Dec 28, 2013
മനസില്‍ വിപ്ലവം നിറച്ച റോസമ്മ പുന്നൂസ് ചരിത്രത്തിന്റെ ഏടുകളിലേക്ക്
കാരിരുമ്പിനെക്കാള്‍
കഠിനഹൃദയരായ അധികാര വര്‍ഗത്തോട് പടവെട്ടിയ ഒരു കാലഘട്ടത്തിന്റെ ധീര വനിതകള്‍
ഒത്തുചേര്‍ന്നപ്പോള്‍ ഉയര്‍ന്നതു വിപ്ലവ സ്മരണകള്‍. റോസമ്മ പുന്നൂസിന്റെ നൂറാം
ജന്മദിനത്തോട് ചേര്‍ന്നാണ് കമ്യുണിസ്റ്റ് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം
പിടിച്ച കൂത്താട്ടുകുളം മേരി, സി കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയി ചൗധരി, മുന്‍
മുഖ്യമന്ത്രി പി കെ വിയുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ, വിപ്ലവ ഗായിക മേധിനി ചേച്ചി
എന്നിവരാണ് ഒത്തുചേര്‍ന്നത്.
എട്ടു മാസങ്ങള്‍ക്ക് മുമ്പ് റോസമ്മ പുന്നൂസിന്റെ തിരുവല്ലയിലെ
വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്ന്
ഇവര്‍ എത്തിയപ്പോള്‍ പുത്തന്‍ തലമുറയ്ക്കും കമ്യുണിസ്റ്റ് ചരിത്രത്തിലേക്ക്
പിന്നടത്തത്തിന് സാധ്യമായി മാറിയിരുന്നു. കേരള രാഷ്ട്രീയ രംഗത്തെ
നിറസാന്നിദ്ധ്യമായിരുന്ന റോസമ്മ പുന്നൂസിന്റെ പൊതുജീവിതത്തിലെ അവസാനത്തെ
പൊതുപരിപാടിയായിരുന്നു ആ കൂടിച്ചേരല്‍. ആ ഒത്തുച്ചേരലിന് ശേഷമുള്ള ഏതാനം
മാസങ്ങള്‍ക്കകം മുന്‍ മുഖ്യമന്ത്രി പി കെ വിയുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ
അന്തരിച്ചിരുന്നു.
പോലീസിന്റെ കൊടിയ മര്‍ദ്ദനമേറ്റ കുത്താട്ടുകുളം
മേരിയുംപികെവിയുടെ ഭാര്യ ലക്ഷമികുട്ടിയമ്മയും രോഗവും പ്രായവും മറന്ന്
തിരുവല്ലയില്‍ എത്തി അന്നത്തെ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധതയും നന്മയും
ദുരിതവും വരച്ചു കാട്ടി. കാലം മായിക്കാത്ത സാക്ഷ്യമായിരുന്നു
അവരുടേത്.
കമ്യുണിസ്റ്റ് ചരിത്രത്തിലെ ധീര വനിതയായ റോസമ്മ പുന്നൂസ്
തിരുവതാംകൂര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്.
കാഞ്ഞിരപ്പള്ളി
സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും കേരള
രാഷ്ട്രീയത്തിന്റെ ഏടുകളില്‍ സ്വര്‍ണ ലിപികളില്‍ എഴുതപ്പെട്ട പേരുകളാണ്. സര്
സി.പിയുടെ ദുര് ഭരണത്തിനെതിരെ കമ്യുണിസ്റ്റ് പാളയത്തില്‍ നിന്ന് പോരാടി ഈ ധീര
വനിതകള്‍.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മൂന്നു വര്‍ഷം ജയില്‍ വാസം
അുഭവിച്ചിരുന്നു. 1948ലാണ് സിപിഐയില്‍ ചേരുന്നത്. കമ്യുണിസ്റ്റു പാര്‍ട്ടിയുടെ
കരുത്തുറ്റ നേതാവ് പി.ടി പുന്നുസ്നെ വിവാഹ കഴിച്ചതോടെയാണ് കമ്യുണിസ്റ്റു
ആശയങ്ങള്‍ ജീവിത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചത്.
