Breaking News

Trending right now:
Description
 
Dec 23, 2013

കേജ്‌രിവാള്‍ വാഴുമോ, വീഴ്‌ത്തുമോ?

GM Political Desk
image കേജ്‌രിവാള്‍ ഇന്നലെ വരെ ഭരണത്തിലേറാന്‍ മടി കാണിക്കുന്ന രാഷ്ട്രീയനേതാവായിരുന്നു. ജനങ്ങള്‍ നല്‌കിയ വിശ്വാസം വിനിയോഗിക്കാതെ കേജ്‌രിവാളും കൂട്ടരും ഒഴിഞ്ഞുമാറുന്നുവെന്ന്‌ എതിര്‍രാഷ്ട്രീയക്കാര്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, ഇന്ന്‌ ആം ആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന്‌ ഉറപ്പായപ്പോള്‍ അധികാരമോഹിയാണ്‌ കേജ്‌രിവാള്‍ എന്ന്‌ എതിരാളികള്‍ ഉറക്കെപ്പറയുന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ സമാപ്‌തിയാണ്‌ ഡല്‍ഹിയില്‍ കണ്ടത്‌. ഒരു വര്‍ഷത്തെ മാത്രം ചരിത്രവും ആറുമാസത്തെ മാത്രം അനുഭവപരിചയവുമായി ന്യൂനപക്ഷം എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ മുന്നിലുള്ള പാത എങ്ങനെയാകും? അത്‌ കല്ലും മുള്ളും നിറഞ്ഞതാകുമെന്നത്‌ ഉറപ്പ്‌. എന്നാല്‍, അതിനെ എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ്‌ ഏറ്റവും വലിയ ചോദ്യം. തെരുവുകളില്‍ അണികളെ ആവേശം കൊള്ളിച്ചു വിളിച്ചു പറഞ്ഞ വാഗ്‌ദാനങ്ങളില്‍ എത്രയെണ്ണം പാലിക്കാന്‍ കഴിയും എന്നതാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. രാഷ്ട്രീയഗോദായിലെ വിജയവും അധികാരത്തിലെ മികവും 'കടലും കടലാടിയും' പോലെ വ്യത്യാസമുണ്ടെന്നാണ്‌ രാഷ്ട്രീയരംഗത്തെ പ്രഗ്‌ത്ഭരുടെ അനുഭവപാഠം. ഉന്നതവിദ്യാഭ്യാസം നേടിയവരും വലിയ പദവികള്‍ വഹിച്ചവരും രാഷ്ട്രീയാധികാരത്തില്‍ അത്രകണ്ട്‌ ശോഭിച്ചിട്ടില്ല. 

Aam Aadmi Party leader Arvind Kejriwal

രാഷ്ട്രീയത്തിലെ അധികാരം എന്നത്‌ സത്യത്തില്‍ ഒരു ട്രപ്പീസ്‌ കളിയാണ്‌. ഉദ്യോഗസ്ഥരാകുന്ന ചരടിലൂടെയാണ്‌ ഭരണാധികാരിയാകുന്ന ട്രപ്പീസ്‌ കളിക്കാരന്‍ നീങ്ങേണ്ടത്‌. അണികള്‍ക്ക്‌ അസന്തുഷ്ടിയുണ്ടാകാതെ വേണം ഭരണം നടത്തണം. ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതെ അവരുടെ അപ്രീതിക്ക്‌ പാത്രമാകാതെ ഉത്തരവുകള്‍ നടപ്പാക്കാന്‍ കഴിയണം. വിശപ്പുമാറാത്ത കുട്ടികളുടേത്‌ പോലെയാണ്‌ പൊതുജനം. എന്തുകിട്ടിയാലും തൃപ്‌തിയാകാതെ അവര്‍ ഉറിയിലേയ്‌്‌ക്ക്‌ കൈചൂണ്ടും. ഇനിയും പോരട്ടെ എന്നതാണ്‌ അതിന്‌ അര്‍ത്ഥം.

