Breaking News

Trending right now:
Description
 
Dec 26, 2013

ഫാസ്റ്റ്‌ ഫുഡ്‌: രോഗങ്ങളെ കൂടെ കൊണ്ടുവരും

image ഉയര്‍ന്ന കലോറിയുള്ളതാണ്‌ ഫാസ്റ്റ്‌ ഫുഡ്‌. കൊഴുപ്പ്‌, പഞ്ചസാര, ഉപ്പ്‌ തുടങ്ങിയവയുടെ അളവും വളരെ കൂടുതലാണ്‌. പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ ഫാസ്റ്റ്‌ ഫുഡ്‌ ശീലമാക്കുന്നതു മൂലം ഉണ്ടാകും. തിരക്കു പിടിച്ച ജീവിതത്തില്‍ എളുപ്പത്തിലും വിലക്കുറവിലും ലഭിക്കുമെങ്കിലും ആരോഗ്യത്തിന്‌ അപകടകരമാണ്‌ ഫാസ്റ്റ്‌ ഫുഡ്‌. അതിനാല്‍ ഫാസ്റ്റ്‌ കഴിക്കുന്ന ശീലം ഒഴിവാക്കുക. ഏതെങ്കിലും ഡോക്‌ടറുടെയോ ഡയറ്റീഷ്യന്റെയോ മുന്നറിയിപ്പാണ്‌ ഇതെന്നു കരുതിയെങ്കില്‍ തെറ്റി. ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്‌, ഹോട്ട്‌ ഡോഗ്‌ തുടങ്ങിയ ഫാസ്റ്റ്‌ ഫുഡ്‌ വിഭവങ്ങളുടെ ഉത്‌പാദനത്തിലും വില്‍പ്പനയിലും ലോകത്തു തന്നെ ഒന്നാം നിരക്കാരായ മക്‌ഡൊനാള്‍ഡ്‌ കമ്പനി തങ്ങളുടെ ജീവനക്കാരോട്‌ പറഞ്ഞതാണിത്‌. ഇത്തരം ഭക്ഷണങ്ങളിലുപയോഗിക്കുന്ന സോഡിയത്തിന്റെ അളവും വളരെ കൂടുതലാണ്‌. ജീവനക്കാര്‍ക്കായുള്ള വെബ്‌സൈറ്റിലാണ്‌ കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വെബ്‌ സൈറ്റിലെ ഹെല്‍ത്ത്‌ എന്‍സൈക്ലോപീഡിയ വിഭാഗത്തിലാണ്‌ ഫാസ്റ്റ്‌ ഫുഡ്‌ അധികം കഴിക്കരുതെന്ന്‌ മക്‌ഡൊനാള്‍ഡ്‌സ്‌ പറയുന്നത്‌. ബര്‍ഗര്‍, ഫ്രൈസ്‌, സോഡ തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. രക്തസമ്മര്‍ദമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്ക്‌ ഫാസ്റ്റ്‌ ഫുഡ്‌ അത്യധികം അപകടകരമാണ്‌. നേരത്തേ ആരോഗ്യത്തിന്‌ ദോഷകരമായ ഭക്ഷ്യോത്‌പന്നങ്ങളെക്കുറിച്ച്‌ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. അടുത്തിടെ മുട്ടയുടെ വെള്ളയും പഴവര്‍ഗങ്ങളും ഉപയോഗിച്ചുള്ള പുതിയ മെനു മക്‌ഡൊനാള്‍ഡ്‌സ്‌ അവതരിപ്പിച്ചിരുന്നു. തങ്ങള്‍ ജംക്‌ ഫുഡ്‌ വില്‍ക്കുന്നില്ലെന്ന്‌ കമ്പനി സിഇഒ ഡോണ്‍ തോംസണും വ്യക്തമാക്കിയിരുന്നു. 1954ല്‍ റേ ക്രോക്ക്‌ ആണ്‌ മക്‌ഡൊനാള്‍ഡ്‌സിനു തുടക്കമിട്ടത്‌. കാലിഫോര്‍ണിയയില്‍ ചെറിയ ഒരു ബര്‍ഗര്‍ റെസ്റ്റോറന്റില്‍ നിന്നാണ്‌ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്‌പന്ന വിതരണ ശ്രംഖലയുടെ വളര്‍ച്ച തുടങ്ങുന്നത്‌. ഇന്ന്‌ 118 രാജ്യങ്ങളിലായി 34,000ത്തിലധികം റസ്റ്റോറന്റുകളാണ്‌ മക്‌ നടത്തുന്നത്‌. 69 മില്ല്യണ്‍ ജനങ്ങളാണ്‌ കമ്പനിയുടെ ഉപഭോക്താക്കള്‍.