Breaking News

Trending right now:
Description
 
Oct 25, 2012

മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 8 പുറത്തിറക്കി

image കൊച്ചി: മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റം വിന്‍ഡോസ്‌ 8 ഇന്ത്യക്കൊപ്പം ലോകമെങ്ങും വിപണിയിലെത്തി. ഒക്ടോബര്‍ 26 വെള്ളിയാഴ്‌ച മുതല്‍ ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക്‌ വിന്‍ഡോസ്‌ 8 സര്‍ട്ടിഫൈഡ്‌ പിസികളിലും ടാബ്‌ലറ്റുകളിലും വിന്‍ഡോസ്‌ 8 -ന്റെ മനോഹരമായ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സും വിന്‍ഡോസ്‌ സ്‌റ്റോറിലൂടെ ആപ്‌സുകളുടെ വിപുലമായ നിരയും അനുഭവിച്ചറിയാം.

എയ്‌സര്‍, അസൂസ്‌, ഡെല്‍, ഫുജിട്‌സു, എച്ച്‌സിഎല്‍, ഹ്യൂലറ്റ്‌ പക്കാര്‍ഡ്‌, ലെനോവോ, ആര്‍പി ഇന്‍ഫോ സിസ്‌റ്റംസ്‌, സായ്‌ ഇന്‍ഫോ സിസ്‌റ്റം, സാംസങ്‌, സോണി, തോഷിബ, വിപ്രോ, സെനിത്ത്‌ കംപ്യൂട്ടേഴ്‌സ്‌ എന്നിങ്ങനെ 14 ഒഇഎം പങ്കാളികളില്‍നിന്ന്‌ വിന്‍ഡോസ്‌ 8 പിസികളും ടാബ്‌ലറ്റുകളും സ്വന്തമാക്കാം. ടാബ്‌ലറ്റുകള്‍, ഹൈബ്രിഡുകള്‍, ലാപ്‌ടോപ്പുകള്‍, അള്‍ട്രാബുക്കുകള്‍, ടച്ച്‌, നോണ്‍ടച്ച്‌ ഡിവൈസുകള്‍ എന്നിവയിലെല്ലാം വിന്‍ഡോസ്‌ 8 ലഭ്യമാകും. ഇന്ത്യയില്‍ വിന്‍ഡോസ്‌ 8ല്‍ പ്രവര്‍ത്തിക്കുന്ന 250-ല്‍ അധികം ഡിവൈസുകളാണ്‌ നൂറിലധികം നഗരങ്ങളിലായി 2500-ല്‍ അധികം റീട്ടെയ്‌ല്‍ സ്റ്റോറുകളില്‍നിന്നും ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാവുക.

റീഇമാജിന്‍ഡ്‌ വിന്‍ഡോസാണ്‌ ലോകത്തിനായി മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 8-ലൂടെ പുറത്തിറക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക്‌ പറഞ്ഞു. ടാബ്‌ലറ്റോ പിസിയോ ഏതുമാകട്ടെ, ജോലി ചെയ്യുന്നതിനോ കളിക്കുന്നതിനോ എന്തിനുമായിക്കോട്ടെ വിന്‍ഡോസ്‌ 8 നിങ്ങളുടെ സവിശേഷമായ ശൈലിക്കും ആവശ്യത്തിനും അനുസരിച്ചുള്ള വ്യക്തിപരമായ അനുഭവമൊരുക്കുമെന്ന്‌ പ്രമാണിക്‌ ചൂണ്ടിക്കാട്ടി. വളരെ സവിശേഷമായ സ്‌റ്റാര്‍ട്ട്‌ സ്‌ക്രീനാണ്‌ വിന്‍ഡോസ്‌ 8 ന്റേത്‌. കണ്ടന്റും അപ്പഴപ്പോഴുള്ള അപ്‌ഡേറ്റുമുള്ള വിന്‍ഡോസ്‌ 8 സ്വാഭാവികമായി ക്ലൗഡ്‌ കണക്ടഡ്‌ ആണ്‌. ഒരിക്കല്‍ വിന്‍ഡോസ്‌ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്‌താല്‍ മെയില്‍, കലണ്ടര്‍, കോണ്ടാക്ട്‌, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവിധ ഡിവൈസുകളില്‍നിന്നായി ലഭ്യമാകും.

