Breaking News

Trending right now:
Description
 
Oct 26, 2012

മലയാളി ദമ്പതികള്‍ക്കെതിരേ പരാതി; ജര്‍മന്‍കാരി മുങ്ങി

image കൊച്ചി: എറണാകുളത്ത്‌ ജര്‍മന്‍ സിലബസില്‍ ഡെ കെയര്‍, പ്രീ സ്‌കൂള്‍, സ്‌കൂള്‍ എന്നിവ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായി ജര്‍മനിയില്‍ നിന്നു ക്ഷണിച്ചുവരുത്തിയ തന്നെയും ഭര്‍ത്താവിനെയും കബളിപ്പിച്ച്‌ മലയാളി ദമ്പതികള്‍ ആറു കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി എറണാകുളം പ്രസ്‌ ക്ലബില്‍ പത്രസമ്മേളനം നടത്തിയ ജര്‍മന്‍കാരി അനീറ്റ ഗുഹ ബ്രൗണ്‍ പറഞ്ഞതെല്ലാം കെട്ടുകഥയാണെന്നു തെളിയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ കളക്‌ടര്‍ക്കും സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കും മറ്റും പരാതി നല്‍കിയതായി പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഇത്തരം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌ കമ്മീഷണര്‍ ഓഫീസ്‌ സ്ഥിരീകരിച്ചു.

പരാതിക്കാര്‍ പത്രസമ്മേളനം നടത്തിയ ഉടന്‍ അപ്രത്യക്ഷരായതും ദുരൂഹത സൃഷ്ടിച്ചു. ജര്‍മന്‍ സിലബസ്‌ സ്‌കൂള്‍ നടത്തുന്നതിന്‌ ആവശ്യമായ ജര്‍മന്‍ ഗവണ്‍മെന്റ്‌ അംഗീകാരവും പ്രവൃത്തിപരിചയവുമുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ബയേണ്‍ മര്‍ക്കന്റൈല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ജോര്‍ജ്‌ തോമസിനെ സമീപിക്കുകയായിരുന്നു. അനീറ്റ ബ്രൗണ്‍ സെപ്‌റ്റംബര്‍ മൂന്നിനു റാഫേല്‍ ബ്രൗണിനൊപ്പം കൊച്ചിയില്‍ എത്തിയതിനുശേഷം നിര്‍ദിഷ്‌്‌ട സ്‌കൂളിന്റെ പേരില്‍ അനധികൃതമായി വിദേശ ഫണ്ടും ബാങ്ക്‌ വായ്‌പയും മറ്റും സംഘടിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനെത്തുടര്‍ന്ന്‌ അവരുടെ സേവനം ആവശ്യമില്ലെന്ന്‌ അറിയിച്ചതിന്റെ പ്രതികാരമായാണ്‌ ജര്‍മന്‍ ദമ്പതികള്‍ ആരോപണവുമായി പത്രസമ്മേളനം നടത്തിയതെന്ന്‌ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.

ജര്‍മന്‍ സ്‌കൂള്‍ പദ്ധതി അട്ടിമറിക്കാനും സ്‌കൂളിന്റെ മറവില്‍ വിദേശത്തു നിന്ന്‌ അനധികൃതമായി ഫണ്ട്‌ സ്വരൂപിക്കാനും ശ്രമിച്ച അനീറ്റ ബ്രൗണ്‍ തനിക്കും ഭാര്യയ്‌ക്കുമെതിരേ പത്രസമ്മേളനത്തിലൂടെ കള്ള പ്രചരണം നടത്തിയതിന്‌ അപകീര്‍ത്തി കേസിനു നിയമ നടപടി സ്വീകരിച്ചതായി ജോര്‍ജ്‌ തോമസ്‌ അറിയിച്ചു.