Breaking News

Trending right now:
Description
 
Dec 13, 2013

സ്‌ക്കൂട്ടര്‍ ഇല്ലാത്ത യാത്രക്കാരികള്‍ക്ക്‌ നാളെ പ്രതികരിക്കാം, അഞ്ചു ലക്ഷം രൂപ ലഭിക്കും

image സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളില്ലാത്ത മഹിള മണികളും മണിയന്‍സും വായിക്കുക. ചിലപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നതു വലിയൊരു ഭാഗ്യദേവതയാകാം.

നിങ്ങള്‍ ഒരു സ്ഥിരം ബസ്‌ യാത്രക്കാരിയാണോ, ഏതെങ്കിലും ഓണംകേറമൂലയിലെ ഒരു സ്വകാര്യ ബസ്‌ മാത്രമുള്ള പ്രദ്ദേശത്തെ വനിതകള്‍ക്കു മുന്‍ഗണന. നാളെ നേരം പരാ പരാ വെളുക്കുമ്പോള്‍ നിങ്ങളറിയുന്നു സ്വകാര്യ ബസ്‌ സമരം. കൃത്യ സമയത്ത്‌ ബസ്‌ സ്റ്റോപ്പില്‍ എത്തുക. അതിനു ശേഷം പ്രതികരിക്കാം. നാളെ പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യമാണ്‌ സ്വകാര്യ ബസ്‌ മുതലാളിമാര്‍ തടയുവാന്‍ പോകുന്നത്‌.

ബസ്‌ സമരം നടത്തുന്ന മുതലാളി പെട്രോള്‍ കാശു പോലും ലഭിക്കാന്‍ വകയില്ലാതെ സൗജന്യമായാണ്‌ ഇത്രയും ദിവസമായി നിങ്ങളെ കൊണ്ടു പോയതെന്നൊക്കെ പറയും, നിങ്ങള്‍ അലിയരുത്‌. കാരണം വലിയൊരു തുകയാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌. വേണമെങ്കില്‍ ബസിനിട്ട്‌ രണ്ടു ഇടി, മൂന്നു ചവിട്ട്‌ എന്നിവ കൃത്യം അനുപാതത്തില്‍ ചേര്‍ത്തു നല്‌കുക. കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയെ പോലെ കരളുറപ്പുള്ള ഏതെങ്കിലും മുതലാളി നിങ്ങളെ ഏറ്റെടുത്താലോ ? കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി.

സന്ധ്യ എന്ന സ്‌ത്രീ കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ രാഷ്ട്രീയമായി കാണാതെ നോക്കിയാല്‍ ഒരു സാധാരണ സ്‌ത്രീയുടെ പ്രതികരണമായി വിലയിരുത്താം. ഇന്ന്‌ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി സമ്മാന തുക പ്രഖ്യാപിച്ചതോടെ ആ വിഷയത്തിന്‌ രാഷ്ട്രീയ മാനം വന്നു. ആക്രോശത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഇന്നലെ സ്‌കൂട്ടറില്‍ എത്തിയ സ്‌ത്രീ ഹെല്‍മറ്റ്‌ ധരിക്കാതെ നിയമ ലംഘനം നടത്തിക്കൊണ്ടാണ്‌ സമരക്കാര്‍ക്കു നേരെ ആക്രോശിച്ചതെന്നുമായി സോഷ്യല്‍ മീഡിയ അവലോകനം.

ഇന്നലെ ഈ സ്‌ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചവരാണ്‌ ഇന്ന്‌ അവര്‍ക്കു നേരെ സംഘടിച്ചിരിക്കുന്നത്‌. സോളാര്‍ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ അതിലെ വന്‍ അഴിമതികളെക്കുറിച്ച്‌ ചിന്തയില്ലാത്ത സമരം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രം ചിന്തിക്കുന്ന ഒരു സാധാരണക്കാരി മാത്രമാണ്‌ അവര്‍. എങ്കിലും അവരുടെ പ്രതികരണം സര്‍ക്കാരിനെയും സമരക്കാരെയും ഒന്നുപ്പോലെ പുനര്‍ചിന്ത നടത്താന്‍ പ്രേരണ നല്‌കി.

എങ്കിലും സന്ധ്യമാര്‍ അറിയണം ചിലതൊക്കെ.

സരിത എന്ന സ്‌ത്രീ കോടികളുടെ വെട്ടിപ്പു നടത്തി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ ലക്ഷങ്ങള്‍ നല്‌കി കടം വീട്ടുന്ന കാഴ്‌ച കാണുമ്പോള്‍ ഉള്ളില്‍ ഈ സംവിധാനങ്ങളോട്‌ വിയോജിപ്പുള്ള സ്‌ത്രീകള്‍ കേരളത്തിലുണ്ട്‌. എവിടെ നിന്ന്‌ കാല്‍ക്കാശിനു വകയില്ലാതെ ജയിലില്‍ കിടക്കുന്ന സരിതയ്‌ക്ക്‌ പണം കിട്ടി എന്നു ആത്മ രോക്ഷം കൊള്ളുന്നവര്‍. കാരണം, ഇരുപതിനായിരം രൂപ കാര്‍ഷിക വായ്‌പ മേടിച്ചത്‌ തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ പ്രതിനിധികളുടെ ആത്മ രോക്ഷമാണ്‌ ഇടതുപക്ഷം പങ്കുവച്ചതെന്ന്‌ ചിന്തിക്കുന്നതെങ്കിലും നല്ലതാണ്‌.

പാര്‍ട്ടിവല്‍ക്കരിക്കപ്പെട്ട കേരള രാഷ്ട്രീയത്തിലെ ചില സമരങ്ങളോട്‌ അസ്വാരസ്യമുള്ള ചിറ്റിലപ്പള്ളിയെ പോലെയുള്ളവരുടെ പ്രതികരണങ്ങള്‍ കൂടുതല്‍ പക്വതയോടെയാകുന്നതാണ്‌ നല്ലത്‌. കാരണം സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ അപമാനകരമെന്നും എവിടെ നിന്നാണ്‌ ഈ തട്ടിപ്പുകാരിക്ക്‌ പണമെന്നും ചോദിച്ചത്‌ കോടതിയാണ്‌. അങ്ങനെ സാമൂഹിക വിഷയത്തില്‍ ഇടപ്പെട്ടു നടത്തുന്ന സമരം പൊതു ജനത്തിന്‌ യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന വെറു പൊറാട്ടു നാടകമായി ചിത്രീകരിക്കാന്‍ പ്രഖ്യാപിച്ച വലിയ സമ്മാന തുക കേരള ജനതയെ അപമാനിക്കലാണ്‌. സന്ധ്യ എന്ന വീട്ടമ്മയുടെ ആത്മ രോക്ഷത്തെ പരിഹസിക്കലാണ്‌.

കാരണം വാട്ടര്‍ തീം പാര്‍ക്കില്‍ അപകടം സംഭവിച്ച്‌ ജിവിതം തന്നെ നഷ്ടപ്പെട്ടു വീല്‍ചെയറില്‍ അഭയം പ്രാപിച്ച ഒരു യുവാവിന്റെ കണ്ണുനീര്‍ ചിറ്റിലപ്പള്ളി തുടച്ചില്ല. പതിനൊന്നു വര്‍ഷമായി മരുന്നും മന്ത്രവുമായി ആശുപത്രി കിടക്കയില്‍ അഭയം പ്രാപിച്ച ആ യുവാവിനുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍.