Breaking News

Trending right now:
Description
 
Dec 25, 2013

ഉണ്ണിയേശുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച എന്റെ കൊച്ചപ്പാപ്പന്‍

ജനറ്റ്‌ ആന്‍ഡ്രൂസ്‌
image

സ്‌നേഹത്തിന്റെ പ്രതീകമായ ഫ്രാന്‍സീസ്‌ മാര്‍പാപ്പയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വായിച്ചപ്പോഴെക്കെ എന്റെ ഓര്‍മ്മകള്‍ ബാല്യത്തിലെ സ്‌നേഹ ദീപ്‌തമായ ഓര്‍മ്മകളിലേക്ക്‌ പോകും. ക്രിസ്‌തുവിനെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ച ഞങ്ങളുടെ കൊച്ചപ്പാപ്പന്‍. ഡോ. മൈക്കിള്‍ ആറാട്ടുകുളം, ആലപ്പുഴ രൂപതയുടെ ആദ്യബിഷപ്പ്‌.

കഴിഞ്ഞ ദിവസം ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പ കുഞ്ഞിനെ കൈകളില്‍ ഏന്തി നില്‍ക്കുന്ന ചിത്രം കണ്ടപ്പോഴാണ്‌ കരോള്‍ ഗാനങ്ങളുടെ അകമ്പടിയുള്ള കിസ്‌മസ്‌ കാലത്തെക്കുറിച്ച്‌ ഞാന്‍ ഓര്‍ത്തു പോയത്‌. എന്റെ ഏറ്റവും ദീപ്‌തമായ ക്രിസ്‌മസ്‌ ഓര്‍മകള്‍ എത്തി നില്‍ക്കുന്ന അര്‍ത്തുങ്കല്‍ മഠം ആശുപത്രിയുടെ പഴയ കെട്ടിടത്തോടു ചേര്‍ന്നുള്ള ഓടിട്ട കെട്ടിടത്തിന്റെ വിശാലമായ വരാന്തയിലാണ്‌. 
ഈ വീട്ടിലായിരുന്നു  വിരമിച്ച ശേഷം എന്റ്‌ കൊച്ചപ്പാപ്പന്റെ വിശ്രമജീവിതം.

ഉണ്ണീശോയുടെ പിറവി ഞാന്‍ അറിഞ്ഞിരുന്നത്‌ എന്റെ കൊച്ചപ്പാപ്പനിലൂടെയാണ്‌.ആശംസ കാര്‍ഡുകള്‍ കൊര്‍ത്തിട്ട ക്രിസ്‌മസ്‌ട്രിയും പൂല്‍ക്കൂടും മധുരമുള്ള വീഞ്ഞും വയലറ്റ്‌ മഞ്ഞയും ഇടകലര്‍ന്ന പൂക്കളും നിറഞ്ഞ ഒരു ബാല്യത്തിന്റെ ഒളിമങ്ങാത്ത ഒാര്‍മയില്‍ സനേഹകടലായ ഒരു മുഖമായിരുന്നു കൊച്ചപ്പാപ്പന്‍. എന്റെ വലിയച്ഛന്റെ അനുജനയിരുന്നു ഡോ. മൈക്കിള്‍ ആറാട്ടുകുളം.
അറബിക്കടലിനെ നോക്കിയിരിക്കുന്ന ബിഷപ്പു ഹൗസിലിരുന്ന്‌ എന്നെ ആദ്യമായി അക്ഷരം എഴുതിച്ച, കര്‍ത്താവിന്റെ മാലാഖയും സ്വര്‍ഗലോക രാഞ്‌ജിയും ചൊല്ലികേള്‍പ്പിക്കുമ്പോള്‍ ആദ്യമായി കേള്‍ക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന, വത്തിക്കാനില്‍ നിന്നുള്ളു കുഞ്ഞുണ്ണിയിശോയെയും മാതാവിനെയും സമ്മാനിച്ച കൊച്ചപ്പാപ്പനെ എങ്ങനെ മറക്കും.

 ദൃശ്യമായതിനെ പലതിനെയും കാലം അദൃശ്യമാക്കിയപ്പോള്‍ എന്റെ കുഞ്ഞുമനസിലെ ഈശോയിലേക്ക്‌ അടുപ്പിച്ച ഒരു വിശുദ്ധന്റെ മുഖമായി കൊച്ചപ്പാപ്പന്റെ മുഖം എന്റെ മനസില്‍ എവിടെയോ തിളങ്ങുന്നു.അത്ഭുതം പേറുന്ന കണ്ണുകള്‍, ഞാന്‍ കൊച്ചപ്പാപ്പന്റെ ഡിഗ്രികള്‍ വായിച്ചു. ഡോ. മൈക്കിള്‍ ആറാട്ടുകുളം പിഎച്ച്‌ഡി, ബി.ബി.എസി, അഡ്വ.റൊട്ടോറൊമാന പിന്നെ എന്റെ കുഞ്ഞു ബുദ്ധിയെ അതിശയിപ്പിക്കുന്ന കുറെ ഡിഗ്രികള്‍. (ഇതെല്ലാം വായിച്ച്‌ പഠിച്ച്‌ നേടിയെടുത്തതാണെന്നും മോളും വലുതാകുമ്പോള്‍ കൊച്ചപ്പാപ്പനെ പോലെ പഠിച്ച്‌ വലിയ ഡിഗ്രി എടുക്കണമെന്ന്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ ആകെ നിരാശയായി). കൊച്ചപ്പാപ്പന്‍ എഴുതിയ ലാറ്റിന്‍ ക്രിസ്‌ത്യാനികളുടെ ചരിത്രം പുസ്‌തകത്തിന്റെ പുറം ചട്ടയില്‍ ഞാന്‍ കൈയോടിച്ച്‌ വെറുതേ അസൂയപ്പെട്ടു. സഭയും കാലവും ക്രിസ്‌മസുമെല്ലാം മാറ്റങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ വിശുന്റെ മുഖം വീണ്ടു തെളിഞ്ഞു. മിഖായേല്‍ മാലാഖയുടെ സംരക്ഷണം യൗസേഫ്‌ പിതാവിനോടുള്ള വണക്കവും തിരുഹൃദയത്തോടുള്ള ഭകതിയും ഞാന്‍ സ്വായത്തമാക്കിയത്‌ കൊച്ചപ്പാപ്പനില്‍ നിന്നാണ്‌. കൊച്ചപ്പാപ്പന്‍ തന്ന ഒരു ഉണ്ണീശോയെ ഇന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചു ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കാലം മായിക്കാത്ത ഒരു ഹരിതാഭമായ ഓര്‍മയാണ്‌ എനിക്ക്‌ കൊച്ചപ്പാപ്പന്‍. 
ആലപ്പുഴ രൂപതയുടെ ആദ്യബിഷപ്പ്‌ എന്നതിനെക്കാള്‍  സ്‌നേഹത്തിന്റെ പ്രതീകമായ യേശുവിനെ എന്റെ മനസില്‍ പ്രതിഷ്‌ഠിച്ച ആദ്യ രൂപമാണ്‌ കൊച്ചപ്പാപ്പന്റേത്‌. ആകാശത്തിന്‍ വീണ്ടും വാല്‍ നക്ഷത്രങ്ങള്‍ ക്രിസ്‌മസ്‌ സന്ദേശവും പേരി ഗ്ലോറിയ എന്നു പാടുമ്പോള്‍ കൊച്ചപ്പാപ്പനെ ഞാന്‍ ഒാര്‍ക്കുന്നു.
ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയുടെ സ്‌നേഹത്തിന്റെ കരുതലില്‍ ലോകം ക്രൈസ്‌തവരെ വീണ്ടും ക്രിസ്‌ത്യാനിയായി അംഗീകരിക്കുമ്പോള്‍, ഈ ക്രിസ്‌മസ്‌ ദിനത്തില്‍ ഞാനും ഓര്‍ക്കുകയാണ്‌ ഒരു നല്ല മാതൃക. എന്നെ ഈശോയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, ഒരു നല്ല ക്രിസ്‌ത്യാനി എങ്ങനെയായിരിക്കണമെന്ന്‌ എനിക്ക്‌ കാണിച്ചു തന്ന എന്റെ കൊച്ചപ്പാപ്പാനെ.