Breaking News

Trending right now:
Description
 
Dec 18, 2013

ഡോക്ടര്‍മാര്‍ക്ക്‌ ഇനി പടി കൊടുക്കില്ലെന്ന്‌ മരുന്നുകമ്പനി

image തങ്ങളുടെ ഔഷധ ഉത്‌പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ പടി കൊടുക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്താന്‍ ആഗോള മരുന്നു നിര്‍മാണ കമ്പനിയായ ഗ്ലാക്‌സോ സ്‌മിത്ത്‌ക്ലൈന്‍ തീരുമാനിച്ചു. ഇതുകൂടാതെ മാര്‍ക്കറ്റിംഗ്‌ സ്റ്റാഫിന്‌ സെയില്‍സ്‌ ടാര്‍ഗറ്റ്‌ നല്‍കുന്ന പരിപാടിയും അവസാനിപ്പിക്കും. വിപണന രംഗത്ത്‌ നടക്കുന്ന അനധികൃത ഇടപാടുകളും വിവാദങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ തീരുമാനം. വൈദ്യ ശാസ്‌ത്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന്‌ ഡോക്‌ടര്‍മാര്‍ക്കു പണം നല്‍കുന്ന നടപടിയും നിര്‍ത്തും. ചൈനയില്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ അനധികൃത ഇടപാടുകള്‍ അധികൃതര്‍ തടഞ്ഞ സാഹചര്യത്തിലാണ്‌ പുതിയ സമീപനം സ്വീകരിക്കാന്‍ ഒരുങ്ങിയത്‌. മരുന്നുകളുടെ വിപണനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോടിക്കണക്കിനു രൂപ ഗ്ലാക്‌സോ ഒഴുക്കിവിടുന്നതായി ചൈനീസ്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. ഡോക്‌ടര്‍മാര്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും കൈക്കൂലി നല്‍കാനാണ്‌ പണം കൂടുതല്‍ ചെലവഴിച്ചത്‌. ഇത്തരം നടപടികള്‍ ഗ്ലാക്‌സോ മാത്രമല്ല മറ്റു ബഹുരാഷ്‌ട്ര കമ്പനികളും അവലംബിക്കുന്നുണ്ട്‌. ഇതിനെതിരേ കഴിഞ്ഞ കുറെ നാളുകളായി ലോകമെമ്പാടും വന്‍വിമര്‍ശനം ഉയര്‍ന്നുവരുകയാണ്‌. ഗ്ലാക്‌സോയുടെ പുതിയ തീരുമാനം മറ്റു കമ്പനികളെയും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നു കരുതുന്നു. അമേരിക്കയില്‍ ഈ രീതിയില്‍ വന്‍ക്രമക്കേടുകളാണു നടന്നുവരുന്നത്‌.