Breaking News

Trending right now:
Description
 
Dec 21, 2013

ദേവയാനി ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടുവെന്ന്‌ സഹോദരി ശര്‍മിഷ്‌ഠ

image അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിക്കു പിന്തുണയുമായി സഹോദരി ശര്‍മിഷ്‌ഠ ഖൊബ്രഗഡെ രംഗത്ത്‌. വീട്ടുവേലയ്‌ക്കായി നിന്നിരുന്ന സംഗീതയ്‌ക്ക്‌ മാസം 30,000 രൂപ ശമ്പളമായി ലഭിച്ചിരുന്നുവെന്നും അവര്‍ അതില്‍ സംതൃപ്‌തയാണെന്നും കുറിച്ചിട്ടിരിക്കുന്ന ഡയറിയുടെ പേജ്‌ ശര്‍മിഷ്‌ഠ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തു. ഇപ്പോള്‍ സംഗീത ദേവയാനിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്‌. വേതനത്തിനു പുറമെ ആവശ്യപ്പെടുമ്പോഴൊക്കെ പണം നല്‍കിയിരുന്നു. ഇന്ത്യയിലെ അക്കൗണ്ടിലേക്കു ശമ്പളം നല്‍കിയപ്പോള്‍ സംഗീതയുടെ ന്യൂയോര്‍ക്കിലെ അക്കൗണ്ടില്‍ കൂടുതലായി ലഭിക്കുന്ന പണം അവര്‍ തന്നെ നിക്ഷേപിച്ചിരുന്നു. എടിഎം രസീതുകള്‍ ഇതിനു തെളിവാണ്‌. രണ്ടു വലിയ മുറികളാണു സംഗീതയ്‌ക്കു നല്‍കിയിരുന്നത്‌. കുടുംബാംഗങ്ങള്‍ കഴിച്ചിരുന്ന അതേ ഭക്ഷണമായിരുന്നു സംഗീതയ്‌ക്കും. ദേവയാനിയുടെ രണ്ടു പെണ്‍കുട്ടികളെ നോക്കുന്ന ചുമതലയാണു പ്രധാനമായും സംഗീതയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. ഓരോ മാസവും വന്‍തുക തന്നെ പാരിതോഷികമായി നല്‍കിയിരുന്നു. എന്നാല്‍, ഇതിനു രസീത്‌ വാങ്ങിയിരുന്നില്ല. ഭാഗ്യത്തിന്‌ എടിഎം രസീതുകള്‍ തെളിവായിട്ടുണ്ട്‌. സംഗീതയ്‌ക്കു നല്‍കിയിരുന്ന മുറികളില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ടായിരുന്നു. പ്രത്യേകം വാതിലുമുണ്ടായിരുന്നു. എവിടെ വേണമെങ്കിലും പോകാന്‍ അനുമതിയും നല്‍കിയിരുന്നു. വീടിന്റെ താക്കോല്‍, മെട്രോ പാസ്‌, ടാക്‌സി പിടിക്കാന്‍ സൗകര്യം തുടങ്ങിയവയൊക്കെ അനുവദിച്ചു. ഇതൊക്കെ ദേവയാനിയുടെ ചെലവിലായിരുന്നുവെന്നു ശര്‍മിഷ്‌ഠ പറയുന്നു. ഇപ്പോഴത്തെ സംഭവങ്ങളില്‍ ദേവയാനി മൗനം പാലിക്കുന്ന സാഹചര്യത്തില്‍ അവരെ മറ്റുള്ളവരെ കുറ്റം പറയുന്നത്‌ ഒഴിവാക്കാനാണു താന്‍ സത്യം പറയുന്നതെന്നു ശര്‍മിഷ്‌ഠ വ്യക്‌തമാക്കി.