Breaking News

Trending right now:
Description
 
Dec 19, 2013

മണവാട്ടിക്ക്‌ സാരിയും ബ്ലൗസും ഡ്രസ്‌ കോഡ്‌: അനുകൂലിക്കുന്നവര്‍ ഏറെ

Vinod Mathai
image മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ മണവാട്ടിക്ക്‌ ഡ്രസ്‌ കോഡ്‌ ഏര്‍പ്പെടുത്തിക്കൊണ്ട്‌ പുറപ്പെടുവിച്ച നിബന്ധനകളെ ഭൂരിഭാഗവും സ്വാഗതം ചെയ്യുമ്പോള്‍ കടുത്ത എതിര്‍പ്പുമായി ന്യൂനപക്ഷം രംഗത്തെത്തി.

വിശ്വാസത്തിന്റെ കാര്യത്തെ ബാധിക്കുന്നതല്ല ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ വേഷവിധാനം എന്നതാണ്‌ എതിര്‍ക്കാന്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. വിദേശങ്ങളിലും മറ്റും ജോലി നോക്കുന്നവര്‍ക്ക്‌ വിവാഹഫോട്ടോകളുമായി തിരികെയെത്തുമ്പോള്‍ അഞ്ചുമീറ്റര്‍ സാരി ചുറ്റി പുതച്ചുമൂടി നില്‍ക്കുന്നത്‌ സഹപ്രവര്‍ത്തകര്‍ കൗതുകത്തോടെ നോക്കുമെന്നതാണ്‌ ഗൗണ്‍പോലെയുള്ള വേഷങ്ങള്‍ സ്വീകരിക്കാന്‍ കാരണമെന്ന്‌ ന്യൂജേഴ്‌സില്‍നിന്നുള്ള മാത്യു തോമസ്‌ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. ഇന്ത്യയെന്നാല്‍ ആനകളുടെയും പാമ്പാട്ടികളുടെയും നാടാണെന്ന വിശ്വാസം പുലര്‍ത്തുന്ന ഒട്ടേറെ വിദേശീയരുണ്ട്‌. ആധുനിക കാലത്ത്‌ ജീവിക്കുമ്പോള്‍ മോഡേണ്‍ വസ്‌ത്രങ്ങള്‍ അണിയുന്നതില്‍ തെറ്റൊന്നുമില്ലെന്നും സഭ്യതയുടെ അതിരു കടക്കുന്ന വിവാഹവസ്‌ത്രങ്ങള്‍ കേരളത്തില്‍ ആരും അണിയുമെന്നു തോന്നുന്നില്ലെന്നും മാത്യു പറഞ്ഞു.

ചില വിവാഹത്തിന്‌ പോകുമ്പോള്‍ പെണ്‍കുട്ടിയുടെ ഇറുകിപ്പിടിച്ച ഗൗണ്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന്‌ പിറവത്തെ വീട്ടമ്മയായ ജെസി പറഞ്ഞു. നല്ല ശരീരവടിവും ഇടയൊതുക്കവും നല്ല ഉയരവുമുള്ളവര്‍ക്ക്‌ ഗൗണ്‍ ഒരു പക്ഷേ, ചേരുമായിരിക്കും. എന്നു കരുതി നല്ല തടിച്ച മണവാട്ടികള്‍ ഇറക്കിവെട്ടിയ കഴുത്തും സ്‌ട്രാപ്‌ ലെസ്‌ ഗൗണുമണിഞ്ഞ്‌ വിവാഹത്തിന്‌ എത്തുന്നത്‌ വേഷം കെട്ടിയ മാതിരിയാണ്‌ തോന്നാറ്‌. രണ്ടുമൂന്നു മീററര്‍ നീളത്തില്‍ ഒഴുകിക്കിടക്കുന്ന ഗൗണ്‍ ഫോട്ടോകളില്‍ ഭംഗിയായിരിക്കാം. എന്നാല്‍, കേരളം പോലെയുള്ള പ്രദേശങ്ങളില്‍ മണ്ണും ചെളിയും പറ്റാതെ കാത്തുസൂക്ഷിക്കുന്നതുതന്നെ വലിയ പ്രയാസമാണെന്ന്‌ ജെസി അഭിപ്രായപ്പെട്ടു. പള്ളിയിലെ പവിത്രത കാത്തുസൂക്ഷിക്കാന്‍ പുതിയ നിബന്ധനകള്‍ നല്ലതാണെന്ന്‌ മെല്‍ബണില്‍ നഴ്‌സായ ജീന പോള്‍ പറഞ്ഞു. ചില മാമ്മോദീസാ ചടങ്ങുകള്‍ക്കു പോലും നാലും അഞ്ചു ഫോട്ടോഗ്രാഫര്‍മാരും ഒരു കൂട്ടം മൊബൈല്‍ പടംപിടുത്തക്കാരും കൂട്ടയോട്ടം നടത്തുന്നതാണ്‌ ഈയിടെയായി നാട്ടില്‍ കാണുന്ന രീതി. എല്ലാവരേയും പിടിച്ചുനിര്‍ത്തി പടംപിടിക്കുന്നതിന്റെ തിരക്കില്‍ സ്വകാര്യ ചടങ്ങുകളുടെ ഭംഗി തന്നെ നശിച്ചുപോകുന്നുവെന്നാണ്‌ ജീനയുടെ പരാതി. നിയമം മൂലം വിശ്വാസികളെ തളച്ചിടാന്‍ ശ്രമിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്ന്‌ കോട്ടയം വാരിശേരി സ്വദേശിയായ സോനു അഭിപ്രായപ്പെട്ടു. മറ്റു സഭകളൊന്നും ഇക്കാര്യത്തില്‍ വാശി കാണിക്കുന്നില്ല. വിശ്വാസമെന്നത്‌ ഹൃദയത്തില്‍നിന്ന്‌ വരേണ്ടതാണെന്നും സോനു പറഞ്ഞു. മണവാട്ടിമാര്‍ക്ക്‌ സാരിയും ബ്ലൗസും നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭ പുറപ്പെടുവിച്ച നിബന്ധനകളെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഗ്ലോബല്‍ മലയാളം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടേറെപ്പേരാണ്‌ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്‌.

മണവാട്ടിമാര്‍ക്കുള്ള ഈ പുതിയ നിബന്ധനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായമെന്താണ്‌. തുറന്നെഴുതുക. 

ഓര്‍ത്തഡോക്‌സ്‌ സഭയില്‍ വധുക്കള്‍ക്ക്‌ സാരിയും ബ്ലൗസും മാത്രമേ അനുവദിക്കൂ, തോഴിയും വിശ്വാസിയായിരിക്കണം