Breaking News

Trending right now:
Description
 
Dec 14, 2013

കളരിയുടെ പെരുമയുമായി കടല്‍ കടന്ന്‌ അനീഷ്‌ തയ്യില്‍ സിഡ്‌നിയില്‍

ഇ.എസ്‌. ജിജിമോള്‍
image മനസും ശരീരവും പതറുന്ന പുരുഷന്മാര്‍ക്കു നേരെ കരുത്തു നേടാനും നേരിടാനും കേരളത്തിലെ സ്‌ത്രീകള്‍ വൈദേശിക ആയോധനമുറകളായ കരാട്ടെയും കുങ്‌ഫുവും പഠിക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം മണ്ണില്‍നിന്ന്‌ കടല്‍ കടന്ന്‌ ഓസ്‌ട്രേലിയയില്‍ കളരിയുടെ പെരുമ അറിഞ്ഞു തുടങ്ങിയ വിദേശികളെ കളരി പഠിപ്പിക്കുകയാണ്‌ അനീഷ്‌.

കേരളത്തിന്റെ പൈതൃക കലയാണ്‌ കളരി. കളരിപ്പയറ്റില്‍ വൈദഗ്‌ധ്യം നേടിയ യോദ്ധാക്കളാണ്‌ യുദ്ധങ്ങള്‍ നയിച്ചിരുന്നത്‌. കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായിരുന്ന കളരിയുടെ മാഹാത്മ്യം പാടി നടന്നിരുന്ന പാണന്റെ പാട്ടുകള്‍ ഇന്നത്തെ പുതു തലമുറയ്‌ക്ക്‌ അന്യമാണ്‌. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ കളരിപ്പയറ്റു പോലെയുള്ള ആയോധന കലകള്‍ക്ക്‌ വലിയ സാധ്യതകളാണ്‌ ഇന്നെന്ന്‌ കളരിപ്പയറ്റില്‍ ഇരുപതു വര്‍ഷമായി പഠനവും പരിശീലനവും നല്‌കുന്ന അനീഷ്‌ വ്യക്തമാക്കി. നാലു തവണ കളരിപ്പയറ്റില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു അനീഷ്‌. വേള്‍ഡ്‌ കളരിപ്പയറ്റ്‌ ഫെഡറേഷന്റെ ഔദ്യോഗിക പ്രതിനിധി കൂടിയാണ്‌ കോട്ടയം സ്വദേശിയായ അനീഷ്‌ തയ്യില്‍.

മധ്യതിരുവിതാംകൂറില്‍ കളരിപയറ്റില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പണിക്കര്‍ കുടുംബത്തിലാണ്‌ അനീഷ്‌ ജനിച്ചത്‌. വടക്കന്‍ കളരിമുറകള്‍ തെക്കന്‍ കളരിമുറകളുമായി സംയോജിപ്പിച്ച്‌ തെക്കന്‍ തുളുനാടന്‍ സ്റ്റൈല്‍ വികസിപ്പിച്ചെടുത്തത്‌ പണിക്കര്‍ കുടുംബമാണ്‌.കേരളത്തിലെ വിവിധ കളരിമുറകളില്‍ പരിശീലനം നേടിയിട്ടുള്ള അനീഷ്‌ മധ്യ കേരളത്തില്‍ അത്ര പരിചിതമല്ലാത്ത മുറകള്‍ കണ്ടെത്തി വൈദഗ്‌ധ്യം നേടിയിട്ടുണ്ട്‌.

കളരിപയറ്റ്‌, അടി മുറൈ, തെക്കന്‍ തുളുനാടന്‍, പാരതുളു, ഇടനാട്‌ മുച്ചുവട്‌, എന്നിവ കൂടാതെ സിദ്ധമര്‍മ്മം, മര്‍മമുറ കളരി ചികിത്സ തുടങ്ങിയവിലും വൈദഗ്‌ധ്യം നേടിയിട്ടുണ്ട്‌.


