Breaking News

Trending right now:
Description
 
Dec 19, 2013

ദേവയാനിയുടെ അറസ്‌റ്റ്‌: അപമാനിച്ചതില്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു

ഡിപ്ലോമാറ്റിക്‌ സുരക്ഷയ്‌ക്കായി ഐക്യരാഷ്ട്രസഭയിലേയ്‌ക്ക്‌ നിയമിച്ചു
image ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി കോബ്രഗഡെയെ അറസ്‌റ്റ്‌ ചെയ്‌ത്‌ അപമാനിച്ച സംഭവത്തില്‍ ഒടുവില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ സ്റ്റേററ്‌ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ്‌ ഖേദപ്രകടനം നടത്തിയത്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാന്‍ ഈ ഒറ്റപ്പെട്ട സംഭവം ഇടയാക്കരുതെന്ന്‌ കെറി അഭ്യര്‍ത്ഥിച്ചു. ദേവയാനിയുടെ പ്രായത്തിലുള്ള പെണ്‍മക്കള്‍ തനിക്കുണ്ടെന്നും അവരുടെ അറസ്റ്റിന്റെ പേരില്‍ ഇന്ത്യയിലുണ്ടായ പ്രത്യാഘാതത്തെക്കുറിച്ച്‌ ബോധ്യമുണ്ടെന്നും കെറി പറഞ്ഞു. ദേവയാനിയുടെ അറസ്റ്റ്‌ ക്രിമിനല്‍ കുറ്റത്തിന്റെ പേരിലാണെന്നും അതിനെ നയതന്ത്രകാര്യവുമായി കൂട്ടിക്കുഴയ്‌ക്കേ്‌ണ്ടെന്നുമായിരുന്നു ഇന്നലെ രാവിലെ വരെ അമേരിക്കയുടെ നിലപാട്‌.

ഇതിനിടെ മുഴുവന്‍ ഡിപ്ലോമാറ്റിക്‌ സുരക്ഷ ലഭിക്കുന്നതിനായി ദേവയാനിയെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം സ്ഥിരാംഗമായി ഇന്ത്യ നിയമിച്ചു. കോണ്‍സുലാര്‍ മിഷനിലെ ജോലിക്കാരി എന്ന നിലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുമാത്രമാണ്‌ ഇതുവരെ ദേവയാനിക്ക്‌ സംരക്ഷണമുണ്ടായിരുന്നത്‌. യുഎന്‍ മിഷനില്‍ എത്തിയതോടെ ഡിപ്ലോമാറ്റിനുള്ള മുഴുവന്‍ സംരക്ഷണവും ലഭിക്കും.

ദേവയാനിയെ അമേരിക്ക അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ഇന്ത്യ ആരോപിച്ചു. ദേവയാനിയുടെ വീട്ടുവേലക്കാരിയുടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും അമേരിക്കന്‍ വിസ ലഭ്യമാക്കി രണ്ടു ദിവസത്തിനുശേഷമായിരുന്നു ഇന്ത്യന്‍ ഡിപ്ലോമാറ്റിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വീട്ടുവേലക്കാരി മുങ്ങിനടന്നതിനെത്തുടര്‍ന്ന്‌ ഇവരെ ഇന്ത്യയിലേയ്‌ക്ക്‌ അയയ്‌ക്കണമെന്ന്‌ നേരത്തെതന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു ചെവിക്കൊള്ളാതെ ദേവയാനിക്കു നേരെ ക്രിമിനല്‍ കുറ്റം ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യാനാണ്‌ അമേരിക്ക തുനിഞ്ഞത്‌.

ഡിപ്ലോമാറ്റിന്റെ അറസ്‌റ്റിനെതിരേ ഇന്ത്യ കടുത്ത പ്രതികരണമാണ്‌ നടത്തിയത്‌. ദേവയാനിയെ പരസ്യമായി അറസ്റ്റ്‌ ചെയ്‌തു വിലങ്ങണിയിച്ച സംഭവം രാജ്യത്തോടുള്ള അവഹേളനമാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രതികരിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥയെ പരിശോധനക്കായി നഗ്‌നയാക്കിയത്‌ അപലപനീയമാണെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ യുഎസ്‌ എംബസിയ്‌ക്ക്‌ ഇന്ത്യ സ്വയമേവ നല്‌കിയിരുന്ന അധിക സംരക്ഷണമെല്ലാം എടുത്തുകളഞ്ഞിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇന്ത്യയിലെത്തിയപ്പോള്‍ അവരെ കാണാന്‍ മന്ത്രിമാരോ സ്‌പീക്കറോ മറ്റ്‌ രാഷ്ട്രീയ നേതാക്കളോ കൂട്ടാക്കിയതോ ഇല്ല.