ഫുള്‍ സ്‌ക്രീന്‍ ബ്രൗസിംഗ്‌ അനുഭവം ലഭ്യമാക്കാന്‍ ടച്ച്‌ റെഡി റീഇമാജിന്‍ഡ്‌ ബ്രൗസര്‍- ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ 10 ആണ്‌ വിന്‍ഡോസ്‌ 8-നൊപ്പമുള്ളത്‌. വിന്‍ഡോസ്‌ 8, വിന്‍ഡോസ്‌ 8 പ്രോ എന്നിങ്ങനെ രണ്ട്‌ വിന്‍ഡോസ്‌ 8 വേര്‍ഷനുകളാണ്‌ വിപണിയിലെത്തുന്നത്‌. മൈക്രോസോഫ്‌റ്റിന്റെ സോഫ്‌റ്റ്‌വെയര്‍ അഷ്വറന്‍സ്‌ പദ്ധതിയില്‍ പങ്കാളികളായ ബിസിനസ്‌ ഉപയോക്‌താക്കള്‍ക്ക്‌ വിന്‍ഡോസ്‌ 8 എന്റര്‍പ്രൈസ്‌ ഏറെ പുതിയ സാധ്യതകള്‍ തുറന്നുതരും.

വിന്‍ഡോസ്‌ ടു ഗോ, ഡയറക്ട്‌ അക്‌സസ്‌ ബ്രാഞ്ച്‌കാഷ്‌ എന്നീ മൊബൈല്‍ പ്രൊഡക്‌ടിവിറ്റി ഫീച്ചറുകള്‍ക്കു പുറമെ ബിറ്റ്‌ ലോക്കര്‍, ആപ്‌ലോക്കര്‍ എന്നീ സുരക്ഷാ ഫീച്ചറുകളും ലഭ്യമാകും. എആര്‍എം-അടിസ്ഥാനമാക്കിയുള്ള ടാബ്‌ലറ്റുകള്‍ക്കായി ഡിസൈന്‍ ചെയ്‌ത വിന്‍ഡോസ്‌ ആര്‍ടി വേര്‍ഷന്‍ ഡിവൈസുകളില്‍ പ്രീഇന്‍സ്റ്റോള്‍ ചെയ്‌ത്‌ ലഭ്യമാക്കും. വിന്‍ഡോസ്‌ 8നൊപ്പം വിന്‍ഡോസ്‌ സ്‌റ്റോര്‍ തുറക്കുന്നതോടെ ആഗോളതലത്തിലും പ്രാദേശികമായും ലഭ്യമായ ആപ്‌സ്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും. ഇന്ത്യയില്‍ ഭാരത്‌ മാട്രിമണി, ബിഗ്‌ഫ്‌ളിക്‌സ്‌, ബുക്ക്‌മൈഷോ, ബുക്ക്‌ യുവര്‍ ടേബിള്‍, ബര്‍പ്‌, ദിംഗാന, ഫാസ്റ്റ്‌ട്രാക്ക്‌ ടീസ്‌, ഫ്‌ളൈറ്റ്‌ എംപി3, ഗോഐബിബോ, ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഐസിഐസിഐ ബാങ്ക്‌ ഐമൊബൈല്‍, ഐസിഐസി ഡയറക്ട്‌, ജസ്‌റ്റ്‌ഈറ്റ്‌, മേക്ക്‌മൈട്രിപ്‌ എക്‌സ്‌പ്ലോര്‍, മാപ്‌മൈഇന്ത്യ, മൈ എയര്‍ടെല്‍, എന്‍ഡിടിവി പ്ലേ, പിവിആര്‍ സിനിമാസ്‌, ടര്‍ല ദലാല്‍, ടൈംസ്‌ ഓഫ്‌ ഇന്ത്യ, യാഹൂ ക്രിക്കറ്റ്‌, സോവി എന്നിങ്ങനെ സൗജന്യമായും പണം നല്‌കിയും വൈവിധ്യമാര്‍ന്ന ഒട്ടേറെ ആപ്‌സുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാം.

നിലവിലുളള പിസി ഉപയോക്താക്കള്‍ക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്‌. 2012 ജൂണ്‍ രണ്ടു മുതല്‍ 2013 ജനുവരി 31 വരെ വിന്‍ഡോസ്‌ എക്‌സ്‌പി, വിന്‍ഡോസ്‌ വിസ്‌ത, വിന്‍ഡോസ്‌ 7 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക്‌ 1999 രൂപയ്‌ക്ക്‌ വിന്‍ഡോസ്‌ 8 പ്രോ ഡൗണ്‍ലോഡ്‌ ചെയ്യാം. 2012 ജൂണ്‍ രണ്ടു മുതല്‍ ജനുവരി 31, 2013 വരെ വിന്‍ഡോസ്‌ 7 പിസി വാങ്ങിയവര്‍ക്ക്‌ 699 രൂപയ്‌ക്ക്‌ വിന്‍ഡോസ്‌ 8 ഡൗണ്‍ലോഡ്‌ ചെയ്യാം. www.windowsupgradeoffer.com എന്ന വെബ്‌സൈറ്റിലുള്ള വിന്‍ഡോസ്‌ അപ്‌ഗ്രേഡ്‌ ഓഫര്‍ ഉപയോഗിച്ചാണ്‌ ഡൗണ്‍ലോഡ്‌ സാധ്യമാകുന്നത്‌.