Breaking News

Trending right now:
Description
 
Dec 22, 2013

ബത്‌ലഹേം ക്രിസ്‌മസിന്‌ ഒരുങ്ങി; പ്രാര്‍ഥനാ മന്ത്രങ്ങളുമായി തീര്‍ഥാടകപ്രവാഹം

image യേശുവിന്റെ ജനനംകൊണ്ടു പരിപാവനമായ പലസ്‌തീനിലെ പശ്ചിമതീര നഗരമായ ബത്‌ലഹേമും ലോകത്തിനൊപ്പം ക്രിസ്‌മസിന്‌ ഒരുങ്ങി. പലസ്‌തീന്‍-ഇസ്രായേലി സംഘര്‍ഷത്തിന്‌ അയവുവന്നത്‌ ഇക്കുറി ബത്‌ലഹേമിലെ ക്രിസ്‌മസ്‌ ആഘോഷം കൂടുതല്‍ മധുരതരമാക്കുന്നു. ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിനായി ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകര്‍ ബത്‌ലഹേമിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ക്രിസ്‌മസ്‌ തലേന്നു പരമ്പരാഗത ആചാരപ്രകാരം പലസ്‌തീന്‍ സൈന്യവും പലസ്‌തീന്‍ എന്‍സിസി കേഡറ്റുകളും ബത്‌ലഹേം വീഥികളിലൂടെ ബാന്‍ഡ്‌ മാര്‍ച്ച്‌ നടത്തും. 24ന്‌ നടക്കുന്ന പാതിരാ കുര്‍ബാനയില്‍ പലസ്‌തീന്‍ പ്രസിഡന്റ്‌ മഹമ്മൂദ്‌ അബ്ബാസ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒരാഴ്‌ചയായി കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണെങ്കിലും അതൊന്നും തീര്‍ഥാടകര്‍ക്കു തടസമാകുന്നില്ല. കരോള്‍ഗാനങ്ങളും ബാന്‍ഡ്‌ വാദ്യങ്ങളുമായി തിരുപ്പിറവി ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്ന തീര്‍ഥാടകസംഘങ്ങള്‍ നിരവധിയാണ്‌. തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി ഇക്കുറി ഇസ്രായേലിസര്‍ക്കാരും ബത്‌ലഹേമിലേക്കുള്ള തങ്ങളുടെ പ്രവേശനകവാടങ്ങളില്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ക്കു സഹായം നല്‍കുന്നതിനാണു സൈന്യത്തെ നിയോഗിച്ചിരിക്കുന്നതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. തിരുപ്പിറവി ദേവാലയ പരിസരത്തെ സുരക്ഷ നിര്‍വഹിക്കുന്നതു പലസ്‌തീന്‍ സൈനികരാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചെറു സൈനികസംഘങ്ങളും ഇവരെ സഹായിക്കുന്നു.

ഇത്തവണ ഡിസംബര്‍ ആദ്യംതന്നെ തിരുപ്പിറവി ദേവാലയ പരിസരത്തു കൂറ്റന്‍ ക്രിസ്‌മസ്‌ ട്രീയും മറ്റു വൈദ്യുതദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. 49 അടി ഉയരത്തിലുള്ളതാണു ക്രിസ്‌മസ്‌ ട്രീ. ക്രിസ്‌മസിനോടനുബന്ധിച്ച്‌ ഈയാഴ്‌ച ബത്‌ലഹേമില്‍ അഞ്ചു ലക്ഷം തീര്‍ഥാടകരെങ്കിലും എത്തുമെന്നാണു നിഗമനം. കഴിഞ്ഞ വര്‍ഷം ബത്‌ലഹേം സന്ദര്‍ശിക്കുന്നതിനായി 22 ലക്ഷം തീര്‍ഥാടകരെത്തിയെന്നാണു പലസ്‌തീന്‍ ടൂറിസം വകുപ്പിന്റെ കണക്ക്‌. 2011നെ അപേക്ഷിച്ച്‌ 18 ശതമാനമാണു കഴിഞ്ഞ വര്‍ഷം തീര്‍ഥാടകപ്രവാഹത്തില്‍ വര്‍ധനവുണ്ടായത്‌. ഈവര്‍ഷം ഡിസംബര്‍ ആദ്യ ആഴ്‌ചവരെയുള്ള കണക്കുപ്രകാരം 26 ലക്ഷം തീര്‍ഥാടകര്‍ ബത്‌ലഹേമിലെത്തി. ഡിസംബര്‍ ആദ്യം മുതല്‍ നിരവധി ലോകനേതാക്കളും ബത്‌ലഹേമിലെത്തി. ഏറ്റവുമൊടുവില്‍ രണ്ടുദിവസംമുമ്പ്‌ ചൈനീസ്‌ വിദേശകാര്യമന്ത്രി വാംഗ്‌ യിയും പ്രതിനിധിസംഘവുമാണു ദേവാലയത്തിലെത്തിയത്‌. യുനെസ്‌കോ ലോകപൈതൃക സ്‌മാരകങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ളതാണു തിരുപ്പിറവി ദേവാലയം. 27 ലക്ഷം ഡോളര്‍ ചെലവിട്ടു ദേവാലയത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്‌.