ആം ആദ്‌മി പാര്‍ട്ടിയുടെ ഏറ്റവും വലിയ ബലഹീനതയായി പറയുന്നത്‌ അവര്‍ക്ക്‌ അനുഭവപരിചയമില്ല എന്നതുതന്നെയാണ്‌. അനുഭവസമ്പത്തുള്ളതല്ല നേതൃത്വം. അണികളും അങ്ങനെതന്നെയാണ്‌. ഇന്റര്‍നെറ്റിലും ഫേയ്‌സ്‌ബുക്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ആദര്‍ശങ്ങളെക്കുറിച്ച്‌ വായിച്ചറിഞ്ഞ്‌ അണികളായി എത്തിയവരാണ്‌ ഭൂരിഭാഗവും. ഇവരെ തൃപ്‌തിപ്പെടുത്തി നിര്‍ത്തുകയെന്നത്‌ അത്യന്തം ശ്രമകരമാണ്‌. സങ്കല്‍പ്പലോകത്ത്‌ ജീവിക്കുകയും ആദര്‍ശങ്ങളെ ആദര്‍ശങ്ങളായിത്തന്നെ കാണുകയും ചെയ്യുന്നതാണ്‌ ഇവരുടെ മാനസികാവസ്ഥ. അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പടലപോലെ പിരിയും. പറഞ്ഞ വാക്കുകള്‍ പാലിക്കുന്നില്ലെന്നു തോന്നുന്നിടത്ത്‌ അവര്‍ തിരിഞ്ഞു നടക്കും.

Supporters throw flower petals as Arvind Kejriwal, leader of Aam Aadmi Party, speaks as they celebrate the party's performance in Delhi state Assembly elections, in New Delhi on Sunday - AP

രാഷ്‌്‌ട്രീയരംഗത്തെ ഒരു വയസ്‌ എന്നത്‌ മനുഷ്യായുസിലെ ഒരു വയസുപോലെയേ ഉള്ളൂ. നാവു തിരിയാനും സ്വന്തം കാലില്‍ നില്‍ക്കാനും പ്രായമായിട്ടില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.

നിലവിലുള്ള ഭരണവ്യവസ്ഥകളെ പൊളിച്ചെഴുതുമെന്നാണ്‌ കേജ്‌രിവാളും മറ്റു നേതാക്കളും വിളിച്ചുപറഞ്ഞിരുന്നത്‌. ഇതില്‍ വിശ്വസിച്ചവരാണ്‌ കൂടെക്കൂടിയതും വോട്ട്‌ ചെയ്‌തതും. ആറു ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണവ്യവസ്ഥ മാറാത്തതെന്ത്‌ എന്നതിന്‌ ഇനിയും ഉത്തരമായിട്ടില്ല. നിശ്ചയദാര്‍ഡ്യമില്ല, അഴിമതിക്കാരാണ്‌ ഭരണംനടത്തുന്നത്‌ എന്നൊക്കെയാണ്‌ നാം സാധാരണ കേള്‍ക്കുന്ന മറുപടികള്‍. എന്നാല്‍, അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്നു പറഞ്ഞതുപോലെയാണ്‌ ഭരണവ്യവസ്ഥ എന്നത്‌ അതിനോട്‌ കടിച്ച്‌ പല്ലുപോയവര്‍ക്ക്‌ നന്നായറിയാം. വ്യക്തിതാത്‌പര്യങ്ങളും അഴിമതി മോഹങ്ങളും ഇല്ല എന്നതുകൊണ്ടുമാത്രം ഭരണയന്ത്രത്തെ ചലിപ്പിക്കാന്‍ കഴിയില്ല. ഭരണയന്ത്രം തുരുമ്പെടുത്തിരുന്നാല്‍ വാഗ്‌ദാനങ്ങളൊന്നും നടപ്പാകില്ല. അങ്ങനെ വരുമ്പോള്‍ എതിര്‍പ്പ്‌ ഭരണാധികാരികള്‍ക്കുനേരെ തിരിയും എന്നതു നേര്‌. എട്ടു കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ പിന്തുണയോടെയാണ്‌ ആം ആദ്‌മി പാര്‍ട്ടി ഭരിക്കേണ്ടത്‌. നിരുപാധികപിന്തുണയല്ല നല്‌കുന്നതെന്ന്‌ ഭരണത്തില്‍നിന്നു പുറത്തുപോയ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ പറഞ്ഞുകഴിഞ്ഞു. എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിന്‌ ഇഷ്ടപ്പെടാത്ത ഭരണം നടത്തിയാല്‍ അപ്പോള്‍ പിന്തുണ വേണ്ടെന്നു വയ്‌ക്കാം. അങ്ങനെ വന്നാല്‍, കേജ്‌രിവാളും കൂട്ടരും ന്യൂനപക്ഷമാകും. ഭരണം നിലനില്‍ത്താന്‍ പങ്കപ്പാട്‌ തന്നെ വേണ്ടിവരും.