന്ന നടി തിരിച്ചെത്തിയത്‌ 2013-ലാണ്‌. വീട്ടമ്മയുടെ റോളില്‍ നിന്ന്‌ ആര്‍ജിച്ച പക്വതയോടെയാണ്‌ മഞ്‌ജു തിരിച്ചുവന്നത്‌. വെറും 22 സിനിമകളില്‍ മാത്രം അഭിനയിച്ചു മടങ്ങിയ ഈ നടിക്ക്‌ സൈബര്‍ ലോകവും വന്‍ വരവേല്‍പ്പാണ്‌ നല്‌കിയത്‌. മഞ്‌ജുവാര്യര്‍ പരസ്യത്തിലൂടെയാണ്‌ തിരിച്ചുവരവ്‌ ആഘോഷിച്ചത്‌. ഓരോ പരസ്യവും വിവാദത്തിലാക്കി മാര്‍ക്കറ്റ്‌ കയ്യിലെടുത്ത മഞ്‌ജു വ്യക്തിജീവിതത്തെക്കുറിച്ച്‌ ഒരു നീണ്ട നിശബ്ദത പുലര്‍ത്തി ഒരു സസ്‌പെന്‍സ്‌ നിലനിര്‍ത്തി. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഫേയ്‌സ്‌ബുക്ക്‌ ലൈക്കുകളില്‍ പിന്നിലാക്കി യുവതാരം നസ്രിയ വാര്‍ത്താതലക്കെട്ടുകള്‍ പിടിച്ചെടുത്തു.

ഒരു സിനിമയ്‌ക്കു വേണ്ടി പ്രസവസീന്‍ ലൈവായി കാണിച്ചാണ്‌ ശ്വേത വിവാദനായികയായത്‌. പ്രസവത്തില്‍ പോലും അശ്ലീലത കാണുന്ന സദാചാരിവാദികള്‍ ശ്വേതയെന്ന അഭിനേത്രിക്ക്‌ നേരെ അഴിഞ്ഞാടി. പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വച്ചു നഗ്നത കാണിക്കുന്നവള്‍ എന്നായിരുന്നു ചില രാഷ്ട്രീയക്കാരികളുടെ കമന്റ്‌. പിന്നീട്‌ പൊതുചടങ്ങില്‍ വച്ച്‌ ഒരു എംപി അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ചു ശ്വേത രംഗത്തു വന്നുവെങ്കിലും പെട്ടെന്ന്‌ പിന്‍മാറി. ആരോപണങ്ങളുടെ ശരവര്‍ഷമായിരുന്നു ശ്വേതയെ പോലെ ബോള്‍ഡായ ഒരു സ്‌ത്രീക്കുപോലും നേരിടേണ്ടി വന്നത്‌. 

സ്‌ത്രീപക്ഷ വര്‍ഷമായതുകൊണ്ടാകാം മാധ്യമത്തട്ടില്‍ വാക്‌ പോരിനും സ്‌ത്രീകളാണ്‌ നിറഞ്ഞാടിയത്‌. വില്ലന്‍ വേഷത്തില്‍ കോണ്‍ഗ്രസിനു വേണ്ടി പകര്‍ന്നാടിയ ബിന്ദു കൃഷ്‌ണയെയും സൈബര്‍ ലോകം നന്നായി കൈകാര്യം ചെയ്‌തു. 

പിന്നെയും എടുത്തു പറയേണ്ട സ്‌ത്രീ സാന്നിദ്ധ്യം ഇ.എസ്‌ ബിജിമോള്‍ എംഎല്‍എയാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിക്കായി അടര്‍ക്കളത്തില്‍ നിറഞ്ഞാടിയ ബിജിമോള്‍ പിന്നീട്‌ ഇടുക്കി കര്‍ഷകരുടെ പ്രിയപുത്രിയായി മാറി. സൈബര്‍ ലോകം ബിജിമോളെയും കൈകാര്യം ചെയ്‌തു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കിക്കാര്‍ക്കൊപ്പം നിന്നു പോരാടിയ സ്‌ത്രീ എന്ന നിലയിലും ബിജിമോളും 2013-ലെ ശ്രദ്ധിക്കപ്പെട്ട വനിതകളിലൊരാളാണ്‌. 

      

കേരള രാഷ്ട്രീയത്തിലെ കൊലപാതക രാഷ്ട്രീയത്തെ പുനര്‍വായനക്ക്‌ വിധേയരാക്കിയ ടി.പിയുടെ ഭാര്യയായിരുന്ന രമയും കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചു.

അവസാനം രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങളുടെ ജനകീയ പ്രസക്തി ചോദ്യം ചെയ്‌തു കൊണ്ട്‌ രംഗത്തെത്തി ഈ വര്‍ഷത്തിന്റെ കര്‍ട്ടണ്‍ ഇടുന്നതും സ്‌ത്രീയാണ്‌, സന്ധ്യ എന്ന വീട്ടമ്മ. അങ്ങനെ 2013 സ്‌ത്രീപക്ഷ വര്‍ഷമായിരുന്നു. നായകനും നായികയും പ്രതിനായികയും വില്ലനും സെക്‌സും സംവിധാനം, രംഗാവതരണം എന്നു വേണ്ട എല്ലാ വിഷയങ്ങളും സ്‌ത്രീകള്‍ തന്നെ ഒറ്റയ്‌ക്ക്‌ കൈകാര്യം ചെയ്‌ത വര്‍ഷം. പുരുഷന്മാര്‍ ഈ വര്‍ഷം വെറും കാണികളുടെ റോളിലായിരുന്നു. ചിലപ്പോഴൊക്കെ പാട്ടുസീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. 
Photo: I believe what Sandhya did was something which I would have liked to do.Let this be a motivation for other ordinary citizens .