പരിശീലനവും ശില്‍പ്പശാലയും സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളുമാണ്‌ ഓസ്‌ട്രേലിയന്‍ കളരി സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നത്‌. കളരി അഭ്യസിക്കുന്നതിലൂടെ യൗവനം നിലനിര്‍ത്താമെന്നാണ്‌ ശാസ്‌ത്രം. വ്യായാമം, രോഗ പ്രതിരോധശേഷി, മാനസികബലം, സ്വഭാവരൂപീകരണം എന്നിവ കളരിയുടെ നേട്ടങ്ങളാണ്‌ പരമ്പരാഗത വടക്കന്‍ കളരി കുട്ടികളുടെ ബുദ്ധിയെ ഉണര്‍ത്തുന്നു. ശരീരത്തെയും മനസിനെയും കൂട്ടിയിണക്കുന്നതിനും കളരി സഹായിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും പഠിക്കാന്‍ സാധിക്കുന്ന കളരിയാണ്‌ തെക്കന്‍ കളരി; കരാട്ടെയോട്‌ ഏറെ സാമ്യമുണ്ട്‌ ഈ കളരിക്ക്‌. കോംബാറ്റ്‌ കളരി എന്നത്‌ നവീകരിച്ച കളരിമുറകളാണ്‌. പ്രധാനമായും പ്രതിരോധത്തില്‍ ഊന്നിയതാണ്‌ ഈ കളരി വിദ്യകള്‍. ഇന്ന്‌ വിദേശീയരാണ്‌ കളരിയിലേക്ക്‌ കൂടുതലായി ആകര്‍ഷിച്ച്‌ എത്തുന്നത്‌. മാനസികവും ശാരീരികവുമായ നിയന്ത്രണത്തിനും യൗവനം നിലനിര്‍ത്താനും ആധുനിക ജീവിതത്തില്‍ കളരിക്ക്‌ ഏറെ സ്ഥാനം ഉണ്ടെന്ന്‌ മനസിലാക്കിയാണ്‌ വിദേശീയര്‍ ഇന്ന്‌ കളരി പഠിക്കാന്‍ എത്തുന്നത്‌. വാസ്‌തുശാസ്‌ത്രവും ശരീരശാസ്‌ത്രവും മര്‍മ്മ ശാസ്‌ത്രവും ഔഷധശാസ്‌ത്രവും ഉള്‍പ്പെടുന്ന കലകൂടിയാണ്‌ കളരിയെന്ന്‌ അനീഷ്‌ പറഞ്ഞു. സന്ധി വേദനകളാണ്‌ ആധുനിക ജീവിതരീതികളുടെ നേട്ടം. ഈ വേദനകളെ പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കുവാനും കളരിക്ക്‌ സാധിക്കും. ചൈന. കൊറിയ, ജര്‍മ്മനി, ജപ്പാന്‍ ഉള്‍പ്പെടെയുള്ള നൂറിലേറെ രാജ്യങ്ങളാണ്‌ കളരിയെ പ്രോത്സാഹിപ്പിക്കുന്നത്‌. കളരിപ്പയറ്റ്‌ മത്സരങ്ങളെ ഒളിമ്പിക്‌സ്‌ ഇനമായി അംഗീകരിക്കാന്‍ ഇന്ത്യന്‍ 
സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അനീഷ്‌ പറഞ്ഞു. 


പെന്‍റിത്ത്‌ സൗത്തിലെ എമറാള്‍ഡ്‌ മാരിറ്റല്‍ അക്കാദമിയില്‍ അനീഷ്‌ തയ്യില്‍ നടത്തുന്ന കളരിപയറ്റ്‌ വര്‍ക്ക്‌ ഷോപ്പ്‌ ജനുവരി 18ന്‌ ശനിയാഴ്‌ച വൈകുന്നേരം 4.30ന്‌ നടക്കുന്നതായിരിക്കും. പെന്റിത്ത്‌ കേന്ദ്രീകരിച്ച്‌ കളരിപയറ്റ്‌ പരിശീലന കളരിയും ഉടന്‍ തന്നെ ആരംഭിക്കും. സോഷ്യല്‍ വര്‍ക്കറായ ഭാര്യ ജാസ്‌മിന്‍ ഭര്‍ത്താവിന്‌ എല്ലാവിധ പിന്തുണയും നല്‌കി ഒപ്പം ഉണ്ട്‌. ഏകമകന്‍ റയാന്‍

കൂടുതല്‍ കളരി വിശേഷങ്ങള്‍ അനീഷില്‍ നിന്ന്‌ നേരിട്ടു അറിയണമെന്നുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍ (02) 4722 8800, മൊബൈല്‍ നമ്പര്‍: 0415432679. ഇമെയില്‍: anishkalari@yahoo.com 

കളരിപയറ്റ്‌ കണ്ടു ആസ്വദിക്കാന്‍ താല്‌പര്യമുള്ളവര്‍ താഴെ പറയുന്ന മേല്‍വിലാസത്തില് എത്തിച്ചേരുക 
Merald Dragon Martial arts Academy, Unit 4, 14 Penrith Street, Penrith South, NSW 2750