Breaking News

Trending right now:
Description
 
Dec 20, 2013

ഹൃദയ ശസ്‌ത്രക്രിയാ ചികിത്സയ്‌ക്ക്‌ പന്നിയുടെ ഹൃദയവാല്‍വ്‌

image പന്നിയുടെ ഹൃദയവാല്‍വുകള്‍ ഉപയോഗിച്ചു ഹൃദയ ശസ്‌ത്രക്രിയ നടത്തുന്ന പദ്ധതിക്കു മീറ്റ്‌ പ്രൊഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യയും (എംപിഐ) ചെന്നൈയിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ തെറാസിക്‌ ആന്‍ഡ്‌ വാസ്‌കുലര്‍ ഡിസീസസും ധാരണയിലെത്തി. കോട്ടയം കൂത്താട്ടുകുളത്തെ എംപിഐ ഫാമില്‍ കശാപ്പു ചെയ്യുന്ന പന്നികളുടെ ഹൃദയ വാല്‍വുകള്‍ സെന്ററിനു കൈമാറുമെന്നു മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. ശാസ്‌ത്രീയമായി കശാപ്പു ചെയ്യുന്ന പന്നിയുടെ ഹൃദയത്തിലെ പെരിക്കാര്‍ഡിയം, അയോര്‍ട്ട ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍, മൂത്രനാളം, ചെറുകുടലിന്റെ ഭാഗം എന്നിവ അണുവിമുക്തമാക്കി മനുഷ്യനില്‍ ഉപയോഗിക്കുന്ന പരീക്ഷണങ്ങള്‍ വിജയം കണ്ടിരുന്നു. വിഖ്യാത ഹൃദ്രോഗവിദഗ്‌ധന്‍ ഡോ.കെ.എം.ചെറിയാന്റെ നേതൃത്വത്തിലാണു പന്നിയുടെ ഹൃദയവാല്‍വുകള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതി നടപ്പാക്കുന്നത്‌. നിലവില്‍ വാല്‍വിനു തകരാറുള്ള ഹൃദ്രോഗികളില്‍ ചികിത്സ നടത്താന്‍ ഇറക്കുമതി ചെയ്‌ത സിന്തറ്റിക്‌ വാല്‍വുകളാണ്‌ ഉപയോഗിച്ചുവന്നിരുന്നത്‌. ഇതിന്‌ ഒന്നരലക്ഷത്തോളം രൂപ ചെലവുവരും. എന്നാല്‍ പന്നിയുടെ ഹൃദയവാല്‍വ്‌ ഉപയോഗിച്ചാല്‍ 40000 രൂപയേ ചെലവ്‌ വരൂ. കൃത്രിമമല്ലാത്തതിനാല്‍ സുരക്ഷിതത്വവും ഇതിനുണ്ട്‌. എംപിഐയില്‍ നാലായിരം പന്നികളെയാണു പ്രതിമാസം കശാപ്പു ചെയ്യുന്നത്‌. ഇവയുടെ ഹൃദയവാല്‍വുകള്‍ അണുവിമുക്തമാക്കി ചെന്നൈയിലേക്ക്‌ എത്തിക്കും. ഇതിനുള്ള ധാരണപത്രം ബന്ധപ്പെട്ടവര്‍ കൈമാറി.