Breaking News

Trending right now:
Description
 
Dec 14, 2013

വിജിഷിന്‌ അപകടം സംഭവിച്ചത്‌ മദ്യപിച്ചു പൂളില്‍ ചാടിയതുമൂലം: കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി

image വിജീഷ്‌ എന്ന പതിനേഴുകാരനായ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ വീഗാലാന്റില്‍ വച്ചു സ്‌പൈനല്‍ കോഡിനു പരുക്കേറ്റത്‌ മദ്യപിച്ചു പൂളില്‍ ചാടിയതുമൂലമെന്നു കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയുടെ പോസ്‌റ്റ്‌. സഞ്ചാര സ്വാതന്ത്യം നിഷേധിച്ചു ക്ലിഫ്‌ ഹൗസിനു മുമ്പില്‍ ഉപരോധം നടത്തിയ ഇടതുപക്ഷ സമരത്തിനു നേരെ സന്ധ്യ എന്ന വീട്ടമ്മ നടത്തിയ പ്രതിഷേധം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ധീരമായി പ്രതിഷേധിച്ച വീട്ടമ്മയ്‌ക്ക്‌ കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയയില്‍ കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളിക്കു നേരെ വ്യാപകമായ പ്രതിഷേധം ഇരമ്പി.

വിജിഷ്‌ വിജയന്‍ എന്ന യുവാവിനു വിഗാലാന്റിലെ പൂളില്‍ വച്ചു അപകടം സംഭവിച്ചിട്ടും വെറും 60,000 രൂപ മാത്രമാണ്‌ നല്‌കിയതെന്നും പബ്ലിസിറ്റിക്കു വേണ്ടിയാണു കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി പണം നല്‌കിയതെന്നുമായിരുന്നു ആരോപണം. പ്രാഞ്ചിയേട്ടന്‍ എന്ന ആക്ഷേപിക്കുന്ന പോസ്‌റ്ററുകളാണ്‌ ഫെയ്‌സ്‌ബുക്കില്‍ വ്യാപകമായിരുന്നു.

അതിനെ തുടര്‍ന്നാണ്‌ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി തന്റെ ടൈം ലൈനില്‍ പോസ്‌റ്റ്‌ ഇട്ടത്‌. 2012 ജൂണില്‍ വിജിഷ്‌ വിജയന്റെ വിഷയം വ്യക്തമാക്കി ഇട്ട സ്‌റ്റാറ്റസ്‌ പുതുക്കി ഇട്ടതാണ്‌ ഇന്നത്തെ പോസ്‌റ്റ്‌. രണ്ടടി മാത്രം ആഴമുള്ള ഫാമിലി പൂളിലാണ്‌ വിജീഷ്‌ ചാടിയതെന്ന്‌ കൊച്ചൗസേഫ്‌ പറയുന്നു.

മദ്യപിച്ചു എത്തിയ വിജീഷും സുഹൃത്തുക്കളും ഡൈവിങ്ങ്‌ നിരോധിച്ച ഫാമിലി പൂളിലേക്ക്‌ സെക്ക്യൂരിറ്റി ജീവനക്കാരുടെ വിലക്ക്‌ ലംഘിച്ചു ചാടുകയായിരുന്നു. പരുക്കേറ്റ വിജീഷിന്‌ ഫസ്റ്റ്‌ എയ്‌ഡ്‌ വിഗാലാന്റില്‍ നല്‌കി. എന്നാല്‍ സുഹൃത്തുക്കള്‍ പാര്‍ക്കിംഗ്‌ ഏരിയയിലെ കാറില്‍ വിജീഷിനെ കിടത്തിയതിനു ശേഷം വീണ്ടും കളികളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പോസ്‌റ്റില്‍ വ്യക്തമാക്കുന്നു. പിന്നീട്‌ ആശുപത്രിയില്‍ വച്ച്‌ ഇയാളുടെ പരുക്ക്‌ സ്‌പൈനല്‍ കോഡിനാണെന്നു തിരിച്ചറിഞ്ഞ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി വീട്ടുകാരുടെ ആവശ്യം മാനിച്ചു മാനേജ്‌മെന്റിന്റെ കുറ്റമല്ലാഞ്ഞിട്ടും സഹായം എത്തിക്കുകയായിരുന്നുവെന്നും പോസ്‌റ്റില്‍ പറയുന്നു.

വിജീഷിന്റെ അച്ഛന്‍ പീന്നീട്‌ കോടതിയെ സമീപിച്ചു ക്രിമിനല്‍ കേസ്‌ നല്‌കിയിരുന്നു. എന്നാല്‍, തന്റെ പക്കല്‍ തെറ്റൊന്നും ഇല്ലെന്ന്‌ പോലീസ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കി. പിന്നീട്‌, നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വിജീഷിന്റെ 2007-ല്‍ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി നല്‌കി. ഇത്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. ഇതാണ്‌ സത്യമെന്ന്‌ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.