Breaking News

Trending right now:
Description
 
Dec 18, 2013

ദേവയാനിയെ അറസ്‌റ്റുചെയ്‌തതിലും വിവസ്‌ത്രയാക്കി പരിശോധിച്ചതിലും ഇന്ത്യ കടുത്ത പ്രതിരോധത്തില്‍, സുരക്ഷ ഉറപ്പാക്കണമെന്ന്‌ അമേരിക്ക

Evana Peter
image ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡയെ ന്യൂയോര്‍ക്കില്‍ പരസ്യമായി അറസ്റ്റ്‌ ചെയ്‌തു വിലങ്ങണിയിച്ചു കോടതിയില്‍ ഹാജരാക്കിയതിനും വിവസ്‌ത്രയാക്കി പരിശോധിച്ചതിനുമെതിരേ ഇന്ത്യ കൈകൊണ്ട നടപടികള്‍ക്കെതിരേ അമേരിക്ക രംഗത്ത്‌. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയൊന്നും പാടില്ലെന്നാണ്‌ അമേരിക്ക ഇന്ത്യയെ അറിയിച്ചത്‌.

വിയന്ന കണ്‍വന്‍ഷനിലെ വ്യവസ്ഥകള്‍ ഇന്ത്യ പാലിച്ചേ തീരു എന്ന്‌ യുഎസ്‌ വിദേശകാര്യമന്ത്രാലയ വക്താവ്‌ മേരി ഹാര്‍ഫ്‌ പറഞ്ഞു. ഇരുകൂട്ടരും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറല്ല എന്നത്‌ വ്യക്തമാക്കുന്നതാണ്‌ ഈ പ്രതികരണം.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെ വാങ്ങാനും യുഎസ്‌ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന വിമാനത്താവള പാസുകള്‍ തിരിച്ചേല്‍പ്പിക്കാനും ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ന്യൂഡല്‍ഹിയിലെ യുഎസ്‌ എംബസിയ്‌ക്ക്‌ അതീവ സുരക്ഷ നല്‌കുന്നതിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഇന്നലെ നീക്കംചെയ്‌തു. തീവ്രവാദികള്‍ ഏറ്റവുമധികം ലക്ഷ്യമിടുന്ന കേന്ദ്രങ്ങളൊന്നാണ്‌ അമേരിക്കന്‍ എംബസികള്‍. ഇവയ്‌ക്ക്‌ ഇന്ത്യ ഒരുക്കിയിരുന്ന അധിക സുരക്ഷയാണ്‌ ഇതോടെ ഇല്ലാതായത്‌. എന്നാല്‍, സാധാരണഗതിയില്‍ എംബസികളെ സംരക്ഷിക്കും. എംബസി കോംപൗണ്ടിനുള്ളിലെ സുരക്ഷയുടെ ചുമതല അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ്‌. 



ഇന്ത്യയിലെ യുഎസ്‌ സ്‌കൂളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ അധ്യാപകരുടെ പ്രതിഫലം, വീസ കരാറുകള്‍, ബാങ്ക്‌ അക്കൗണ്‌ടുകള്‍, ഇന്ത്യയിലെ യുഎസ്‌ കോണ്‍സുലേറ്റുകളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും അവരുടെ സഹായികള്‍ക്കും നല്‍കുന്ന പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ അറിയിക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു.



യുഎസ്‌ എംബസിയിലേക്കു മദ്യം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രത്യേക പെര്‍മിറ്റും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്‌.