ദേവികുളത്തെ ആദ്യത്തെ എംല്‍എയായ റോസമ്മ പുന്നൂസിനു വേണ്ടി എംജിആര്‍ ആദ്യമായി
കേരളത്തില്‍ രാഷ്ട്രീയ പ്രചരണത്തിന് ഇറങ്ങിയത് . തോട്ടം മേഖലയില്‍ സജീവ
സാന്നിദ്ധ്യമായിരുന്ന റോസമ്മ പുന്നൂസ് അവരുടെ ഉന്നമനത്തിനായി ഏറെ
പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിരുന്നു.
പുന്നൂസ് എന്ന കമ്യുണിസ്റ്റ്
നേതാവിന്റെ ജീവിത സഖിയായി മാറിയ റോസമ്മ പുന്നൂസ് രാഷ്ട്രീയ ജീവിത്തില്‍ നിന്ന്
വിട വാങ്ങുന്നതു വരെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ദേവികുളത്ത് എംഎല്‍എയായി തിരഞ്ഞെടുത്ത റോസമ്മയുടെ തിരഞ്ഞെടുപ്പ്
റദ്ദാക്കിയിരുന്നു. പിന്നീട് നടന്ന ബൈ ഇലക്ഷനിലും റോസമ്മ പുന്നൂസ് തന്നെ
വിജയിച്ചു ആദ്യം പ്രോടൈം സ്പീക്കറുമായിരുന്നു റോസമ്മ പുന്നൂസ്.
തോട്ടം
തൊഴിലാളികളായ സ്ത്രീകള്‍ക്ക് പ്രസവാവധി വേണമെന്നു നിയമസഭയില്‍ ബില്ലു
കൊണ്ടുവന്നത് റോസമ്മ പുന്നൂസാണ്. പിന്നീട് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്
പ്രസവാവധിയും മറ്റു ആനൂകൂല്യവും മറ്റു സര്‍ക്കാര്‍ മേഖലകളിലും നടപ്പിലാക്കിയത്
റോസമ്മ പുന്നൂസിന്റെ ഈ ആവശ്യത്തെ തുടര്‍ന്നാണ്.
കേരള വനിത സംഘത്തെ
രൂപികരിക്കുന്നതിലും റോസമ്മ പുന്നൂസ് സജീവമായ ഇടപ്പെടലുകള്‍ നടത്തിയിരുന്നു.
സംസ്ഥാന വനിതാ കമ്മീഷന് അംഗമായിരുന്നു റോസമ്മ പുന്നൂസ് ഹൗസിംഗ് ബോര്‍ഡ് അംഗം,
റബര്‍ ബോര്‍ഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
റോസമ്മ
പുന്നൂസ് നിയമസഭാഗംമായിരുന്നപ്പോള് ഭര്‍ത്താവ് പുന്നൂസ് ലോകസഭാംഗമായി ഇന്ത്യന്‍
നിയമസഭാ ചരിത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദമ്പതികള്‍ എന്ന ബഹുമതിയും
കരസ്ഥമാക്കിയിരുന്നു.
1913ല്‍ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച റോസമ്മ
പുന്നൂസിന്റെ നൂറാം പിറന്നാള്‍ ഏറെ സമുചിതമായി കമ്യുണിസ്റ്റുപാര്‍ട്ടികള്‍
ആഘോഷിച്ചിരുന്നു. ഏറെനാളായി പ്രായാധിക്യമൂലമുണ്ടായ ഓര്‍മ്മ കുറവ് അലട്ടിയിരുന്ന
റോസമ്മ പുന്നൂസ് ഡോക്ടര്‍മാരായ മക്കളോടൊപ്പം സലാലയിലായിരുന്നു.
അധികാരവും
പണവും പദവിയും ആഗ്രഹിക്കാതെ രാഷ്ട്രീയത്തിനായി സ്വന്തം ജീവിതങ്ങള്‍ ഹോമിച്ച
ഇവരെപോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന് രാജ്യത്തിന് അന്യമായി
കൊണ്ടിരിക്കുകയാണ്