Breaking News

Trending right now:
Description
 
Dec 17, 2013

സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ മൊബൈല്‍ ഫോണില്‍ എസ്‌ഒഎസ്‌ അലെര്‍ട്ട്‌ ബട്ടണ്‍

image സ്‌ത്രീകളുടെ അപകടാവസ്ഥയില്‍ എത്രയും വേഗം പൊലീസിന്റെ സേവനം ലഭ്യമാകാന്‍ മൊബൈല്‍ ഫോണുകളില്‍ എസ്‌ഒഎസ്‌ അലെര്‍ട്ട്‌ ബട്ടണുകള്‍ ഏര്‍പ്പെടുത്തുമെന്നു ധനമന്ത്രി പി. ചിദംബരം. സ്‌ത്രീശാക്തീകരണത്തിനായി വകയിരുത്തിയ 1000 കോടി രൂപയുടെ നിര്‍ഭയ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയിനുകളില്‍ എസ്‌ഒഎസ്‌ അലെര്‍ട്ട്‌ സിസ്റ്റവും ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റവും (ജിപിഎസ്‌) പൊതുഗതാഗത വാഹനങ്ങളില്‍ സിസിടിവിയും സ്ഥാപിക്കുന്നതിന്‌ നിര്‍ഭയ ഫണ്ട്‌ ഉപയോഗിക്കുമെന്നു ചിദംബരം പറഞ്ഞു. ആഭ്യന്തരം, റെയില്‍വേ, ഗതാഗതം മന്ത്രാലയങ്ങള്‍ പ്രത്യേകം കാബിനറ്റ്‌ നോട്ട്‌ തയാറാക്കി സമര്‍പ്പിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഡല്‍ഹി കൂട്ടമാനഭംഗം കഴിഞ്ഞിട്ട്‌ ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. സൗത്ത്‌ ഡല്‍ഹിയില്‍ തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ച ബസിനുള്ളില്‍വച്ച്‌ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറു പേര്‍ ചേര്‍ന്ന്‌ അതിക്രൂരമായി കൂട്ടമാനഭംഗം ചെയ്യുകയും മൃതപ്രായയാക്കി റോഡിലേക്കു വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പിന്നീട്‌ സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലേക്കു ചികിത്സയ്‌ക്കായി സര്‍ക്കാര്‍ മാറ്റിയെങ്കിലും 29നു മരിച്ചു. ഡല്‍ഹി പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി ഇന്നലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രാര്‍ഥനായോഗങ്ങളും തെരുവുനാടകങ്ങളും സംഗീതപരിപാടികളും നടന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തു. തങ്ങള്‍ക്ക്‌ ഇപ്പോഴും നീതി ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുള്‍പ്പെടെ എല്ലാവര്‍ക്കും വധശിക്ഷ നല്‌കണമെന്നു പെണ്‍കുട്ടിയുടെ പിതാവ്‌ ആവശ്യപ്പെട്ടു.